Kerala

പഞ്ചരത്നങ്ങളിൽ നാല് പേർ വിവാഹ ജീവിതത്തിലേക്ക്; താലികെട്ടിന് കാരണവരാകാൻ ഉത്രജനും

ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് നാല് പേരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓർമ്മയില്ലേ പഞ്ചരത്നങ്ങളെ. ഒരമ്മയുടെ വയറ്റിൽ ഒന്നിച്ചു പിറന്ന പോത്തൻകോട് നന്നാട്ടുകാവിൽ ‘പഞ്ചരത്ന’ത്തിൽ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഏക ആൺതരി ഉത്രജൻ എന്നിവരെ. ഒരു പൂവിലെ ഇതളുകളായി വളർന്ന അവരിൽ നാല് പേർ ഒരേ ​​​ദിവസം വിവാഹിതരാകുന്നു. പുതു ജീവിതത്തിലേക്കു നാല് പെങ്ങന്മാരും കടക്കുമ്പോൾ ഉത്രജൻ താലികെട്ടിനു കാരണവരാകും. ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് നാല് പേരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

മക്കളുടെ ഒമ്പതാം വയസിൽ ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിനു ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്കു തണലായി രമാദേവി ജീവിച്ചു. ഇന്നിപ്പോൾ അമ്മയുടെ സ്നേഹത്തണലിൽ നിന്ന് പുത്തൻ ജീവിതത്തിനൊരുങ്ങുകയാണ് നാല് മക്കളും.

ഫാഷൻ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെഎസ് അജിത്കുമാറാണ് വരൻ. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്‌തീഷ്യാ ടെക്‌നിഷ്യയായ ഉത്രജയെ ജീവിത സഖിയാക്കുന്നത് കുവൈത്തിൽ അനസ്‌തീഷ്യാ ടെക്‌നിഷ്യൻ പത്തനംതിട്ട സ്വദേശി ആകാശ്. ഓൺലൈനിൽ മാധ്യമ പ്രവർത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവർത്തകൻ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്‌സ്തീഷ്യാ ടെക്‌നീഷ്യയായ ഉത്തമയ്ക്ക് മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് താലി ചാർത്തും.

മക്കൾക്ക് 24 വയസാകുന്നു. ഇതിനിടെ തിരിച്ചടികളെ ജീവിച്ചു തോൽപ്പിക്കാൻ ഈ അമ്മ കുടിക്കാത്ത കണ്ണുനീരില്ല. അപ്പോഴൊക്കെ മലയാളികൾ ഇവരോടു ചേർന്നു നിന്നു. സന്തോഷങ്ങൾക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു പ്രേമകുമാറിന്റെ മരണം. പക്ഷേ, മക്കളെ ചേർത്തുപിടിച്ച് തളരാതെ നിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളർത്താൻ തുടങ്ങിയിരുന്നു.

പ്രതിസന്ധികളെ തൂത്തെറിയാൻ പല ദിക്കുകളിൽ നിന്ന് കരങ്ങൾ നീണ്ടു. കടങ്ങൾ വീട്ടി. ജില്ലാ സഹകരണ ബാങ്കിൽ രമയ്ക്ക് സർക്കാർ ജോലി നൽകി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്. സഹകരണ ബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ജോലിയുള്ള രമാദേവിയെ ഇപ്പോഴും ഹൃദയം ഓർമിപ്പിക്കാറുണ്ട്, ഒന്നു സൂക്ഷിക്കണമെന്ന്.

എസ്എടി ആശുപത്രിയിൽ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു 1995 നവംബറിൽ അഞ്ച് പേരുടെയും ജനനം. പിറന്നത് ഉത്രം നാളിലായതിനാൽ നാളു ചേർത്ത് മക്കൾക്ക് പേരിട്ടു. അഞ്ച് മക്കളുടെ പിറവി തൊട്ടിങ്ങോട്ടുള്ള ജീവിതമറിയാൻ കേരളമെന്നും കാത്തിരുന്നിട്ടുണ്ട്. ഒന്നിച്ചു സ്കൂളിൽ പോയതും പരീക്ഷകളിലെ ജയവും ഒന്നിച്ച് വോട്ടു ചെയ്തതും വാർത്തകളിൽ നിറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

SCROLL FOR NEXT