Kerala

ജിഎസ്ടി വകുപ്പിന്റെ നോട്ടീസ് കണ്ട് ഞെട്ടി, കോടികളുടെ കമ്പനി മുതലാളി; എന്തു ചെയ്യണമെന്നറിയാതെ കൂലിപ്പണിക്കാരന്‍ 

കോടികളുടെ കമ്പനിയുടമ എന്ന പേരില്‍ ജിഎസ്ടി വകുപ്പില്‍ നിന്ന് സുനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതോടെ തട്ടിപ്പ് പുറത്തായി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൂലിപ്പണിക്കാരനായ പെരുമ്പാവൂര്‍ സ്വദേശി സുനി ജിഎസ്ടി നോട്ടീസ് കണ്ട് ഞെട്ടി. കോടികളുടെ കമ്പനിയുടമ എന്ന പേരില്‍ ജിഎസ്ടി വകുപ്പില്‍ നിന്ന് സുനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതോടെ തട്ടിപ്പ് പുറത്തായി. സുനിയെ മറയാക്കി പ്ലൈവുഡ് കമ്പനിയുടെ പേരിലാണ് ജിഎസ്ടി തട്ടിപ്പ് നടന്നിരിക്കുന്നത്. 

കാഞ്ഞിരക്കാട് ചക്കരക്കാട്ട് കാവിനു സമീപം താമസിക്കുന്ന മൂലേപ്പറമ്പ് എം കെ സുനിക്കാണ് (49) ജിഎസ്ടി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചത്. കോടികളുടെ 'കമ്പനി മുതലാളി'യായതിന്റെ ഞെട്ടലിലാണ് സുനി. സുനിയുടെ പേരിലെന്നു പറയുന്ന കമ്പനി 2017 മുതല്‍ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ കൃത്യമായി ചെയ്തിട്ടില്ലെന്ന് നോട്ടിസില്‍ പറയുന്നു.

ഈ കമ്പനിയുടെ വിറ്റുവരവ് 3,15,97,721 രൂപയാണെന്നും എന്നാല്‍ ഇതിന് അനുസൃതമായ നികുതിയിടപാട് നടന്നിട്ടില്ലെന്നും കാരണം അറിയിക്കണമെന്നുമാണ് നോട്ടിസിലുള്ളത്. 2017ല്‍ ഒരു പ്രാവശ്യവും 2018ല്‍ ആദ്യ 3 മാസവും ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പിന്നീട് വീഴ്ച വരുത്തി. പ്ലൈവുഡ് ഉല്‍പന്നങ്ങള്‍ വാങ്ങിയയാള്‍ ജിഎസ്ടി ഫയല്‍ ചെയ്യുകയും കയറ്റിയയച്ചയാള്‍ ഫയല്‍ ചെയ്യാതിരിക്കുകയും ചെയ്തതോടെയാണ് ഇക്കാര്യം ജിഎസ്ടി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

താന്‍ കൂലിപ്പണി ചെയ്യുന്നയാളാണെന്നും തന്റെ പേരില്‍ കമ്പനിയുള്ള കാര്യം അറിയില്ലെന്നും സുനി പറഞ്ഞു. പരിചയമുള്ള ഒരു പ്ലൈവുഡ് കമ്പനിയുടമയ്ക്ക് ചില രേഖകളിലും ചെക്കിലും ഒപ്പിട്ടു നല്‍കിയിരുന്നു. 1000 രൂപ അയാള്‍ നല്‍കി. ഇതിലപ്പുറം തനിക്കൊന്നും അറിയില്ലെന്നും അറിവില്ലായ്മ മുതലെടുത്തു ചതിക്കുകയായിരുന്നെന്നും സുനി പറഞ്ഞു.

പ്ലാസ്റ്റിക് വലിച്ചു കെട്ടിയ വീട്ടിലായിരുന്നു സുനിയും അമ്മയും താമസിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ ഈയിടെയാണ് വീടു പണിതത്. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് മുന്‍പ് 130 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. നിര്‍ധനരെയും അറിവില്ലാത്തവരെയും കബളിപ്പിച്ച് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് ജിഎസ്ടി തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായാണു സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത