കൊച്ചി: മരടില്‍ സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദേശിച്ച ഫ്‌ലാറ്റുകളില്‍ നിന്ന് ഒക്ടോബര്‍ മൂന്നിനുള്ളില്‍ താമസക്കാര്‍ ഒഴിയും. കലക്ടര്‍ എസ് സുഹാസുമായി നടത്തിയ ചര്‍ച്ചയില്‍ ഒഴിയാന്‍ തയാറാണെന്ന് ഫ്‌ലാറ്റ് ഉടമകള്‍ വ്യക്തമാക്കി. മൂന്നാം തീയതിക്ക് മുന്‍പ് ഒഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിന് പരമാവധി ശ്രമിക്കുമെന്നും കോടതി ഉത്തരവായതിനാല്‍ പ്രതിഷേധങ്ങള്‍ക്കില്ലെന്നും ഫ്‌ലാറ്റുടമകള്‍ വ്യക്തമാക്കി.
മൂന്നിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ 11 മുതല്‍ ഫ്‌ലാറ്റുകള്‍ പൊളിച്ചു തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. നിയന്ത്രിത സ്‌ഫോടനത്തിലൂടെയായിരിക്കും ഫ്‌ലാറ്റ് പൊളിക്കുക. ഫ്‌ലാറ്റിലെ വിഛേദിച്ച വൈദ്യുതി, ശുദ്ധജല കണക്ഷനുകള്‍ ഇന്നലെ താല്‍ക്കാലികമായി പുനഃസ്ഥാപിച്ചു. ഉടമകള്‍ക്കു ഫ്‌ലാറ്റ് ഒഴിയാനുള്ള സൗകര്യത്തിനു വേണ്ടിയാണിത്.
ഫ്‌ലാറ്റ് ഉടമകള്‍ ഇന്നലെ ആരംഭിച്ച നിരാഹാര സമരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അവസാനിപ്പിച്ചു. മരട് ഭവനസംരക്ഷണ സമിതി ഭാരവാഹികള്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നായിരുന്നു ഇത്.
ഫ്‌ലാറ്റില്‍ വാടകയ്ക്കു താമസിച്ചിരുന്നവര്‍ സാധനങ്ങള്‍ ഫ്‌ലാറ്റുകളില്‍ നിന്നു മാറ്റാന്‍ തുടങ്ങി. റവന്യു ഉദ്യോഗസ്ഥര്‍ ഫ്‌ലാറ്റുകളിലെത്തി ഉടമകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. ഫ്‌ലാറ്റ് ഉടമകള്‍ക്കെല്ലാം ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കും.
ഫ്‌ലാറ്റുകള്‍ ഒഴിയുന്നവര്‍ക്കു താമസിക്കാനായി 510 അപാര്‍ട്ട്‌മെന്റുകളുടെ പട്ടിക അധികൃതര്‍ കൈമാറിയിട്ടുണ്ട്. ഇതിന്റെ വാടക ഫ്‌ലാറ്റ് ഉടമകള്‍ നല്‍കണം. വാടകയിനത്തില്‍ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നാണ് ഫ്‌ലാറ്റ് ഉടമകളുടെ ആവശ്യം. ഇക്കാര്യത്തില്‍ കളക്ടര്‍ ഉറപ്പു നല്‍കിയില്ല.
ഫ്‌ലാറ്റുകള്‍ പൊളിച്ചശേഷം മൂന്ന് മാസത്തിനുള്ളില്‍ സ്ഥലം പൂര്‍വ സ്ഥിതിയിലാക്കി കൈമാറണമെന്ന ഫ്‌ലാറ്റ് ഉടമകളുടെ ആവശ്യം അധികൃതര്‍ പരിഗണിക്കും. ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനു മുന്‍പ് ഇപ്പോഴത്തെ വിപണി വില തിട്ടപ്പെടുത്താന്‍ മൂന്നംഗസമിതി പരിശോധിക്കും. ഇതനുസരിച്ചു നഷ്ടപരിഹാരം നല്‍കണമെന്നാണ് ഫ്‌ലാറ്റ് ഉടമകളുടെ ആവശ്യം. ഇതു സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി തീരുമാനിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.
താല്‍ക്കാലിക നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ മൂന്നാഴ്ചയ്ക്കകം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെയുള്ള വഞ്ചനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിന്‍ ജെ തച്ചങ്കരി ഫ്‌ലാറ്റുകള്‍ സന്ദര്‍ശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates