തൃശൂര്‍: അന്തിക്കാട് ബിജെപി പ്രവര്‍ത്തകന്‍ നിധിലിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പിടിയിലായി. അന്തിക്കാട് സ്വദേശി ശ്രീരാഗാണ് പിടിയിലായത്. കൊലയ്ക്ക് ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെത്തി. എറണാകുളം പനങ്ങാട് നിന്നാണ് വാഹനം കണ്ടെത്തിയത്. കാറ്ററിങ് സ്ഥാപനത്തിന്റെ വാഹനത്തിലാണ് ഇവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.
ശനിയാഴ്ചയാണ് നിധിലിനെ അന്തിക്കാട് വെച്ച് കാറ് തടഞ്ഞുനിര്‍ത്തി വെട്ടി കൊലപ്പെടുത്തിയത്. അക്രമി സംഘം എത്തിയത് പ്രതികളില്‍ ഒരാളായ സനല്‍ ഓടിച്ച കാറിലാണ്. മുറ്റിച്ചൂര്‍ സ്വദേശിയായ സനല്‍ നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലാണ്. കൊലയാളി സംഘത്തിലൊരാള്‍ ശാരീരിക അവശതയുള്ള ഒരാളാണെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
കാന്‍സര്‍ ബാധിച്ചതിനാല്‍ നട്ടെല്ലിനു ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഇതിനു ശേഷം നേരാവണ്ണം നടക്കാന്‍ സനലിനു കഴിയില്ല. അതിനാല്‍ വടി കുത്തിപിടിച്ചാണ് നടക്കാറുള്ളത്. തൃശൂര്‍ പാലിയേക്കരയില്‍ നിന്നാണ് കാര്‍ വാടകയ്‌ക്കെടുത്തത്. ചേര്‍പ്പിലെ വാടക വീട്ടിലാണ് സനല്‍ ഉള്‍പ്പെടെ നാലു പേര്‍ താമസിച്ചിരുന്നത്. നിധില്‍ അന്തിക്കാട് സ്റ്റേഷനില്‍ ഒപ്പിടാന്‍ വരാറുള്ളത് ഇവര്‍ക്ക് അറിയാമായിരുന്നു. രാവിലെ മദ്യപിച്ച ശേഷമാണ് ചേര്‍പ്പിലെ വാടക വീട്ടില്‍ നിന്നിറങ്ങിയത്. നേരെ പോയത് അന്തിക്കാട് സ്റ്റേഷന്‍ പരിസരത്തേയ്ക്കായിരുന്നു. സനല്‍ മാത്രം മദ്യപിച്ചിരുന്നില്ല.
അന്തിക്കാട് സ്റ്റേഷന്‍ പരിസരത്തുവച്ച് നിധിലിനെ അക്രമി സംഘം കണ്ടു. പക്ഷേ കൂടെ ആളുകളുണ്ടായിരുന്നു. പദ്ധതി ഉപേക്ഷിച്ച് ഇവര്‍ മടങ്ങി. വഴിയരികിലെ മരച്ചുവട്ടില്‍ വിശ്രമിച്ചു. വീണ്ടും അന്തിക്കാട് ഭാഗത്തേക്കു പോകാനായി കാറെടുത്തു. മാങ്ങാട്ടുകരയില്‍ എത്തിയപ്പോഴാണു നിധിലിന്റെ നീല കാര്‍ എതിരെ വരുന്നത് കണ്ടത്. കാറില്‍ തനിച്ചാണെന്നു മനസിലായതോടെ അതേ വേഗതയില്‍തന്നെ നേര്‍ക്കുനേര്‍ കാറിലിടിച്ചു.
കാറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിധിലിനെ വെട്ടിവീഴ്ത്തി. കാറില്‍ നിന്നിറങ്ങിയ സനലും വെട്ടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് വിരലിനു സ്വന്തം സംഘാംഗങ്ങളുടെ പക്കല്‍ നിന്ന് തന്നെ വെട്ടു കൊണ്ടത്. വിരല്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു. നിധില്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ കാറില്‍ രക്ഷപ്പെടാനായിരുന്നു അക്രമി സംഘത്തിന്റെ ശ്രമം. എന്നാല്‍ കാര്‍ സ്റ്റാര്‍ട്ടായില്ല, ഉടനെ അതുവഴി വന്ന മറ്റൊരു കാര്‍ മഴുവും വാളും കാട്ടി കൊലയാളി സംഘം തടഞ്ഞു. കാറ്ററിങ് നടത്തിപ്പുകാരനായ യുവാവായിരുന്നു കാറില്‍. ആയുധങ്ങള്‍ കണ്ടതോടെ കാര്‍ നിര്‍ത്തി കാറ്ററിങ്ങുകാരന്‍ ഓടിരക്ഷപ്പെട്ടു. ഈ കാറുമായി കൊലയാളി സംഘം രക്ഷപ്പെട്ടു. വഴിമധ്യേ സനലിനെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്കു വിട്ടു.
തൃശൂര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. അപകടത്തില്‍ വിരല്‍ അറ്റു തൂങ്ങിയതാണെന്ന് ആശുപത്രിക്കാരോട് പറഞ്ഞു. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ആംബുലന്‍സിലാണ് സനല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.
ജില്ലയിലെ എല്ലാ ആശുപത്രികളിലും പൊലീസ് അന്വേഷിച്ചു. വടി കുത്തിപ്പിടിച്ചു നടക്കുന്ന ക്രിമിനല്‍ സംഘാംഗം സനലാണെന്ന് അന്തിക്കാട്ടെ പൊലീസുകാര്‍ക്ക് അറിയാമായിരുന്നു. തൃശൂരിലെ പൊലീസ് സംഘം നേരെ സ്വകാര്യ ആശുപത്രിയില്‍ എത്തി. അപ്പോഴാണ്, സനല്‍ ആശുപത്രി വരാന്തയിലൂടെ വോക്കറിന്റെ സഹായത്തോടെ നടക്കുന്നത് കണ്ടത്. സനല്‍ ഇപ്പോള്‍ പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരുകയാണ്. കൂട്ടുപ്രതികളുടെ പേരുകളെല്ലാം സനല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates