നിലമ്പൂർ: വീട്ടിൽ മദ്യ വിൽപ്പന നടത്തിയ ബാറുടമയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വണ്ടൂരിൽ സിറ്റി പാലസ് എന്ന ബാർ നടത്തുന്ന പ്രവാസി വ്യവസായി വെള്ളയൂർ ചെറുകാട് വീട്ടിൽ നരേന്ദ്രനെ (51) നാണ് പിടിയിലായത്. നിലമ്പൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എക്‌സൈസ് ഇന്റലിജന്റ് വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു ദിവസമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഇയാളിപ്പോൾ വാടകയ്ക്ക് താമസിക്കുന്ന നടുവത്ത് വീട്ടിലെത്തിയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
അതേസമയം, മറ്റൊരു സംഘം അടച്ചിട്ട ബാറിലെത്തി പരിശോധന നടത്തി. ലോക്ഡൗൺ തുടങ്ങിയ സമയത്ത് ബാറിലെ മദ്യത്തിന്റെ സ്റ്റോക്ക് എക്‌സൈസ് വകുപ്പ് സീൽ ചെയ്തിരുന്നു. അത് തകർത്ത് മദ്യമെടുത്ത് വിൽപ്പന നടത്തുകയായിരുന്നു. ഇക്കാര്യം കണ്ടെത്തിയതായി എക്‌സൈസ് അധികൃതർ അറിയിച്ചു.
സ്റ്റോർ മുറിയിൽ കാണേണ്ട മദ്യത്തിൽ കുറവുണ്ട്. 450 രൂപ വിലയുള്ള മദ്യം 2300 രൂപയ്ക്ക് ബാറിലെ സെക്യൂരിറ്റി ജീവനക്കാരന് നൽകി. അയാളത് 2600 രൂപയ്ക്ക് മറിച്ചു വിറ്റിരുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ജനകീയ ബ്രാൻഡായിരുന്ന ജവാൻ 2000 രൂപയ്ക്കാണ് വിറ്റിരുന്നതെന്നും പറയുന്നു. ഇത്തരത്തിൽ അഞ്ചു ലക്ഷം രൂപയുടെ മദ്യം ബാറിൽ നിന്ന് കടത്തിയതായാണ് പ്രാഥമിക വിവരം. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates