കണ്ണൂർ: ദേശീയ ചരിത്ര കോൺഗ്രസിന്‍റെ ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം. ഉദ്ഘാടന പ്രസംഗത്തിനിടെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ഗവർണർ പരാമർശങ്ങൾ നടത്തിയപ്പോൾ സദസിൽ നിന്നും പ്രതിഷേധമുയരുകയായിരുന്നു. കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളിൽ ചിലരാണ് പ്രതിഷേധവുമായി എഴുന്നേറ്റത്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള നിലപാട് താൻ ആവർത്തിക്കുകയാണെന്നും എന്നാൽ ഇക്കാര്യത്തിൽ ചർച്ചകൾ നടക്കണമെന്നും ഗവർണർ പ്രസംഗത്തിനിടെ പറഞ്ഞു. ചർച്ചകളും സംവാദങ്ങളും ഇല്ലാതെ ജനാധിപത്യം മുന്നോട്ടുപോവില്ല. ചർച്ചകൾക്കുള്ള അവസരങ്ങൾ ഇല്ലാതാക്കി അക്രമമാർഗത്തിൽ മുന്നോട്ടുപോവുന്നതിനെ ഗവർണർ വിമർശിച്ചു. ഇതിനിടെ ഏതാനും പ്രതിനിധികൾ പ്രതിഷേധവുമായി ഷെയിം ഷെയിം വിളി ഉയർത്തുകയായിരുന്നു.
ജെഎൻയു-അലീഗഢ് സർവകലാശാലകളിൽ നിന്നെത്തിയ പ്രതിനിധികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാർ പൗരത്വ നിയമത്തിനെതിരായ പ്ലക്കാർഡുകളുമുയർത്തി. ഇതോടെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ വേദിക്ക് പുറത്തേക്ക് മാറ്റുകയായിരുന്നു. വേദിയിൽ ഉണ്ടായിരുന്ന ജനപ്രതിനിധികൾ എത്തി അക്രമം നടത്തരുതെന്ന് സമരക്കാരോടും പൊലീസിനോടും ആവശ്യട്ടു. പ്രതിഷേിച്ച നാലു പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ബഹളത്തിനിടെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ വേദി വിടുകയായിരുന്നു.
നേരത്തെ, കണ്ണൂർ സർവകലാശാലയ്ക്കുള്ള മാർഗമധ്യേ ഗവര്‍ണര്‍ക്കെതിരെ കെഎസ് യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. താവക്കരയില്‍വെച്ച് ഇദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് കരിങ്കൊടിയുമായി പ്രവര്‍ത്തര്‍ എത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates