സംസ്ഥാനത്ത് ഭൂപരിഷ്‌കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷിക ആഘോഷ വേളയില്‍ മുന്‍ മുഖ്യമന്ത്രി സി അച്യുത മേനോന്റെ പേര് പരാമര്‍ശിക്കാരിതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആര്‍എസ്പി നേതാവും എംപിയുമായ എന്‍കെ പ്രേമചന്ദ്രന്‍. കേരളത്തിന്റെ സമീപകാല ചരിത്രത്തെക്കുറിച്ച് മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു.
ഭൂപരിഷ്‌കരണ നിയമം നിരവധി ഭേദഗതികളിലൂടെ കുറ്റമറ്റ സമഗ്ര നിയമമാക്കി മാറ്റിയതും നടപ്പാക്കിയതും അച്യുതമേനോന്‍ മുഖ്യമന്ത്രിയും ബേബിജോണ്‍ റവന്യു മന്ത്രിയുമായിരുന്ന കാലയളവിലായിരുന്നു. സംസ്ഥാനം എക്കാലവും ഓര്‍ക്കുന്ന മികവുറ്റ ഭരണാധികാരികള്‍, പുരോഗമന നടപടികളിലുടെ കേരളത്തെ മുന്നോട്ട് നയിച്ച കാലത്തെല്ലാം സര്‍ക്കാര്‍ നടപടികളെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ ചരിത്രമാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കുള്ളത്.- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തിന്റെ സമീപകാല ചരിത്രത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ജന്മിത്വം അവസാനിപ്പിച്ചതിന്റെ അമ്പതാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്തു കൊണ്ട്, സംസ്ഥാനത്ത് ഭൂപരിഷ്‌കരണം നടപ്പാക്കിയതിനെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ചരിത്രത്തെ അനാദരിക്കലാണ്. 1970 ജനുവരി ഒന്നിനാണ് ജന്മിത്വം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. അതുകൊണ്ടാണല്ലോ 2020 ജനുവരി ഒന്നിന് അതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചത്. ആ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന സി.അച്ചുതമേനോന്റെയോ റവന്യൂ മന്ത്രി ബേബിജോണിന്റെയോ പേരുകള്‍ പോലും പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
ജന്മിത്വം അവസാനിപ്പിച്ചു കൊണ്ട് 1970 ജനുവരി ഒന്നിന് പുറത്തിറക്കിയ ഉത്തരവ് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കുകയും ഭൂപരിഷ്‌കരണ നടപടികള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തത് 1969 മുതല്‍ അധികാരത്തിലിരുന്ന അച്യുതമേനോന്‍ ഗവണ്‍മെന്റും തുടര്‍ന്ന് വന്ന കരുണാകരന്‍, ആന്റണി, പി.കെ.വി സര്‍ക്കാരുകളുമാണ്. ആ സര്‍ക്കാരുകളിലെല്ലാം റവന്യൂ മന്ത്രിയായിരുന്ന സ.ബേബീജോണിന്റെ ഭരണശേഷിയും ഇച്ഛാശക്തിയും ഭൂപരിഷ്‌കരണം വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ.ബേബീജോണിനെ ഓര്‍ക്കാതെ കേരളത്തിലെ ഭൂപരിഷ്‌കരണത്തെ കുറിച്ച് സംസാരിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. ഭൂപരിഷ്‌കരണ നിയമം നിരവധി ഭേദഗതികളിലൂടെ കുറ്റമറ്റ സമഗ്ര നിയമമാക്കി മാറ്റിയതും നടപ്പാക്കിയതും അച്യുതമേനോന്‍ മുഖ്യമന്ത്രിയും ബേബിജോണ്‍ റവന്യു മന്ത്രിയുമായിരുന്ന കാലയളവിലായിരുന്നു. സംസ്ഥാനം എക്കാലവും ഓര്‍ക്കുന്ന മികവുറ്റ ഭരണാധികാരികള്‍, പുരോഗമന നടപടികളിലുടെ കേരളത്തെ മുന്നോട്ട് നയിച്ച കാലത്തെല്ലാം സര്‍ക്കാര്‍ നടപടികളെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ ചരിത്രമാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കുള്ളത്.
മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ നിഷേധാത്മക രാഷട്രീയത്തിന് കേരള ജനത കനത്ത ശിക്ഷ നല്കിയ കാലമായിരുന്നു 1970-80. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് അള്ളുവച്ചും കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളും ട്രാന്‍സ്‌ഫോമറുകളും തകര്‍ത്തും ട്രാക്ടറുകള്‍ കത്തിച്ചും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയായിരുന്നു അക്കാലത്ത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി. അതിന് അവര്‍ക്ക് കിട്ടിയ കനത്ത ശിക്ഷയായിരുന്നു 77 ലെ തെരഞ്ഞെടുപ്പ് ഫലം. ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കാത്ത മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പഴയ തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രിയെ തിരുത്താന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍. ചരിത്രത്തിനു നേരേ മുഖ്യമന്ത്രി നടത്തുന്ന ഈ കടന്നാക്രമണത്തോട് മുന്നണിയിലെ രണ്ടാമത്തെ പ്രധാനകക്ഷിയായ സി.പിെ.എ നേതൃത്വം എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates