കൊച്ചി: പ്രതിരോധത്തിന്റെ സാഹിത്യം സൃഷ്ടിക്കുമ്പോള്‍ തന്നെ അത് ചെയ്യുന്നവരെ ഇല്ലാതാക്കാന്‍ മറ്റൊരു പക്ഷം അപ്പുറത്തുള്ള ഇക്കാലത്ത് എഴുത്ത് അത്ര എളുപ്പമല്ലെന്ന് എം മുകുന്ദന്‍. കൃതി പുസ്തകമേളയില്‍ എഴുത്തിന്റെ പക്ഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധത്തിന്റെ സാഹിത്യത്തിന് അടുത്തകാലം വരെ പ്രസാധകരെ പോലും കിട്ടുമായിരുന്നില്ലെന്നും എന്നാല്‍ അതില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുമാള്‍ മുരുഗനെ പോലുള്ളവര്‍ ആഗോളതലത്തില്‍ തന്നെ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നവെന്നും അദ്ദേഹം വ്യക്തമാക്കി.
കലഹിച്ചും തിരുത്തിയുമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടെ നടക്കേണ്ടത്.
അധികാര സ്ഥാനത്ത് നിന്ന് എഴുത്തുകാരന്‍ മാറി നില്‍ക്കണം എന്ന് പറയാറുണ്ട്. എഴുത്തുകാരല്ലാതെ ബിസിനസുകാരാണോ അക്കാദമി ഭാരവാഹിത്വം പോലുള്ള സ്ഥാനങ്ങളിലേക്ക് എത്തേണ്ടത്? ഡല്‍ഹിയില്‍ ബി.ജെ.പി പ്രതിപക്ഷത്താണ് എന്നതിനാല്‍ അധികാരത്തോട് അകലാനായി, ഡല്‍ഹിയില്‍ താമസിക്കുമ്പോള്‍ താന്‍ അവരോടൊപ്പം നില്‍ക്കുകയാണോ ചെയ്യേണ്ടത് എന്നും മുകുന്ദന്‍ ചോദിച്ചു.
മനുഷ്യന്റ ഭാവി ഉന്നതമായ ആശയങ്ങളുടെ സമുച്ചയമായ ഇടത് പക്ഷത്തിലാണെന്നും കേരളത്തില്‍ അതിനെ ലളിതവല്‍ക്കരിച്ച് കക്ഷി രാഷ്ട്രീയ സങ്കല്‍പ്പത്തിലേക്കെത്തിച്ച് ഒരു പാര്‍ട്ടിയിലേക്ക് ചുരുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹ്യമാധ്യമങ്ങള്‍ ആരോഗ്യപരമായ സംവാദത്തിനുള്ള ഒരിടമല്ലാതെയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ജനാധിപത്യം ഇന്നേവരെ ഉണ്ടായി ഇന്ന് കരുതുന്നില്ലെന്ന് സാഹിത്യകാരന്‍ വൈശാഖന്‍ പറഞ്ഞു. ഫോര്‍മല്‍ ഡെമോക്രസി എന്ന ജനാധിപത്യത്തിന്റെ മിമിക്രിയാണിവിടെ. 18 വയസ്സ് വോട്ടവകാശം മാത്രമാണോ ഡെമോക്രസി. ലോകമെമ്പാടും വലതു പക്ഷത്തേക്ക് ഷിഫ്റ്റ് വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ അത് വൈകി വന്നതിനു കാരണം നെഹ്‌റു മാത്രമാണ്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും അടിമപ്പണി ചെയ്യുന്നവരല്ല എഴുത്തുകാരെന്നും എഴുത്തുകാരുടെ ഇടത്പക്ഷമെന്നത് ചൂഷിതരുടെ പക്ഷമാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കൂടിയായ വൈശാഖന്‍ പറഞ്ഞു.
അക്കാദമി പ്രസിഡന്റ് സ്ഥാനം ലഭിക്കാന്‍ ഒരു പാര്‍ട്ടിയുടെ അടുത്തേക്കും താന്‍ പോയിട്ടില്ല. ആശയങ്ങളോടും ചിന്താഗതികളോടും എഴുപത്തഞ്ച് ശതമാനമെങ്കിലും ഒത്തു പോകുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെയാണ് സഹയാത്രികരാകുന്നത്. സാഹിത്യത്തിന് രാഷ്ട്രീയ മാനം കൈവരുന്നത് ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദിക്കുമ്പോഴാണ്. നിന്ദിതര്‍ക്കും പീഡിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി നിലകൊള്ളലാണ് തന്റെ പക്ഷമെന്നും വൈശാഖന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates