തിരുവനന്തപുരം: മൂന്നു കുട്ടികളുടെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മകള്‍ നിറഞ്ഞ ചേങ്കോട്ടുകോണത്തെ രോഹിണി ഭവനില്‍ മറ്റൊരു 3 വയസ്സുകാരന്‍ ഇന്നു നോവുള്ള കാഴ്ചയാകും. പ്രവീണ്‍കുമാറിന്റെയും ശരണ്യയുടെയും സംസ്‌കാര ക്രിയകള്‍ ചെയ്യുന്നതു ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകന്‍ ആരവാണ് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാവിലെ ഒന്‍പതിനാണു സംസ്‌കാരം. മൂന്നു കുട്ടികളെയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തില്‍ ചടങ്ങുകളില്ലാതെ സംസ്‌കരിക്കും. ഇരുവശത്തും അച്ഛനമ്മമാര്‍ക്കു ചിതയൊരുക്കും.
റിസോര്‍ട്ടില്‍ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത് കുമാറിന്റെയും ഇന്ദുലേഖയുടെയും മകന്‍ മാധവിേേനാട് എങ്ങനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കും എന്ന വിഷമത്തിലാണ് ബന്ധുക്കള്‍. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് മാധവ് വീട്ടിലെത്തിയത്. ''സ്വീറ്റ്‌സ് അച്ഛന്റെയും അമ്മയുടെയും കയ്യിലാണ്. എല്ലാവര്‍ക്കും തരും''- ഒന്നുമറിയാതെ മാധവ് ഇതു പറഞ്ഞപ്പോള്‍ ഉറ്റവര്‍ കണ്ണീരടക്കാന്‍ പാടുപെട്ടു.
'അച്ഛനും അമ്മയും എന്തോ വാതകം ശ്വസിച്ച് ആശുപത്രിയിലാണ്. നാളെ വരും. സച്ചു (അനുജന്‍ വൈഷ്ണവ്) അവരുടെ കൂടെനിന്നതു നന്നായി. എന്റെ കൂടെ വന്നിരുന്നെങ്കില്‍ കരഞ്ഞു ബഹളം വച്ചേനെ. അവന് അച്ഛനുമമ്മയും ഇല്ലാതെ പറ്റില്ല''- കാര്യങ്ങളറിയാതെ മാധവ് പറഞ്ഞു. പെട്ടെന്നു മരണവിവരം അറിഞ്ഞാല്‍ താങ്ങാനാവില്ലെന്നും സാവധാനം വിവരം അറിയിക്കുന്നതാണ് നല്ലതെന്നും വീട്ടിലെത്തിയ സില്‍വര്‍ ഹില്‍സ് സ്‌കൂളിലെ അധ്യാപകര്‍ ബന്ധുക്കളോടു പറഞ്ഞു.
സ്‌കൂള്‍ കൗണ്‍സിലര്‍ മാധവിനോടു സംസാരിച്ചു. എല്ലാം മൂളിക്കേട്ട അവന്‍ അല്‍പസമയം പകച്ചിരുന്നു; പിന്നെ വിതുമ്പിക്കരഞ്ഞു. എല്ലാവരും ആശ്വസിപ്പിച്ചതോടെ അടങ്ങി. വൈകിട്ട് ചെറിയച്ഛന്‍ വാങ്ങി നല്‍കിയ പുത്തന്‍ സൈക്കിളില്‍ കളിക്കുമ്പോള്‍ മാധവിന്റെ മുഖത്തു സങ്കടം ഉരുണ്ടുകൂടിനിന്നു.
വീട്ടിലേക്കു മന്ത്രിയുള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ എത്തുമ്പോള്‍, 'ഇവിടെയെന്തോ സംഭവമുണ്ടല്ലോ' എന്നു സംശയത്തോടെ ചോദിച്ചു. രഞ്ജിത്തിന്റെയും ഇന്ദുവിന്റെയും വൈഷ്ണവിന്റെയും മൃതദേഹങ്ങള്‍ വൈകിട്ട് ആറോടെ ഡല്‍ഹിയിലെത്തി. ഇന്നു രാവിലെ 9.05നുള്ള വിമാനത്തില്‍ പുറപ്പെട്ട് 12നു കോഴിക്കോട്ടെത്തും. സംസ്‌കാരം വൈകിട്ട് അഞ്ചിനു കുന്നമംഗലം താളിക്കുണ്ട് പുനത്തിലെ രഞ്ജിത്തിന്റെ തറവാട്ടു വളപ്പില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates