ന്യൂഡൽഹി: മോദി സർക്കാർ സ്വകാര്യവൽക്കരിക്കാന്‍ നിശ്ചയിച്ച 95 ചരിത്രസ്മാരകങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ അഭിമാനമായ ബേക്കൽ കോട്ടയും മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയവും. കൊച്ചിയിലെ ചരിത്രസ്മാരകം ഏറ്റെടുക്കാൻ ട്രാവൽ കോർപറേഷൻ ഓഫ് ഇന്ത്യയും ബേക്കൽ കോട്ട ഏറ്റെടുക്കാൻ താൽപ്പര്യമറിയിച്ചത് ദൃഷ്ടി ലൈഫ‌് സേവിങ് എന്ന സ്വകാര്യ സ്ഥാപനവുമാണ്.
രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങൾ നാല് ഘട്ടമായി സ്വകാര്യ കുത്തകകൾക്ക് കൈമാറാനാണ് കേന്ദ്രസർക്കാർ പദ്ധതി. 95 സ്മാരകം ഏറ്റെടുക്കാന്‍ 31 സ്ഥാപനങ്ങൾ രംഗത്തുണ്ട്. കേന്ദ്രം തയ്യാറാക്കിയ ആദ്യഘട്ട പട്ടികയില്‍ത്തന്നെ മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയം ഉള്ളത്. ബേക്കൽ കോട്ട രണ്ടാം ഘട്ടമാണ് ഏറ്റെടുക്കുക. സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്നതിനായി കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ രാജ്യത്തെ പ്രമുഖമായ പൗരാണിക ക്ഷേത്രങ്ങളും തീർഥാടനകേന്ദ്രങ്ങളും പള്ളികളുമെല്ലാം ഉൾപ്പെടുന്നു.
'പൈതൃകകേന്ദ്രങ്ങൾ ഏറ്റെടുക്കൽ' പദ്ധതിക്ക് 2017ലെ ലോക വിനോദസഞ്ചാര ദിനത്തിലാണ് തുടക്കമായത്. ടൂറിസംമന്ത്രാലയം മുൻകൈയെടുത്തുള്ള പദ്ധതി സാംസ്കാരികമന്ത്രാലയം, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഓരോ പൈതൃകകേന്ദ്രവും തൽക്കാലം അഞ്ചുവർഷത്തേക്കാണ് സ്വകാര്യസ്ഥാപനങ്ങൾക്ക് കൈമാറുന്നത്.
പൈതൃകകേന്ദ്രങ്ങൾ കോർപറേറ്റുകളെ ഏൽപ്പിക്കുന്നതിൽ അപാകതയില്ലെന്നാണ് ടൂറിസംമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ന്യായീകരണം. നടത്തിപ്പ് ചുമതലമാത്രമാണ് നൽകുന്നത്. സഞ്ചാരികൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനും മെച്ചപ്പെട്ട മേൽനോട്ടം ഉറപ്പാക്കാനുമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ പാട്ടത്തിന് കൊടുക്കലായി കാണേണ്ടതില്ലെന്നും സർക്കാർ സ്വകാര്യ കമ്പനികൾക്ക് എന്തെങ്കിലും പണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പൈതൃക കേന്ദ്രങ്ങളും ഏറ്റെടുക്കുന്നവരും
ജന്തർ മന്ദർ ഡൽഹി (എസ്ബിഐ ഫൗണ്ടേഷൻ), കൊണാർക്ക് സൂര്യക്ഷേത്രം (ടികെ ഇന്റർനാഷണൽ), ഭുവനേശ്വർ രാജറാണി ക്ഷേത്രം (ടികെ ഇന്റർനാഷണൽ), ഹംപി കർണാടക (യാത്ര ഓൺലൈൻ), ലെ കൊട്ടാരം ജമ്മു കശ്മീർ (യാത്ര ഓൺലൈൻ), കുത്തബ്മിനാർ (യാത്ര), അജന്ത ഗുഹകൾ (യാത്ര), സഫ്ദർജങ് കുടീരം (ട്രാവൽ കോർപറേഷൻ), ഗംഗോത്രി ക്ഷേത്രവും ഗോമുഖ് പാതയും (അഡ്വഞ്ചർ ടൂർ ഓപ്പറേറ്റർ അസോസിയേഷൻ), പുരാണകില ഡൽഹി (എൻബിസിസി), താജ്മഹൽ‐ ആഗ്ര ചെങ്കോട്ട ഇടനാഴി (ജിഎംആർ സ്പോർട്സ്), ചെങ്കോട്ട ആഗ്ര (ജിഎംആർ സ്പോർട്സ്), ഫിറോസ്ഷാകോട്ല ഡൽഹി (ജിഎംആർ), ഗോൾകോണ്ട കോട്ട ഹൈദരാബാദ് (ജിഎംആർ), റോക്ക്കട്ട് ഹിന്ദു ക്ഷേത്രം ഗുണ്ടൂർ (ജിഎംആർ), രാമപ്പ ക്ഷേത്രം തെലങ്കാന (ജിഎംആർ), ഖജുരാഹോ ക്ഷേത്രം (ജിഎംആർ), എലിഫന്റാ ഗുഹ മഹാരാഷ്ട്ര (ദൃഷ്ടി), കൊളാബാ ഫോർട്ട് (ദൃഷ്ടി), ഓൾഡ് ഗോവ ചർച്ച് ക്ലസ്റ്റർ ഗോവ (ദൃഷ്ടി), മൊർജിം ബീച്ച് ഗോവ (ദൃഷ്ടി), ചപുര ഫോർട്ട് ഗോവ (ദൃഷ്ടി), ചാർമിനാർ ഹൈദരാബാദ് (ഐടിസി ഹോട്ടൽസ്), ജയ്സാൽമീർ കോട്ട (ഐ ലവ് ഫൗണ്ടേഷൻ), മഹാബോധി ക്ഷേത്രം ബുദ്ധഗയ (യെസ് ബാങ്ക്), സാഞ്ചി സ്തൂപം മധ്യപ്രദേശ് (യെസ് ബാങ്ക്), നളന്ദ പൗരാണികാവശിഷ്ടങ്ങൾ (യെസ് ബാങ്ക്), അംബർ കോട്ട ജയ്പുർ (വി റിസോർട്സ്), നഹർഗഡ് കോട്ട ജയ്പുർ (വി റിസോർട്സ്), കുംഭൽഗഡ് കോട്ട രാജസ്ഥാൻ (വി റിസോർട്സ്), ടിപ്പു കൊട്ടാരം ബംഗളൂരു (വി റിസോർട്സ്), ബസിലിക്ക ബോം ജീസസ് ഗോവ (വി റിസോർട്സ്), മഹാബലിപുരം ക്ഷേത്രം തമിഴ്നാട് (ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ് ഐഎടിഒ), എല്ലോറ ഗുഹ (ഐഎടിഓ), ചിത്തോർഗഡ് കോട്ട രാജസ്ഥാൻ (പദ്മിനി ഹവേലി).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates