തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു വായില്‍ത്തോന്നിയതല്ല ഇന്ത്യാ ചരിത്രം. തെരഞ്ഞെടുപ്പുയോഗങ്ങളില്‍ ലജ്ജാശൂന്യമായി വിളിച്ചു പറയുന്ന അസംബന്ധങ്ങള്‍ സമാഹരിച്ച് പുതിയ ചരിത്രം സൃഷ്ടിക്കാമെന്ന് സംഘപരിവാറിന്റെ ബൗദ്ധിക കാര്യവാഹകുമാര്‍ ധരിച്ചുവെച്ചിട്ടുണ്ടെങ്കില്‍ ആ വ്യാമോഹം ചെലവാകാന്‍ പോകുന്നില്ല. വായില്‍ത്തോന്നിയത് വിളിച്ചു പറഞ്ഞാല്‍ ചരിത്രമുള്ളടത്തോളം കാലം നാണം കെടാം. വേറൊരു കാര്യവുമില്ലെന്ന് വിനയപൂര്‍വം സാക്ഷാല്‍ നരേന്ദ്രമോദിയെ ഓര്‍മ്മിപ്പിക്കട്ടെ. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.
ഭഗത് സിംഗിനെക്കുറിച്ചായിരുന്നു മോദിയുടെ ഒടുവിലത്തെ പ്രസ്താവന. തൂക്കുമരം കാത്ത് തടവറയില്‍ കിടന്ന ഭഗത് സിംഗിനെ ജവഹര്‍ലാല്‍ നെഹ്രു സന്ദര്‍ശിച്ചില്ലത്രേ. അക്ഷരാഭ്യാസത്തിന്റെ പരിമിതിയുള്ള സംഘികളുടെ കൈയടി നേടാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇങ്ങനെ തരംതാഴാമോ? ജയിലില്‍ തടവുകാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭഗത് സിംഗും ഭുവനേശ്വര്‍ ദത്തുമടക്കമുള്ളവര്‍ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ നെഹ്രു അവരെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. 1929 ആഗസ്റ്റ് എട്ടിന്. ആ അനുഭവം തന്റെ ആത്മകഥയില്‍ അദ്ദേഹം വിശദമായി വിവരിക്കുകയും ചെയ്തിട്ടുണ്ട്.
ചരിത്രത്തെ രാഷ്ട്രീയത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നതിനു മുമ്പ് പോയി ചരിത്രപുസ്തകം വായിക്കൂ എന്നാണ് ഭഗത് സിംഗിന്റെ ജീവചരിത്രമെഴുതിയ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ട്വിറ്ററില്‍ പ്രതികരിച്ചതെന്നും ഡോ. തോമസ് ഐസക്ക് എഫ്ബി പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചൂവടെ
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു വായില്‍ത്തോന്നിയതല്ല ഇന്ത്യാ ചരിത്രം. തെരഞ്ഞെടുപ്പുയോഗങ്ങളില്‍ ലജ്ജാശൂന്യമായി അദ്ദേഹം വിളിച്ചു പറയുന്ന അസംബന്ധങ്ങള്‍ സമാഹരിച്ച് പുതിയ ചരിത്രം സൃഷ്ടിക്കാമെന്ന് സംഘപരിവാറിന്റെ ബൌദ്ധികകാര്യവാഹകുമാര്‍ ധരിച്ചുവെച്ചിട്ടുണ്ടെങ്കില്‍ ആ വ്യാമോഹം ചെലവാകാനും പോകുന്നില്ല. വായില്‍ത്തോന്നിയത് വിളിച്ചു പറഞ്ഞാല്‍ ചരിത്രമുള്ളടത്തോളം കാലം നാണം കെടാം. വേറൊരു കാര്യവുമില്ലെന്ന് വിനയപൂര്‍വം സാക്ഷാല്‍ നരേന്ദ്രമോദിയെ ഓര്‍മ്മിപ്പിക്കട്ടെ.
ഭഗത് സിംഗിനെക്കുറിച്ചാണ് ലേറ്റസ്റ്റ് പ്രകടനം. തൂക്കുമരം കാത്ത് തടവറയില്‍ കിടന്ന ഭഗത് സിംഗിനെ ജവഹര്‍ലാല്‍ നെഹ്രു സന്ദര്‍ശിച്ചില്ലത്രേ. അക്ഷരാഭ്യാസത്തിന്റെ പരിമിതിയുള്ള സംഘികളുടെ കൈയടി നേടാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇങ്ങനെ തരംതാഴാമോ? ഒരു ഗൂഗിള്‍ സെര്‍ച്ചു മതി, ഈ ആരോപണം പൊളിഞ്ഞു പാളീസാകാന്‍. ഏതു സംഘപരിവാറുകാര്‍ക്കും പരീക്ഷിക്കാവുന്നതേയുള്ളൂ. ജയിലില്‍ തടവുകാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭഗത് സിംഗും ഭുവനേശ്വര്‍ ദത്തുമടക്കമുള്ളവര്‍ നിരാഹാരസമരം ആരംഭിച്ചപ്പോള്‍ നെഹ്രു അവരെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. 1929 ആഗസ്റ്റ് എട്ടിന്. ആ അനുഭവം തന്റെ ആത്മകഥയില്‍ അദ്ദേഹം വിശദമായി വിവരിക്കുകയും ചെയ്തിട്ടുണ്ട്.
ചരിത്രത്തെ രാഷ്ട്രീയത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നതിനു മുമ്പ് പോയി ചരിത്രപുസ്തകം വായിക്കൂ എന്നാണ് ഭഗത് സിംഗിന്റെ ജീവചരിത്രമെഴുതിയ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ട്വിറ്ററില്‍ പ്രതികരിച്ചത്. മറ്റേതെങ്കിലും നാട്ടിലെ പണ്ഡിത സമൂഹത്തിന് ഇത്തരമൊരു ഗതികേടു വന്നിട്ടുണ്ടോ എന്നറിയില്ല. വല്ലതും വായിച്ചും പഠിച്ചും ബോധമുറപ്പിച്ചിട്ടുവേണം, പ്രസംഗിക്കാനിറങ്ങേണ്ടത് എന്ന് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ്. എന്തൊരു ഗതികേടാണിത്!
ഇതോടൊപ്പമുള്ള വീഡിയോ നോക്കൂ. ജനറല്‍ കരിയപ്പയെക്കുറിച്ചും ജനറല്‍ തിമ്മപ്പയെക്കുറിച്ചും പമ്പരവിഡ്ഢിത്തരങ്ങളാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പു യോഗങ്ങളില്‍ തട്ടിവിടുന്നത്. കര്‍ണാടകയുടെ പുത്രന്മാരായിരുന്നു പ്രഗത്ഭരായ ഈ സൈനിക മേധാവിമാര്‍. അവരെ ജവഹര്‍ലാല്‍ നെഹ്രു അവഹേളിച്ചു എന്നു പ്രചരിപ്പിച്ചാല്‍ പ്രാദേശിക വികാരമിളകി പത്ത് വോട്ടു കിട്ടുമോ എന്നാണ് മോദിയുടെ ചിന്ത. അതിനുവേണ്ടി അവരെ നീചമായി അവഹേളിക്കുകയാണ് അദ്ദേഹം.
1948ല്‍ പാകിസ്താനുമായി യുദ്ധം ജയിപ്പിച്ചത് ജനറല്‍ തിമ്മയ്യയുടെ നേതൃത്വത്തിലായിരുന്നുവെന്നും അതിനുശേഷം അദ്ദേഹത്തെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവും പ്രതിരോധ മന്ത്രിയായിരുന്ന കൃഷ്ണമേനോനും തുടര്‍ച്ചയായി അവഹേളിച്ചുവെന്നും അപമാനിതനായ ജനറല്‍ തിമ്മയ്യയ്ക്ക് രാജിവെയ്‌ക്കേണ്ടി വന്നു എന്നുമൊക്കെയാണ് ഒരു പൊതുയോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വെച്ചു കീറിയത്.
അസംബന്ധങ്ങളുടെ ഘോഷയാത്രയാണീ പ്രസ്താവന. ജനറല്‍ തിമ്മയ്യ കരസേനാ മേധാവിയായത് 1957ല്‍. 1961വരെ ആ പദവിയില്‍ തുടര്‍ന്നു. ഈ ഉദ്യോഗസ്ഥന്‍ 1948 ല്‍ രാജിവെച്ചുപോയി എന്നു സംശയലേശമെന്യേ പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കുക. തീര്‍ന്നില്ല, 1948ലെ യുദ്ധാനന്തരം അദ്ദേഹത്തെ ഐക്യരാഷ്ട്രസഭയുടെ കൊറിയയിലെ പുനരധിവാസ കമ്മിഷന്റെ ചെയര്‍മാനായി നിയോഗിക്കുകയാണ് അന്നത്തെ സര്‍ക്കാര്‍ ചെയ്തത്. ഈ വിധത്തിലാണ് രാജ്യം ജനറല്‍ തിമ്മയ്യയെ ആദരിച്ചത്. അതൊക്കെ ഔദ്യോഗിക ചരിത്രരേഖയാണെന്നിരിക്കെ, ജവഹര്‍ലാല്‍ നെഹ്രു തുടര്‍ച്ചയായി അവഹേളിച്ചു എന്നൊക്കെ ആരോപിക്കാന്‍ മടിക്കാത്തവരെ നാം എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്?
1962ലെ ചൈനാ യുദ്ധത്തിന് നേതൃത്വം നല്‍കിയ ജനറല്‍ കരിയപ്പയെയും ജവഹര്‍ ലാല്‍ നെഹ്രു അവഹേളിച്ചത്രേ. 1953ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ജനറല്‍ കരിയപ്പയെക്കുറിച്ചാണിതു പറയുന്നത്.
യഥാര്‍ത്ഥത്തില്‍ ജനറല്‍ കരിയപ്പയെയും ജനറല്‍ തിമ്മയ്യയെയയും നീചമായി അവഹേളിച്ചത് നരേന്ദ്രമോദിയാണ്. നട്ടാല്‍ക്കുരുക്കാത്ത നുണകളെഴുന്നെള്ളിച്ച് ഇന്ത്യയുടെ പ്രഗത്ഭരായ സൈനിക മേധാവിമാരുടെ സേവനപാരമ്പര്യവും സല്‍ക്കീര്‍ത്തിയും വ്യക്തിത്വവും അന്തസുമാണ് ചവിട്ടിയരച്ചത്. പത്തോട്ടു പ്രതീക്ഷിച്ച് പ്രാദേശികവികാരമിളക്കിവിടാന്‍ നടത്തിയ അഭ്യാസം.
ഇത്തരം കപടനാടകങ്ങളുടെ തിരക്കഥ ഇന്ത്യയുടെ ചരിത്രമാക്കാമെന്ന പ്രതീക്ഷ വെറും വ്യാമോഹം മാത്രമാണെന്ന് വൈകാതെ സംഘപരിവാറിന് ബോധ്യമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates