Kerala

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മിച്ചത് ദേശീയ പാത അതോറിറ്റിയുടെ അനുമതിയില്ലാതെ

ദേശീയപാത 66ല്‍ പാലാരിവട്ടത്ത് മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ എന്‍ഒസി നിര്‍ബന്ധമാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കവെ, ആരോപണങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദേശീയ പാതയില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് ദേശീയ പാത അതോറിറ്റിയില്‍ നിന്നും എന്‍ഒസി വാങ്ങിയിട്ടില്ലെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ദേശീയ പാത അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയപാതയില്‍  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ എന്‍ഒസി നിര്‍ബന്ധമാണ്. എന്നാല്‍ പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇത് വാങ്ങിയിട്ടില്ലെന്നാണ് ദേശീയ പാത അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.ഇത് വാങ്ങാതെ തന്നെ 2013ല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. 

2014ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ആര്‍ഡിഎസ് എന്ന കമ്പനിക്കായിരുന്നു നിര്‍മ്മാണത്തിന് കരാര്‍. 24 മാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുളള വ്യവസ്ഥയിലായിരുന്നു കമ്പനിയുമായി കരാറിലേര്‍പ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള കിറ്റ്‌കോ ആയിരുന്നു പ്രോജക്ട് കണ്‍സള്‍ട്ടന്റ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന് ആയിരുന്നു നിര്‍വഹണച്ചുമതല.

മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിന് തൊട്ടുമുന്‍പോ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയിലോ എന്‍ഒസി വാങ്ങാന്‍ കിറ്റ്‌കോയും ആര്‍ബിഡിസികെയും തയ്യാറായില്ലെന്നും ദേശീയ പാത അതോറിറ്റി ആരോപിക്കുന്നു. ആര്‍ബിഡിസികെയ്ക്ക്  പാലത്തിന്റെ നിര്‍വഹണ ചുമതല മാത്രമാണ് ഉണ്ടായിരുന്നതെന്നും പാലത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ വിവിധ അനുമതികള്‍ വാങ്ങിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായിരുന്നുവെന്നാണ് അന്നത്തെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡി എ പി മുഹമ്മദ് ഹനീഷ് പറയുന്നത്. ടോള്‍ ഒഴിവാക്കാനാണ് സംസ്ഥാനം നിര്‍മ്മാണം ഏറ്റെടുത്തത്. ദേശീയ പാതയായിരുന്നുവെങ്കില്‍ ടോള്‍ ചുമത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ സര്‍ക്കാര്‍ പാലം നിര്‍മ്മാണത്തിന് എന്‍ഒസി വാങ്ങിയോ എന്നതിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT