കൊച്ചി: കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ സജീവ ചര്‍ച്ചയാകുന്നതിനിടെ നിയമസഭ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ എഴതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. മുഹമ്മദ് ഷഫീഖ് എന്ന പത്രപ്രവര്‍ത്തകനാണ് നിയമസഭ സന്ദര്‍ശിച്ചതിന്റെ അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.
ചാനല്‍ ചര്‍ച്ചകളില്‍ പരസ്പരം കടിച്ചുകീറുന്ന നേതാന്‍മാര്‍ രാഷ്ട്രീയ വൈരം മറന്ന് സ്‌നേഹം പ്രകടിപ്പിക്കുന്ന കാഴ്ചകള്‍ മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസം പോലെ മനോഹരമാണെന്നും ഷഫീഖ് കുറിപ്പില്‍ പറയുന്നു. ഓരോ രാഷ്ട്രീയ കൊല നടത്തുമ്പോഴും സമര കൊലവിളികള്‍ ഉയരുമ്പോഴും കണ്ണൂര്‍ മോഡല്‍ ആവര്‍ത്തിക്കുമ്പോഴും പ്രബുദ്ധരായ അണികള്‍ ഒരു പ്രാവശ്യമെങ്കിലും ഒരു സാധാരണ ദിവസത്തെ നിയമസഭാ സമ്മേളനം നിര്‍ബന്ധമായും കണ്ടിരിക്കണം.എല്ലാ പാര്‍ട്ടി യിലെയും ന്യായീകരണ തൊഴിലാളികള്‍ പ്രത്യേകിച്ചുമെന്ന് ഷഫീഖ് പറയുന്നു
കുറച്ച് കൂട്ടുകാര്‍ക്കൊപ്പം തലസ്ഥാന നഗരിയിലെത്തിയപ്പോഴാണ് ചില വിചിത്രാനുഭവങ്ങള്‍ വന്നു ഭവിച്ചത്. മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസം നിറഞ്ഞു നില്‍ക്കുന്ന ഒരു മാസ്റ്റര്‍ പീസ് നോവലിലെ കഥാപാത്രങ്ങളായി മാറി പൊടുന്നനെ ഞങ്ങളെല്ലാരും. എം എല്‍ എ ഹോസ്റ്റലില്‍ ചെന്നപ്പോള്‍ പരിചയപ്പെട്ട എം എല്‍ എ മാരൊക്കെയും അത്ഭുതകരമായി അവരെ അകലെ നിന്നും ചാനലില്‍ നിന്നും കണ്ടു പരിചയിച്ചതിലും സൗമ്യരായിരുന്നു. ചാനലില്‍ കാണുമ്പോള്‍ അഹങ്കാരി, വായാടി, താന്തോന്നി എന്നിങ്ങനെയുളള പദങ്ങളാല്‍ വിശേഷിപ്പിക്കാന്‍ തോന്നുമെങ്കിലും നേരിട്ട് കാണുമ്പോള്‍ എല്ലാവരും ഒന്നിനൊന്ന് നല്ല മനുഷ്യര്‍. ഇനിയും വീണ്ടും വീണ്ടും കാണാനും സൗഹൃദപൂര്‍വമൊരു ചായ കുടിച്ചു പിരിയാനും തോന്നിപ്പിക്കുന്നവര്‍.
തലശേരിയിലെ മുത്ത് എ എന്‍ ഷംസീര്‍, ഏറനാടന്‍ പുലി പി കെ ബഷീര്‍, പൂഞ്ഞാര്‍ സിംഹം പി സി ജോര്‍ജ്..
ഇതിനിടെ പിറ്റേ ദിവസം നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ താനൊരു ഒറ്റയാന്‍ മുന്നേറ്റം നടത്തുമെന്നും ഇവിടം വരെ വന്നിട്ട് കുഞ്ഞുങ്ങള്‍ അത് കാണാതിരിക്കരുതെന്നും പറഞ്ഞ് നിയമസഭാ സമ്മേളനം കാണാന്‍ ആദ്യം ക്ഷണിച്ചത് പി സി ജോര്‍ജ്. പിന്നീട് ബഷീറും അതാവര്‍ത്തിച്ചു. ഷംസീര്‍ ഒരുപടി കൂടി കടന്ന് ഇനിയൊരു ദിവസത്തേക്ക് പുറത്തെങ്ങും റൂമെടുക്കണ്ട, ഈ എം എല്‍ എ ഹോസ്റ്റലില്‍ കഴിയാമെന്നും ക്ഷണിച്ചു.
പിറ്റേ ദിവസം.
പിറ്റേ ദിവസമാണ് വിചിത്രാനുഭവങ്ങള്‍ ആരംഭിച്ചത്.
നിയമസഭാ സമ്മേളനം കാണാന്‍ മൂന്ന് എല്‍ എ മാരുടെയും ശിപാര്‍ശ വഴിയെത്തിയ ഞങ്ങള്‍ 90 കളിലെ രാഷ്ട്രീയ സിനിമകളുടെയും പത്രങ്ങളിലെ സ്ഥിരം വിധ്വംസക ഖണ്ഡനമണ്ഡന പ്രസംഗങ്ങളുടെയും കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയ ചേരിതിരിവിന്റേയും ഹാങ്ങോവറിലായിരുന്നു. സ്ഥിരമായി പത്രങ്ങളില്‍, ചാനലുകളില്‍ കടിച്ചുകീറുന്ന ശരീരഭാഷയോടെ മാത്രം കാണപ്പെടുന്ന നേതാക്കള്‍ക്ക് റസ്ലിങ് റിംഗ് പോലെയായിരിക്കും നിയമസഭ. സ്ഥിരം ഇടികൂടുന്ന ഇവര്‍ തൊട്ടടുത്ത് ഒരു കൈയ്യകലം കണ്ടുമുട്ടിയാല്‍ ചോര ചിന്തുമെന്നും വെട്ടി മരിക്കുമെന്നൊക്കെ സ്വാഭാവികമായും ഞങ്ങള്‍ കരുതി. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഒരു മാജിക്കല്‍ റിയലിസ്റ്റിക് അനുഭവം. കണ്‍മുന്നില്‍ നടക്കുന്നതെല്ലാം സത്യമാണോ മിഥ്യയാണോ എന്നറിയാന്‍ എനിക്ക് എന്റെ കൈവെള്ളയില്‍ തന്നെ നുളളി നോക്കേണ്ടി വന്നു.
നിയമസഭാ ഗാലറിയില്‍ നിന്നും കണ്ട കാഴ്ചകള്‍ താഴെ ചേര്‍ക്കുന്നു:
1 വി ടി ബല്‍റാം മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന് കുശലം പറയുന്നു. മുഖ്യമന്ത്രിയുടെ മുഖത്ത് അപൂര്‍വമായി മാത്രം കണ്ടു വരുന്ന ചിരി വിരിയുന്നു. ( തലേന്നാണ് മുഖ്യനെ കളിയാക്കിയുള്ള വി ടി യു ടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചത്. മുഖ്യന്‍ അതിനു രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. നിയമസഭയില്‍ പക്ഷേ, നേരിട്ടു കണ്ടപ്പോള്‍ ഇരുവരും ഇണ പിരിയാത്ത കൂട്ടുകാരെപ്പോലെ! )
2. പി സി ജോര്‍ജും ഗണേഷ് കുമാറും അടുത്തടുത്തിരുന്ന് ലോഹ്യം പങ്കുവെക്കുന്നു! ( സരിതയെവിടെ, സൗഹൃദമിവിടെ!)
3. ഉമ്മന്‍ ചാണ്ടിയും കെ എം മാണിയും ഒരമ്മ പെറ്റവരെപ്പോലെ കഥകള്‍ കൈമാറുന്നു.
4. വി ടി ബല്‍റാം ഒരു റൗണ്ട് കറക്കം പൂര്‍ത്തിയാക്കി സ്വരാജിന്റെയും ഷംസീറിന്റെയുമടുത്തിരുന്ന് മറ്റൊരു വെടിവട്ടത്തിനുള്ള ഒരുക്കമാണ്. (ഉം...! )
5. എം കെ മുനീറും തോമസ് ഐസക്കും എംഗല്‍സും മാര്‍ക്‌സുമെന്ന പോലെ ഏതോ സൈദ്ധാന്തിക ചര്‍ച്ചയിലാണ്.
6. വി എസിന് ഒ രാജഗോപാല്‍ വക പ്രത്യേക ബഹുമാനവും ആദരവും ഷേക്ക് ഹാന്‍ഡും..
നേരിട്ടു കാണുമ്പോള്‍ ഇത്രയേറെ അത്ഭുങ്ങള്‍ നിറഞ്ഞ കാഴ്ചകള്‍ ചിലപ്പോള്‍ മാര്‍ക്കേസിന്റെ നോവലിലേ കണ്ടിട്ടുള്ളൂ. ഓരോ നിമിഷവും അത്ഭുതപരതന്ത്രനായി നില്‍ക്കവേ, ഒരു നിമിഷം പാര്‍ട്ടികള്‍ക്ക് വേണ്ടി രക്തസാക്ഷികളായവരേയും സ്വര്‍ഗീയരായവരേയും ഷഹീദായവരെയും ജയിലിലും ഒളിവിലുമായി കഴിയുന്നവരെയും ഓര്‍ത്തു പോയി.
വിഡ്ഢികള്‍!
അവര്‍ക്കതു തന്നെ വേണം.
നേതാക്കന്‍മാര്‍ ചെയ്യുന്നത് സ്വജീവിതത്തില്‍ പകര്‍ത്താത്ത കുറേ ആവേശ രോഗികള്‍..
ഉ വാ ച: ഓരോ രാഷ്ട്രീയ കൊല നടത്തുമ്പോഴും സമര കൊലവിളികള്‍ ഉയരുമ്പോഴും കണ്ണൂര്‍ മോഡല്‍ ആവര്‍ത്തിക്കുമ്പോഴും പ്രബുദ്ധരായ അണികള്‍ ഒരു പ്രാവശ്യമെങ്കിലും ഒരു സാധാരണ ദിവസത്തെ നിയമസഭാ സമ്മേളനം നിര്‍ബന്ധമായും കണ്ടിരിക്കണം.
എല്ലാ പാര്‍ട്ടി യിലെയും ന്യായീകരണ തൊഴിലാളികള്‍ പ്രത്യേകിച്ച്!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates