Kerala

പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്നവരെ കണ്ടെത്തി ഐഎസ് നിയന്ത്രണ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകാന്‍ കേരളത്തില്‍ സംഘടന ശൃംഖലയുണ്ട് : അശോകന്‍

കേരളത്തില്‍ നിന്ന് ഇതിനോടകം നൂറോളം പേര്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കേരള പൊലീസിന്റെ കണ്ടെത്തലെന്നും അശോകന്‍ ചൂണ്ടിക്കാട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്ന യുവാക്കളെയും യുവതികളെയും കണ്ടെത്തി അവരെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലേക്ക് കൊണ്ട് പോകാന്‍ സംഘടന ശൃംഖല കേരളത്തില്‍ നിലവിലുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ ആരോപിക്കുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അശോകന്റെ ആരോപണം. ഐഎസ്‌ഐഎസ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ തയ്ബ എന്നീ സംഘടനകളുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവയുടെ  വിവിധ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവ ആണ് യുവാക്കളെയും യുവതികളെയും മതം മാറ്റി വിദേശത്തേക്ക് കടത്തുന്നത്. കേരളത്തില്‍ നിന്ന് ഇതിനോടകം നൂറോളം പേര്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കേരള പൊലീസിന്റെ കണ്ടെത്തലെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. 

കേരളത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറുന്നവര്‍ വ്യത്യസ്ത പേരുകളും രൂപ ഭാവങ്ങളും സ്വീകരിക്കാറുണ്ട്. ഇത് പോലീസിന്റെ നിരീക്ഷണ വലയത്തില്‍ നിന്ന് രക്ഷപെടാനാണ്. സ്വതന്ത്രവും ഉയര്‍ന്ന വിദ്യാഭ്യാസവുമുള്ള വ്യക്തികള്‍ വിശദീകരണങ്ങള്‍ ഒന്നും ഇല്ലാതെ വ്യത്യസ്ത പേരുകള്‍ സ്വീകരിക്കാന്‍ ഇടയില്ലെന്നും അശോകന്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാം മതം സ്വീകരിക്കുന്നതിന്റെ ഭാഗമായി അഞ്ച് പേരുകള്‍ വിവിധ ഘട്ടങ്ങളില്‍ ആയി അഖില സ്വീകരിച്ചിരുന്നു എന്ന് അശോകന്‍ വ്യക്തമാക്കി. അസിയ, അദ് യ, അദ്യ, ആദിയ, ഹാദിയ എന്നിവയാണ് അവ. എന്നാല്‍ എന്തുകൊണ്ടാണ് വിവിധ പേരുകള്‍ സ്വീകരിച്ചതെന്ന് ഹാദിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടില്ല. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ അഖില എന്ന യഥാര്‍ത്ഥ പേരും പരാമര്‍ശിച്ചിട്ടുണ്ടെന്നും അഭിഭാഷകനായ എ രഘുനാഥ് മുഖേന അശോകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നു. 

2016 ജൂലൈയില്‍ തന്നോട് നടത്തിയ രണ്ട് ടെലിഫോണ്‍ സംഭാഷണങ്ങളില്‍ സിറിയയില്‍ ആട് മേയ്ക്കാന്‍ പോകുന്നതിനുള്ള താത്പര്യം അഖില അറിയിച്ചിരുന്നു. കഴിഞ്ഞ തവണ സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ ഈ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രം ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ കോടതിയില്‍ വായിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ഈ ടെലിഫോണ്‍ സംഭാഷണത്തെയോ, സിറിയയില്‍ പോകാനുള്ള പദ്ധതിയെയോ ഹാദിയ നിഷേധിച്ചിട്ടില്ലെന്ന് അശോകന്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക സ്‌റ്റേറ്റിന്റെ നിയന്ത്രണത്തില്‍ ഉള്ള സ്ഥലത്തേക്ക് മാറാനുള്ള കേസിലെ എതിര്‍കക്ഷികളുടെ ശ്രമം ഹാദിയ എതിര്‍ത്തിട്ടില്ല. വിവാഹത്തിന് ശേഷം മസ്‌കറ്റിലേക്ക് ഷെഫിന്‍ ജഹാന്‍ കൊണ്ട് പോകാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഹാദിയ നിഷേധിച്ചിട്ടില്ല. താന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നില്ല എങ്കില്‍ ഇതിനോടകം തന്നെ മകളെ വിദേശത്തേക്ക് കടത്തുമായിരുന്നു എന്നും അശോകന്‍ പറയുന്നു. ഹാദിയ കേസ് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT