Kerala

തെരഞ്ഞെടുപ്പ് കേസില്‍ തോറ്റു; ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനെ പിരിച്ചുവിട്ടു

അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ പ്ലീഡറായിരുന്ന പി കെ വിജയമോഹനെതിരെയാണ് സര്‍ക്കാര്‍ അപൂര്‍വമായ നടപടി സ്വീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  വടക്കാഞ്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്കെതിരെ നടത്തിയ കേസിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ പ്ലീഡറായിരുന്ന പി കെ വിജയമോഹനെതിരെയാണ് സര്‍ക്കാര്‍ അപൂര്‍വമായ നടപടി സ്വീകരിച്ചത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു തൃശൂരിലെ വടക്കാഞ്ചേരി മണ്ഡലം. 

എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ വെറും 43 വോട്ടിന് എല്‍ഡിഎഫിന്റെ മേരി തോമസ് പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ അനില്‍ അക്കരയാണ് ഇവിടെ വിജയിച്ചത്. അനില്‍ അക്കരയുടെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാന്‍ സിപിഎം തീരുമാനിച്ചു. പാര്‍ട്ടി സഹയാത്രികനും മുതിര്‍ന്ന അഭിഭാഷകനുമായ എംകെ ദാമോദരന്റെ ഓഫീസ് വഴിയാണ് തെരഞ്ഞെടുപ്പ് ഹര്‍ജി സിപിഎം ഫയല്‍ ചെയ്തത്. എന്നാല്‍ കേസ് വാദത്തിനെടുക്കും മുമ്പേ ഹര്‍ജി കോടതി തള്ളി. ഹര്‍ജി തയ്യാറാക്കിയതിലെ ഗുരുതര പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. 

എം കെ ദാമോദരന്റെ ഓഫീസിലെ സീനിയര്‍ അഭിഭാഷകരിലൊരാളായ പികെ വിജയമോഹനായിരുന്നു ഹര്‍ജി തയ്യാറാക്കിയത്. കേസ് നടത്തിപ്പിനായി ഒരു ലക്ഷത്തോളം രൂപയാണ് തൃശൂര്‍ ജില്ലാ കമ്മിറ്റി ചെലവഴിച്ചത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. നന്നായി നടത്താമായിരുന്ന കേസ് വാദത്തിന് പോലും പരിഗണിക്കാതെ തള്ളിപ്പോയത് ഗൗരവത്തോടെ കാണണമെന്ന് തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 

ഇതേത്തുടര്‍ന്നാണ് പി കെ വിജയമോഹനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാനനേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.  പാര്‍ട്ടി നിര്‍ദേശം പരിഗണിച്ച് സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തു നിന്നും വിജയമോഹനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എംകെ ദാമോദരന്റെ ശുപാര്‍ശ പ്രകാരമാണ് വിജയമോഹന്‍ സര്‍ക്കാര്‍ പ്ലീഡറായത്. അതേസമയം സര്‍ക്കാര്‍ അഭിഭാഷകരെ നിയന്ത്രിക്കുന്ന അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് പോലും, വിജയമോഹനെ ഒഴിവാക്കിയ തീരുമാനം അറിയുന്നത് ഉത്തരവ് ഇറങ്ങിയതിന് ശേഷമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

SCROLL FOR NEXT