കൊച്ചി: പ്രളയദുരിതാശ്വാസമായി കേന്ദ്രസര്‍ക്കാരില്‍ നിന്ന്  രണ്ടായിരത്തി ഒരുനൂറുകോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടു. കൊച്ചിയിലെത്തിയ കേന്ദ്ര സംഘത്തിന് ഇത് സംബന്ധിച്ച നിവേദനം കൈമാറി. വീടുകളുടെ കേടുപാടുകള്‍ക്ക് എഴുനൂറ്റി നാല്‍പ്പത്തിയേഴ് കോടിയും ജീവനോപാധികള്‍ നഷ്ടപ്പെട്ട ഇനത്തില്‍ മുന്നൂറ്റി പതിനാറ് കോടിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 1038 വില്ലേജുകളെയാണ് ഇത്തവണത്തെ പ്രളയം ബാധിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ നല്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 
 
അടുത്തടുത്ത വർഷങ്ങളിൽ അതിതീവ്ര മഴ മൂലമുള്ള ദുരന്തം 68 വർഷത്തിനിടയിൽ ആദ്യമായാണു കേരളം നേരിടുന്നത് എന്നു ദുരന്ത നിവാരണ അഥോറിറ്റി കേന്ദ്ര സംഘത്തെ അറിയിച്ചു. ആയതിനാൽ സാധാരണയിൽനിന്നു വ്യത്യസ്തമായി കേരളത്തിന്റെ ഈ വർഷത്തെ മെമ്മോറാണ്ടത്തിനു പ്രത്യേക പരിഗണന നൽകണമെന്നു കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടു. 
2018 ലെ പ്രളയത്തിന്റെ ആഘാതത്തിൽനിന്ന് കരകയറി വന്നുകൊണ്ടിരുന്ന കേരള സമൂഹത്തിനു 2019 ലെ പ്രളയം വലിയ തിരിച്ചടിയാണു നൽകിയത്. കവളപ്പാറയിലെയും പുതുമലയിലെയും രണ്ടു വലിയ ഉരുൾപൊട്ടലിൽ കേരളത്തിന് നഷ്ടമായത് 76 വിലപ്പെട്ട ജീവനുകളാണ്. 31,000 ഹെക്ടർ സ്ഥലത്തെ കൃഷിയാണു നഷ്ടപ്പെട്ടത്. കേന്ദ്ര മാനദണ്ഡ പ്രകാരം തന്നെ 41 കോടി രൂപയുടെ നാശഷ്ടം ഉണ്ടായിട്ടുണ്ട്.
ജലസേചന മേഖലയിൽ 116 കോടിയുടെ നഷ്ടവും വൈദ്യുതി മേഖലയിൽ 103 കോടി രൂപയുടെ നഷ്ടവും പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും 205 കോടി രൂപയുടെ നഷ്ടവും തദ്ദേശ സ്ഥാപങ്ങളുടെ കീഴിലുള്ള നിർമിതികൾക്ക് 170 കോടി രൂപയുടെ നഷ്ടവും കണക്കാക്കിയിട്ടുണ്ട്. അടിയന്തര സഹായമായി 316 കോടി രൂപയും ക്യാന്പുകളുടെയും മറ്റും നടത്തിപ്പിന് 265 കോടി രൂപയും വീടുകളുടെ നാശനഷ്ടത്തിന് 748 കോടി രൂപയും കേന്ദ്ര മാനദണ്ഡ പ്രകാരം നാശനഷ്ടമായി കണക്കാക്കി നൽകിയിട്ടുണ്ട്.
ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ സദർശനം നടത്തുന്ന കേന്ദ്ര സംഘം 20 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി, റവന്യൂ ദുരന്ത നിവാരണ വകുപ്പ് മന്ത്രി എന്നിവരെ സന്ദർശിച്ചശേഷം മടങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates