Kerala

'ചാകാന്‍ നോക്കുമ്പോള്‍ അമ്മ മാത്രം മരിച്ചാല്‍ ഞാന്‍ ഒറ്റയ്ക്കാകും, ഞാന്‍ മരിച്ചാല്‍ അമ്മയും ഒറ്റയ്ക്കാകും'

സംഭവത്തിന് തലേന്ന് വീട്ടില്‍ വഴക്കുണ്ടായിരുന്നതായി ഭര്‍ത്താവ് ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ബാങ്ക് വായ്പ മുടങ്ങിയതും ഗാര്‍ഹിക പീഡനവുമെല്ലാം ലേഖയെയും മകള്‍ വൈഷ്ണവിയെയും മാനസികമായി അലട്ടിയിരുന്നെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. വീട് വില്‍പ്പന മുടങ്ങിയതിനാല്‍ പണം ശരിയായില്ലെന്നും, രാവിലെ ഇതേച്ചൊല്ലി വീട്ടില്‍ തര്‍ക്കം ഉണ്ടായതായും ലേഖ പറഞ്ഞതായി സഹോദരി ബിന്ദുവിന്റെ ഭര്‍ത്താവ് ദേവരാജന്‍ പറഞ്ഞു.

ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ ദിവസം ലേഖ, 'ഞങ്ങളുടെ പ്രേതമേ ഇനി കാണൂ' എന്ന് പറഞ്ഞതായി സമീപവാസിയായ ശാന്ത വെളിപ്പെടുത്തി. ആത്മഹത്യ ചെയ്യുമെന്ന സൂചന മകള്‍ വൈഷ്ണവിയുമായും ലേഖ പങ്കുവെച്ചിരുന്നു. 'ചാകാന്‍ നോക്കുമ്പോള്‍ അമ്മ മാത്രം മരിച്ചാല്‍ ഞാന്‍ ഒറ്റയ്ക്കാകും, ഞാന്‍ മരിച്ചാല്‍ അമ്മയും ഒറ്റയ്ക്കാകും' എന്ന് വൈഷ്ണവി പറഞ്ഞതായും ലേഖ ശാന്തയോട് പറഞ്ഞിരുന്നു. 

സ്ത്രീധനം കുറഞ്ഞുപോയതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ലേഖക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പീഡനത്തെത്തുടര്‍ന്ന് ലേഖ ആത്മഹത്യക്ക് തുനിഞ്ഞെന്നും സഹോദരി ബിന്ദു വെളിപ്പെടുത്തി. വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ ലേഖയെ ഒരു മന്ത്രവാദിയുടെ അടുത്താണെത്തിച്ചത്. ഇവിടെ നിന്ന് ലേഖയുടെ അച്ഛന്‍ ഷണ്‍മുഖനും കുടുംബവും അരുമാനൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചികിത്സിച്ച ശേഷം ഒത്തുതീര്‍പ്പിലെത്തി തിരികെ ചന്ദ്രന്റെ വീട്ടിലേക്ക് വിടുകയായിരുന്നു. 

സ്ത്രീധനത്തില്‍ 50,000 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. ഇത് പിന്നീട് ലേഖയുടെ കുടുംബം നല്‍കുകയും ചെയ്‌തെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ദേവരാജന്‍ പറയുന്നു. സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ചന്ദ്രന്‍ ലേഖയെ വിവാഹം കഴിച്ചത്. എന്നാല്‍  വിവാഹശേഷം ഇതേച്ചൊല്ലി കൃഷ്ണമ്മ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. 

അതിനിടെ സംഭവത്തിന് തലേന്ന് വീട്ടില്‍ വഴക്കുണ്ടായിരുന്നതായി ഭര്‍ത്താവ് ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി. വഴക്കിടിനിടെ ലേഖയോട് പോയി ചാകാന്‍ പറഞ്ഞതായും ചന്ദ്രന്‍ പറഞ്ഞു. സംഭവത്തിന് സമീപദിവസം വീട്ടില്‍ മന്ത്രവാദവും പൂജയും നടത്തിയിരുന്നു. വീട് വില്‍പ്പന മുടക്കാന്‍ വേണ്ടിയായിരുന്നു പൂജ നടത്തിയതെന്നും ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

ലേഖയുടെയും വൈഷ്ണവിയുടെയും ആത്മഹത്യയില്‍, ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ നാലുപേരെയും നെയ്യാറ്റിന്‍കര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT