ന്യൂഡൽഹി : പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സലായ ജി പ്രകാശാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നതായാണ് സൂചന.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണത്തെ ശരിവെച്ചത്. അന്വേഷണം സിബിഐക്ക് തുടരാമെന്നും കോടതി ഉത്തരവിട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി കഴിഞ്ഞമാസം വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സിപിഎമ്മിലെ പ്രാദേശിക നേതാക്കളാണ് കേസിലെ പ്രതികള്‍. കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും രേഖകള്‍ പൊലീസ് സിബിഐക്ക് കൈമാറിയിരുന്നില്ല. സിബിഐ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മറുപടി നല്‍കുകയും ചെയ്തിരുന്നില്ല. 88 ലക്ഷം രൂപ ചെലവിട്ട് സുപ്രീം കോടതി അഭിഭാഷകനെ കൊണ്ടുവന്നാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ ഹൈക്കോടതിയില്‍ എതിര്‍ത്തത്.
നീതിക്കായി അവസാന ശ്വാസം വരെ പോരാടുമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യന്‍ പറഞ്ഞു. കൊല്ലപ്പെട്ട ഇരകള്‍ക്ക് വേണ്ടി നില്‍ക്കേണ്ട സര്‍ക്കാരാണ് പ്രതികള്‍ക്കായി നിലകൊള്ളുന്നത്. സര്‍ക്കാര്‍ ഞങ്ങളുടേതു കൂടിയല്ലേ. കേരളത്തിലെ സര്‍ക്കാര്‍ ഒരു പക്ഷത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നു. സിപിഎമ്മിലെ ഉന്നതര്‍ കേസില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണം വരാതിരിക്കാന്‍ ഭഗീരഥ പ്രയത്‌നം നടത്തുന്നതെന്നും സത്യന്‍ ആരോപിച്ചു.
സര്‍ക്കാരിന്റെ അപ്പീലിനെതിരെ ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ തടസ്സഹര്‍ജി നല്‍കിയേക്കും. സര്‍ക്കാരിന്റെ അപ്പീലില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. നീതി തേടി സുപ്രീംകോടതിയോ അതിനപ്പുറമോ വേണമെങ്കില്‍ പോകുമെന്ന് ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ പറഞ്ഞു.
2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ബൈക്കില്‍ ശരത് ലാലിന്റെ വീട്ടിലേക്കു പോകുേമ്പാള്‍ അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി പീതാംബരനാണ് ഒന്നാം പ്രതി. കേസില്‍ ആകെ 14 പ്രതികളാണുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates