തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രസിദ്ധ തത്വചിന്തകനും സാമൂഹ്യ വിമര്‍ശകനുമായ നോം ചോംസ്‌കി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങള്‍ ആരായാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരള ഡയലോഗ് എന്ന തുടര്‍സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചോംസ്‌കി.
കേരളത്തെപ്പോലെ വളരെ കുറച്ച് സ്ഥലങ്ങളേ ഈ രീതിയില്‍ കോവിഡിനെ നേരിട്ടിട്ടുള്ളൂ. യു.എസ്സിന്റെ ആക്രമണത്തില്‍ ശിഥിലമായ വിയറ്റ്‌നാമും മികച്ച രീതിയില്‍ ഈ മഹാമാരിയെ നേരിട്ടു. വിയറ്റ്‌നാമില്‍ ഒരു മരണം പോലും ഉണ്ടായിട്ടില്ല. ഓര്‍ക്കേണ്ടത് ചൈനയുമായി 1400 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് വിയറ്റ്‌നാം എന്നതാണ്.
സൗത്ത് കൊറിയയും സമര്‍ത്ഥമായാണ് ഈ മഹാമാരിയെ നിയന്ത്രിച്ച് നിര്‍ത്തിയത്. അവിടെ ലോക്ഡൗണ്‍ പോലും വേണ്ടിവന്നില്ല. തായ് വാനും ഈ രോഗത്തെ പിടിച്ചുകെട്ടി. ഹോങ്കോങ്ങിലും നാം അത് കണ്ടു. ന്യൂസിലാന്റ് ആകട്ടെ ഈ രോഗത്തെ തുടച്ചുനീക്കി. എന്നാല്‍ അമേരിക്കയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു.
യൂറോപ്യന്‍ യൂണിയനെയെടുത്താല്‍ ജര്‍മനിയാണ് ഒരുവിധം നല്ല രീതിയില്‍ ഈ രോഗത്തെ പ്രതിരോധിച്ചത്. അമേരിക്കയിലെപ്പോലെ വാണിജ്യാടിസ്ഥാനത്തിലുള്ള ആശുപത്രി സംവിധാനം ജര്‍മനി സ്വീകരിച്ചില്ല എന്നതാണ് അവര്‍ക്ക് രക്ഷയായത്. അമേരിക്കയില്‍ ആശുപത്രികളെന്നാല്‍ വെറും കച്ചവടമാണ്. കച്ചവടമാകുമ്പോള്‍ കരുതലായി കൂടുതല്‍ ബെഡ്ഡുകള്‍ ഉണ്ടാവില്ല. കാരണം ഒരു ബെഡ്ഡിനു പോലും അധികമായി കാശ് കളയാന്‍ കച്ചവടക്കാര്‍ തയ്യാറാവില്ല. ഈ സാഹചര്യത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതൊരു ദുരന്തമാകും.
ജര്‍മനി നവഉദാരവത്ക്കരണം തന്നെയാണ് സ്വീകരിച്ചത്. പക്ഷേ അവര്‍ അമേരിക്കയെ പോലെ തീവ്രഉദാരവത്ക്കരണത്തിലേക്കോ ലിബറല്‍ ഭ്രാന്തിലേക്കോ പോയിട്ടില്ല. അതുകൊണ്ട് അവരുടെ നില അത്ര ഗുരുതരമായില്ല. ഈ മഹാമാരി വലിയ മനുഷ്യക്കെടുതി ഉണ്ടാക്കിയ രാജ്യമാണ് ഇറ്റലി. എന്നാല്‍, ജര്‍മന്‍ ഡോക്ടര്‍മാര്‍ അവരെ സഹായിക്കാന്‍ പോകുന്നത് നമ്മളാരും കണ്ടില്ല. ഇറ്റലിയും യൂറോപ്യന്‍ യൂണിയനിലെ അംഗമാണ്. നമ്മളെന്താണ് കണ്ടത്? ആറ് പതിറ്റാണ്ടിലേറെയായി അമേരിക്കയുടെ സാമ്പത്തിക ആക്രമണത്തിന് ഇരയാകുന്ന പാവം ക്യൂബയിലെ ഡോക്ടര്‍മാരാണ് ഇറ്റലിയിലേക്ക് പോയത്. ഇറ്റലിയില്‍ മാത്രമല്ല, ക്യൂബയിലെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ മറ്റു രാജ്യങ്ങളിലേക്കെല്ലാം പോയി. ഇതുകണ്ടപ്പോള്‍ നമ്മുടെ 'ലിബറല്‍ മാധ്യമങ്ങള്‍' എന്താണ് പറഞ്ഞത്? 'ഏകാധിപത്യ ക്യൂബ അവരുടെ ഡോക്ടര്‍മാരെ മറ്റു രാജ്യങ്ങളിലേക്ക് നിര്‍ബന്ധിച്ച് തള്ളിവിടുന്നു.' ഇതാണ് നമ്മുടെ ലിബറല്‍ പ്രസ്സ്.
ലോകത്തിലെ അസാധാരണമായ അസമത്വം കൂടുതല്‍ തെളിച്ചത്തോടെ കാണിക്കാന്‍ കോവിഡ് മഹാമാരിക്ക് കഴിഞ്ഞു. അമേരിക്കയില്‍ അത് ഏറ്റവുമധികം പ്രകടമായി. അമേരിക്കയുടെ വംശീയ സ്വഭാവം ഒന്നുകൂടി തുറന്നു കാണിക്കപ്പെട്ടു. 40 വര്‍ഷത്തെ ഉദാരവത്ക്കരണം കഴിഞ്ഞപ്പോള്‍ 0.1 ശതമാനം ആളുകള്‍ 20 ശതമാനം സമ്പത്ത് കയ്യടക്കിവച്ചിരിക്കുന്നു. കറുത്തവരും സ്‌പെയിനില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും വന്നവരുടെ പിന്‍മുറക്കാരുമാണ് അമേരിക്കയില്‍ ഏറ്റവുമധികം ദുരിതം ഈ വേളയില്‍ അനുഭവിച്ചത്. ഒരു തരത്തില്‍ ഡൊണാള്‍ഡ് ട്രംപ് പാവപ്പെട്ട കറുത്തവര്‍ഗ്ഗക്കാരെ കൊല്ലുകയാണ്.
കോവിഡ് മഹാമാരി അവസാനിക്കുമ്പോള്‍ ലോകത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് നിലവിലുള്ള അവസ്ഥ തുടരാനും കൂടുതല്‍ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ നിരീക്ഷിക്കുന്ന രീതിയിലേക്കും പോകാനുമാണ് അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ചോംസ്‌കി പറഞ്ഞു. എന്നാല്‍, ഇതിനെ പ്രതിരോധിക്കാനുള്ള പ്രസ്ഥാനങ്ങള്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്നുണ്ട്. ഇത് ഏകോപിപ്പിച്ചാല്‍ വലിയൊരു ശക്തിയാകും. അവര്‍ക്ക് മാറ്റങ്ങള്‍ വരുത്താനാകും. പ്രോഗ്രസ്സീവ് ഇന്റര്‍നാഷണല്‍ എന്നൊരു പ്രസ്ഥാനം തന്നെ ഇപ്പോള്‍ ഉദയം ചെയ്തിട്ടുണ്ട്. ഇവരെല്ലാം പുതിയൊരു ലോകം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് നോം ചോംസ്‌കി പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates