തിരുവനന്തപുരം : മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബിജെപി. തീവ്ര മുസ്ലിം സംഘടനകളും മാവോയിസ്റ്റുകളും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
ബിജെപി തുടക്കംമുതലെ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണെന്നും ശബരിമല വിഷയത്തിലും, മാവോവാദി വിഷയത്തിലും സിപിഎം നിലപാട് ബിജെപിക്ക് സമാനവും സ്വാഗതാര്‍ഹവുമാണെന്നും ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. യുഎപിഎ പിന്‍വലിക്കണമെന്ന പറഞ്ഞ പി.ബിയുടെ മുഖത്ത് എറ്റ പിണറായിയുടെ പ്രഹരമാണ് സിപിഎം ജില്ല സെക്രട്ടറി പി മോഹനന്റെ പ്രസ്താവന. ഈ കാര്യത്തില്‍ യുഎപിഎ പിന്‍വലിക്കണമെന്ന സിപിഎമ്മിന്റെ സംസ്ഥാന നിലപാട് തിരുത്തണമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.
പി മോഹനന്റെ പ്രസ്താവന നിയമസഭയിലും ഉന്നയിക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന സഭയില്‍ ഉന്നയിച്ചത്. സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം ഉണ്ടോയെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തീവ്രവാദത്തെ മതത്തിന്റെ പേരില്‍ കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മോഹനന്റെ പ്രസ്താവനയെ സിപിഎം നേതാവും വ്യവസായ മന്ത്രിയുമായ ഇപി ജയരാജന്‍ തള്ളിപ്പറഞ്ഞു. സഭയ്ക്ക് പുറത്തുള്ളവരുടെ പ്രസ്താവനകളെ ഗൗരവമായി കാണേണ്ടതില്ലെന്നാണ് ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടത്.
താമരശ്ശേരിയില്‍ കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലാണ് പി മോഹനന്‍ ശക്തമായ ഭാഷയില്‍ മാവോയിസ്റ്റ് വിഷയത്തില്‍ പ്രതികരിച്ചത്. മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകളാണ്. മുസ്ലിം തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. മത തീവ്രവാദികള്‍ മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നുവെന്നും പി മോഹനന്‍ ആരോപിച്ചു.
ഇസ്ലാമിസ്റ്റ് തീവ്രവാദികളാണ് ഇപ്പോള്‍ കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോല്‍സാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട് ഈ പുതിയ കോലാഹലവും സാന്നിധ്യവുമൊക്കെ വരുന്നത് കാണിക്കുന്നത്. ആരുടെ പിന്‍ബലത്തിലാണ്, ആരാണ് അവര്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റിന്റെ ശക്തി. അവരാണ് ഇതിനെ കൊണ്ടുനടക്കുന്നത്. അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ട്. അത് വെറും ചങ്ങാത്തമല്ല. എന്‍ഡിഎഫുകാര്‍ക്കും അതുപോലെ മറ്റുചില ഇസ്ലാമിക മതമൗലികവാദ ശക്തികള്‍ക്കുമെല്ലാം എന്തൊരു ആവേശമാണ്. പൊലീസ് പരിശോധിക്കേണ്ടത് പൊലീസ് പരിശോധിച്ചു കൊള്ളണമെന്നും പി മോഹനന്‍ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates