Kerala

ചിലരെ വിട്ടുകളഞ്ഞത് നേര്; പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കാന്‍ നിന്നില്ല; വിമര്‍ശിക്കുന്നവര്‍ക്ക് ചരിത്രം അറിയില്ല: സിപിഐയ്ക്ക് എതിരെ പിണറായി

ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷത്തില്‍ മുന്‍ മുഖ്യമന്ത്രി സി അച്യുത മേനോന്റെ പേര് പരാമര്‍ശിക്കാതിരുന്നതിനെ വിമര്‍ശിച്ച സിപിഐയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷത്തില്‍ മുന്‍ മുഖ്യമന്ത്രി സി അച്യുത മേനോന്റെ പേര് പരാമര്‍ശിക്കാതിരുന്നതിനെ വിമര്‍ശിച്ച സിപിഐയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ വിമര്‍ശിക്കുന്നവര്‍ ചരിത്രമറിയാത്തവരാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്തോ മഹാപരാധം ചെയ്തു എന്ന തരത്തിലാണ് പ്രചാരണം. പ്രസംഗത്തില്‍ ചിലരെ വിട്ടുകളഞ്ഞു എന്നത് ശരിയാണ്. പ്രസംഗിച്ചത് തന്റെ ഔചിത്യ ബോധം അനുസരിച്ചാണെന്നും അത് മനസ്സിലാക്കാനുള്ള വിവേകം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഖിലേന്ത്യ കര്‍ഷ തൊഴിലാളി യൂണിയന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


'എന്തായിരുന്നു നമ്മുടെ നാട്, എങ്ങനെയാണ് ഇന്ന് കാണുന്ന, നമുക്കെല്ലാം അഭിമാനിക്കാന്‍ പറ്റുന്ന തരത്തിലായി അത് മാറിയത്, ആ ചരിത്രം സാവകാശം ഇരുന്ന് വായിച്ചു പഠിച്ചു മനസ്സിലാക്കിയാല്‍ അത്തരമൊരു ആക്ഷേപം ഉന്നയിക്കാനെ കഴിയില്ല'.- പിണറായി പറഞ്ഞു. 

'ആ യോഗത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് വലിയ തോതില്‍ പറഞ്ഞില്ല. കാരണം അതൊരു ഔദ്യോഗിക പരിപാടിയായിരുന്നു. എല്ലാവരും പങ്കെടുത്ത  പരിപാടി. ഇഎംഎസും ഗൗരിവയമ്മയും എല്ലാം എന്റെ സംഭാഷണത്തില്‍ കടന്നുവന്നു. അതെന്റെ ഔചിത്യബോധം. ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്തിരുന്നുകൊണ്ട് മറ്റൊരാള്‍ക്ക് മുറിവേല്‍ക്കുന്ന തരത്തില്‍ സംസാരിക്കണ്ട എന്ന് കരുതിയാണ്. അത് മനസ്സിലാക്കണമെങ്കില്‍ അതിനുള്ള വിവേകം ഇത് പ്രചരിപ്പിച്ചവര്‍ക്ക് ഉണ്ടാകണമായിരുന്നു. അതില്ലെങ്കില്‍ പരിതപിച്ചിട്ടേ കാര്യമുള്ളു'.- പിണറായി പറഞ്ഞു.

'പിന്നെ, മറ്റു ചിലരെ ഞാന്‍ വിട്ടുകളഞ്ഞു എന്നാണ്. അതും ശരിയാണ്. അവരെ പേര് പറഞ്ഞ് ആക്ഷേപിക്കാന്‍ നിന്നില്ല. 1959ല്‍ ഇഎംഎസ് സര്‍ക്കാരാണ് കാര്‍ഷികബദ്ധ ബില്ല് പാസാക്കിയത്. അടുത്ത നാളുകളില്‍ ആ സര്‍ക്കാരിനെ പിരിച്ചുവിട്ട തീയതിയും മാസവും വര്‍ഷവും എല്ലാം ഞാന്‍ പറഞ്ഞു. അതിന് ശേഷം ഇവിടെ ഗവണ്‍മെന്റുകളുണ്ടായി. 1967ന് മുമ്പുള്ള ഗവണ്‍മെന്റുകളില്‍ അന്നത്തെ കാര്‍ഷികബദ്ധബില്ല് തകര്‍ക്കുന്നവര്‍ക്ക് നേതൃത്വം കൊടുത്തുവരുടെ ചരിത്രത്തിലേക്ക് ആളുകളുടെ പേരെടുത്ത് പറഞ്ഞ് ഞാന്‍ പോയില്ല. കാരണം, നേരത്തെ പറഞ്ഞതുതന്നെ'- പിണറായി കൂട്ടിച്ചേര്‍ത്തു. 

ഭൂപരിഷ്‌കരണ നിയമം പാസാക്കിയ മുഖ്യമന്ത്രി സി അച്യുത മേനോന്റെ പേര് പരാമര്‍ശിക്കാത്തതിന് എതിരെ സിപിഐ ശക്തമായി രംഗത്ത് വന്നിരുന്നു.പാര്‍ട്ടി മുഖപത്രം ജനയുഗത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ മുഖപ്രംസംഗവും പ്രസിദ്ധീകരിച്ചു. '1967 ല്‍ സിപിഐയും സിപിഐ(എം)ഉം ഉള്‍പ്പെട്ട സപ്തകക്ഷി മുന്നണിക്ക് ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണ നടപടികള്‍ പൂര്‍ത്തീകരിക്കാനായില്ല. സപ്തകക്ഷി മുന്നണി ഗവണ്‍മെന്റ് നിലംപൊത്തിയതിനെ തുടര്‍ന്ന് അധികാരത്തില്‍വന്ന അച്യുതമേനോന്‍ സര്‍ക്കാരാണ് തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെയും പ്രതിബദ്ധതയോടെയും ഭൂപരിഷ്‌കരണ ഭേദഗതി നിയമം നടപ്പില്‍ വരുത്തിയത്. കോടതി നടപടികളുടെ നൂലാമാലകളില്‍ കുടുങ്ങി തടസപ്പെടാത്തവിധം നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയതും അച്യുതമേനോന്‍ സര്‍ക്കാരിന്റെ മികവു തന്നെ. എന്നിട്ടും യാഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യങ്ങളായി അംഗീകരിക്കാനും ചരിത്രവസ്തുതകളെ മാനിക്കാനും ഇനിയും ചിലരെങ്കിലും വിസ്മരിക്കുന്നു'വെന്ന് പിണറായി വിജയനെ ഉദ്ദേശിച്ച് ജനയുഗത്തിലെ മുഖപ്രസംഗം പറയുന്നു.

'ചരിത്രത്തോടു സത്യസന്ധത തെല്ലും പുലര്‍ത്താതെ, ചരിത്രത്തെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തില്‍ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല. ചരിത്രം ഐതിഹ്യങ്ങളൊ കെട്ടുകഥകളൊ അല്ല. അവ വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തപ്പെടുക. ചരിത്രവസ്തുതകളെ വളച്ചൊടിക്കുന്ന മോദി സര്‍ക്കാരിനെതിരെയുളള ദേശവ്യാപക ചെറുത്തുനില്‍പിന്റെ വിശ്വാസ്യതയെയാണ് കേരളത്തിലെ ഭൂപരിഷ്‌കരണം സംബന്ധിച്ച അര്‍ധസത്യങ്ങള്‍ കൊണ്ട് ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നത്. ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ല. മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂര്‍വമായ തമസ്‌കരണമാണ്. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്ന'തെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT