Kerala

'ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് എന്തിനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്; പാക്കിസ്ഥാന് വേണ്ടി ജയ് വിളിക്കാനോ?; പേക്കൂത്ത്'

അര്‍ദ്ധരാത്രി പോലും ഹോസ്റ്റലില്‍ കയറാതെ തന്നിഷ്ടപ്രകാരം നടക്കാന്‍ മുറവിളി കൂട്ടുന്ന ഇവരുടെ ലക്ഷ്യം സ്വാതന്ത്ര്യമല്ല അരാജകത്വമാണ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഹോസ്റ്റല്‍ ഫീസ് വിഷയത്തില്‍ ജെഎന്‍എയു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധ സമരത്തിനെതിരെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ രംഗത്ത്. കഴിഞ്ഞ കുറച്ചുകാലമായി ജെഎന്‍യു വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ പേരിലല്ല, മറിച്ച് ചില പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ പേരിലാണ്. രാജ്യദ്രോഹവും, തീവ്രവാദികളെ പിന്തുണയ്ക്കലും വരെ ഈ 'പാഠ്യേതര' പ്രവര്‍ത്തങ്ങളില്‍ പെടുമെന്നും എ.എന്‍.രാധാകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാജ്യത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്ന ഡല്‍ഹിയിലെ ജെഎന്‍യു (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി) കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് കലാപസമാനമായ ചില രംഗങ്ങള്‍ക്കാണ്. കാലാനുസൃതമായി സര്‍വകലാശാല അധികൃതര്‍ നടപ്പാക്കിയ ഫീസ് വര്‍ദ്ധനവ് അന്യായമാണെന്നാരോപിച്ച് അതിനെതിരെ പ്രതിഷേധിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ബിരുദദാനച്ചടങ്ങില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. കേന്ദ്രമന്ത്രി രമേഷ് പൊഖ്‌റിയാലിനെ മണിക്കൂറുകളോളം ബന്ദിയാക്കി. ക്യാമ്പസിനുള്ളില്‍ അഴിഞ്ഞാടി കണ്ണില്‍ക്കണ്ടതെല്ലാം അടിച്ചു തകര്‍ത്തു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ കേട്ട കേന്ദ്രമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് ഉറപ്പുനല്‍കിയെങ്കിലും അത് ചെവിക്കൊള്ളാനോ ശാന്തരാകാനോ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. ഒടുവില്‍ പോലീസും, അര്‍ധസൈനിക വിഭാഗവും സ്ഥലത്തെത്തിയാണ് കേന്ദ്രമന്ത്രിയെ ക്യാംപസില്‍ നിന്ന് പുറത്തെത്തിച്ചത്.

എന്തായിരുന്നു ഈ പരിധിവിട്ട പ്രതിഷേധത്തിന് കാരണം ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചെന്നും ഹോസ്റ്റലില്‍ എത്തേണ്ട സമയവും ഡ്രസ് കോഡും കര്‍ശനമാക്കിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഒരാള്‍ക്കു താമസിക്കാവുന്ന ഹോസ്റ്റല്‍ മുറിക്ക് പ്രതിമാസം 20 രൂപയായിരുന്നത് 600 രൂപയാക്കി ഉയര്‍ത്തിയതാണ് വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയത്. രണ്ടു പേരുടെ മുറിക്കു 10 രൂപയില്‍ നിന്ന് 300 രൂപയും ആയി ഉയര്‍ത്തി. കൂടാതെ 1700 രൂപ മാസം സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി. മുന്‍പു മെസ് ഫീസ് ഉള്‍പ്പെടെ ആകെ ചെലവ് 10001500 രൂപയേ വരുമായിരുന്നുള്ളൂ. ഹോസ്റ്റലില്‍ മെസിലെ നിക്ഷേപം 5500 രൂപയില്‍ നിന്നു 12,000 രൂപയാക്കി. ഇത് കൂടാതെ ഹോസ്റ്റലില്‍ എത്തിച്ചേരേണ്ട സമയം രാത്രി 12.30 ആക്കി നിശ്ചയിച്ചതും, ഡൈനിങ് ഹാളില്‍ മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന നിര്‍ദ്ദേശിച്ചതുമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിന് കാരണമായി പറയുന്നത്. എന്നാല്‍ ജീവിതച്ചെലവ് ഏറ്റവുമുയര്‍ന്ന രാജ്യതലസ്ഥാനത്ത് മറ്റു കോളേജുകളില്‍ പത്ത് വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ഫീസ് പോലും ഇതിലുമെത്രയോ ഉയര്‍ന്നതായിരുന്നു എന്നതാണ് സത്യം. 10 രൂപയ്‌ക്കോ 20 രൂപയ്‌ക്കോ ഹോസ്റ്റല്‍ മുറി വാടകയ്ക്ക് കിട്ടുക എന്നത് ഈ രാജ്യത്ത് മറ്റെവിടെയെങ്കിലും കേട്ടുകേള്‍വിയുള്ള കാര്യമാണോ ?

കഴിഞ്ഞ കുറച്ചുകാലമായി ജെഎന്‍യു വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ പേരിലല്ല മറിച്ച് ചില പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ പേരിലാണ്. രാജ്യദ്രോഹവും, തീവ്രവാദികളെ പിന്തുണയ്ക്കലും വരെ ഈ 'പാഠ്യേതര' പ്രവര്‍ത്തങ്ങളില്‍ പെടും എന്നതാണ് ഇതിലെ ശ്രദ്ധേയമായ വസ്തുത. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന പാര്‍ലമെന്റ് മന്ദിരം ആക്രമിച്ചു തകര്‍ക്കാന്‍ ആസൂത്രണം ചെയ്ത കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട 'അഫ്‌സല്‍ ഗുരു' എന്ന തീവ്രവാദിക്ക് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് കന്നയ്യകുമാറിന്റെ നേതൃത്വത്തില്‍ അനുസ്മരണം ഒരുക്കിയ സംഭവമാണ് മാധ്യമങ്ങളില്‍ ആദ്യം വാര്‍ത്തയായത്. അന്ന് ആ അനുസ്മരണയോഗം തടഞ്ഞവരെ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയും 'ആസാദി' (സ്വാതന്ത്ര്യം) വേണമെന്നാവശ്യപ്പെട്ടുമാണ് കന്നയ്യ കുമാറും സംഘവും എതിരിട്ടത്. കേട്ടപാതി കേള്‍ക്കാത്തപാതി സീതാറാം യെച്ചൂരിയും, അരവിന്ദ് കെജ്രിവാളും, രാഹുല്‍ ഗാന്ധിയുമടങ്ങുന്ന വിശാല മോദി വിരുദ്ധ ചേരി ഉടനടി ചാടി വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സംഭവത്തിലെ ദേശീയവിരുദ്ധത മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ യെച്ചൂരി ഒഴികെയുള്ളവര്‍ സ്ഥലം കാലിയാക്കി.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്തിനുള്ള 'ആസാദി'(സ്വാതന്ത്ര്യം) ആണ് വേണ്ടത്? പാക്കിസ്ഥാന് വേണ്ടി ജയ് വിളിക്കാനോ ? ഇന്ത്യന്‍ പാര്‍ലമെന്റ് ബോംബ് വെച്ച് തകര്‍ക്കാന്‍ ശ്രമിച്ചവനെ പ്രകീര്‍ത്തിക്കാനോ ? കേന്ദ്രമന്ത്രിയെയും, ഉപരാഷ്ട്രപതിയെയും അക്രമിക്കാനോ ? ഇതില്‍ ഏത് കാര്യത്തിനുള്ള ആസാദി ലഭിക്കാനാണ് രാജ്യത്തെ ഏറ്റവും മികച്ച പഠനകേന്ദ്രത്തില്‍ കിടന്ന് ഇവര്‍ അഴിഞ്ഞാടുന്നത് ? രാത്രി 12.30 ന് പോലും ഹോസ്റ്റലില്‍ കയറാന്‍ ഒരുക്കമല്ലാതെയും, മാന്യമായി ഡൈനിങ് ഹാളില്‍ വസ്ത്രം ധരിച്ചെത്താന്‍ തയ്യാറാകാതെയും ഇക്കൂട്ടര്‍ പോരാടുന്നത് എന്ത് സ്വാതന്ത്ര്യത്തിനാണ് ? രാജ്യത്തെ ഏറ്റവും മികച്ച കലാലയത്തില്‍ ചേര്‍ന്ന് തുച്ഛമായ ഫീസ് പോലും അടയ്ക്കാന്‍ തയ്യാറാകാതെ, അര്‍ദ്ധരാത്രി പോലും ഹോസ്റ്റലില്‍ കയറാതെ തന്നിഷ്ടപ്രകാരം നടക്കാന്‍ മുറവിളി കൂട്ടുന്ന ഇവരുടെ ലക്ഷ്യം സ്വാതന്ത്ര്യമല്ല അരാജകത്വമാണ്. അങ്ങനെ അരാജകത്വം വരുക വഴി താന്തോന്നിത്തം കാട്ടി നടക്കാനും, ഭരണകൂടത്തിന്റെ നെഞ്ചത്ത് കയറാനും, പാക്കിസ്ഥാനും, ചൈനയ്ക്കും വിടുപണി ചെയ്യാനുമുള്ള ലൈസന്‍സാണ് ഇക്കൂട്ടര്‍ക്ക് വേണ്ടത്.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ആസാദിയുടെ അപ്പോസ്തലന്മാരായി വാഴ്ത്തുന്ന കന്നയ്യകുമാറും, സീതാ റാം യെച്ചൂരിയും അവരുടെ വാഗ്ദത്ത ഭൂമിയായി കാണുന്ന ചൈനയിലെ ടിയാന്മെന്‍ സ്‌ക്വയറില്‍ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ 'ആസാദി' ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ 1989ല്‍ പ്രക്ഷോഭം നടത്തുകയുണ്ടായി. ആ പ്രക്ഷോഭത്തിന്റെ കഥ വിവരിക്കാന്‍ അവരില്‍ ഒരാള്‍ പോലും പിന്നീട് ജീവനോടെ ശേഷിച്ചിട്ടില്ല. ഇവിടെ ഇന്ത്യയില്‍ രാജ്യ തലസ്ഥാനത്ത്, കേന്ദ്രസര്‍ക്കാരിന്റെ മൂക്കിന് കീഴില്‍ ഇത്രയൊക്കെ അക്രമം ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ കാണിച്ചിട്ടും, അവരെ കേള്‍ക്കാന്‍ കേന്ദ്രമന്ത്രി തയ്യാറായെങ്കില്‍, അവരിലാര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം ഇന്ത്യയില്‍ ഇന്നും ജനാധിപത്യം പുലരുന്നു എന്ന് തന്നെയാണ്. തീര്‍ച്ചയായും ജനാധിപത്യ മൂല്യങ്ങളെ മാനിക്കുന്ന, ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സര്‍ക്കാര്‍ ഇവിടെ ഉണ്ടെന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല. ആ സത്യം മനസ്സിലാക്കുന്ന ആരും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ അരാജകത്വം കാംക്ഷിച്ചു നടത്തുന്ന ഈ പേക്കൂത്തുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയേ ഉള്ളൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT