തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിന് വിര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായി സജ്ജമാക്കിയ ബെവ്ക്യൂ ആപ്പില്‍ സാങ്കേതികക്കുഴപ്പങ്ങള്‍ തുടര്‍ക്കഥയായതോടെ മദ്യവില്‍പ്പന തോന്നുംപടി. പലയിടത്തും ബാറുകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യം നല്‍കി. തിരക്ക് ഏറിയതോടെ കൂടുതല്‍ കൗണ്ടറുകള്‍ തുറന്നപ്പോള്‍ കോവിഡ് പ്രതിരോധത്തില്‍ പ്രധാനമായ സാമൂഹ്യ അകലം വാക്കില്‍ മാത്രമായി.
വിര്‍ച്വല്‍ ക്യൂ അനുസരിച്ച് മദ്യവില്‍പ്പന തുടങ്ങിയ ഇന്നലെ തന്നെ ചില ബാറുകളില്‍ ടോക്കണ്‍ ഇല്ലാതെയും മദ്യം വിറ്റിരുന്നു. രണ്ടാം ദിവസമായി ഇ്ന്നും ബെവ് ക്യൂ ആപ്പ് പ്രവര്‍ത്തനം താറുമാറാണ്. ഇതോടെ കൂടുതല്‍ ബാറുകള്‍ ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം തുടങ്ങി.
അതിനിടെ വിര്‍ച്വല്‍ ക്യൂ സംവിധാനം ഒഴിവാക്കാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആപ്പ് വഴിയുള്ള മദ്യവിതരണത്തില്‍ നിരന്തരം തടസം നേരിടുന്ന പശ്ചാത്തലത്തിലാണ് നീക്കം. മദ്യം വാങ്ങാന്‍ വലിയ തിരക്കില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ആലോചനയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആപ്പ് വഴിയുള്ള മദ്യവില്‍പ്പനയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സാങ്കേതിക പ്രശ്‌നങ്ങള്‍ വില്ലനായി. ഇന്നു രാവിലെ മുതല്‍ ആപ്പ് വഴി മദ്യം ബുക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി ഉയര്‍ന്നു. അതിനിടെ പല ബാറുകളിലും ആപ്പ് വഴിയുള്ള ടോക്കണ്‍ ഇല്ലാതെ തന്നെ മദ്യം വില്‍പ്പന നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മദ്യവിതരണത്തിന് ആപ്പ് വഴിയുള്ള ടോക്കണ്‍ സംവിധാനം ഒഴിവാക്കണമെന്ന് ഒരു വിഭാഗം ബാര്‍ ഉടമകള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ബാര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിനു ബാര്‍ ഉടമകള്‍ക്കുള്ള ആപ്പ് ഇന്നും പ്രവര്‍ത്തിക്കുന്നില്ല. ഇന്നലെയും കോഡ് സ്‌കാന് ചെയ്യാതെയാണ് ബാറുകളിലും പല ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും മദ്യവില്‍പ്പന നടത്തിയത്.
സാങ്കേതിക പ്രശ്‌നങ്ങള്‍ തലവേദനയായപ്പോഴാണ് ആപ്പ് ഒഴിവാക്കുന്നതിനെക്കുറിച്ച് എക്‌സൈസ് തലപ്പത്ത് ആലോചന നടക്കുന്നത്. ആദ്യ ഒരു ദിവസം കൊണ്ടുതന്നെ മദ്യം വാങ്ങുന്നതിനുള്ള തിരക്ക് കുറഞ്ഞെന്നാണ് വകുപ്പ് വിലയിരുത്തുന്നത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എക്‌സൈസ് മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. റീട്ടെയ്ല്‍ ഔട്ടലെറ്റുകളും ബാറുകളും ബിയര്‍ പാര്‍ലറുകളും ഉള്‍പ്പെടെ തൊള്ളായിരത്തോളം വില്‍പ്പന കേന്ദ്രങ്ങള്‍ ഒന്നിച്ചാണ് തുറന്നത്. അതുകൊണ്ടുതന്നെ വലിയ തിരക്ക് ഉണ്ടാവാനുള്ള സാധ്യതയില്ലെന്ന് നേരത്തെ തന്നെ പലരും ചൂണ്ടിക്കാണിച്ചിരുന്നു.
മദ്യവിതരണത്തിന് വിര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കുന്നതിന് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് ആയ ഫെയര്‍കോഡ് ടെക്‌നോളജീസ് ആണ് ആപ്പ് വികസിപ്പിച്ചത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates