കൊച്ചി: അന്തരിച്ച പ്രിയ സഖാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് അന്ത്യാഞ്്ജലി അര്‍പ്പിച്ച് എംബി രാജേഷ് എംപിയുടെ വികാരനിര്‍ഭരമായ കുറിപ്പ്. മാംസം കീറിമുറിച്ച് നട്ടെല്ല് നുറുക്കി ഹൃദയം ലക്ഷ്യമാക്കി പാഞ്ഞുവന്ന കഠാരമുനയെ അതിജീവിച്ചവനാണ് ബ്രിട്ടോ. അന്നുമുതല്‍ ഇത്രകാലവും മരണവുമായുള്ള ബ്രിട്ടോയുടെ മുഖാമുഖ പോരാട്ടം ഇന്ന് അവസാനിച്ചു. നീണ്ട 35 വര്‍ഷക്കാലം ബ്രിട്ടോ ഈ പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. ചക്ര കസേരയില്‍ നാടുനീളെ സഞ്ചരിച്ച് കാഴ്ചകളെല്ലാം കണ്‍നിറയെ കണ്ടു. ലോകമാകെയുള്ള എല്ലാ ചലനങ്ങളും സസൂക്ഷ്മം ഗ്രഹിച്ചു, അപഗ്രഥിച്ചു. സുചിന്തിതവും തെളിമയുള്ളതുമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അടങ്ങാത്ത ദാഹത്തോടെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു. നോവലുകളും അനുഭവങ്ങളും എഴുതി.നാടെമ്പാടുമുള്ള മനുഷ്യരോട് ,പ്രത്യേകിച്ച് പുതുതലമുറയോട് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു.പഴയതും പുതിയതുമായ സൗഹൃദങ്ങളെയെല്ലാം ഊര്‍ജ്ജമാക്കി കാണുന്നവര്‍ക്കും പരിചയപ്പെടുന്നവര്‍ക്കുമെല്ലാം ആത്മവിശ്വാസവും പ്രചോദനവുമേകി. ഒടുവില്‍ ഇന്ന് തീര്‍ത്തും അപ്രതീക്ഷിതമായി ആ വാക്കുകള്‍ നിലച്ചുപോയിരിക്കുന്നുവെന്ന് രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ദു:ഖഭരിതമായ ഒരു വര്‍ഷമാണ് 2018. അതിന്റെ മഹാനഷ്ടങ്ങളുടെ പട്ടികയിലേക്ക് പോകുന്ന പോക്കില്‍ ഒരു പേരുകൂടി എഴുതിച്ചേര്‍ത്തിരിക്കുന്നു സൈമണ്‍ ബ്രിട്ടോ റോഡ്രിഗ്‌സ്. 2018 അവസാന മണിക്കൂറുകളില്‍ ഏല്‍പ്പിച്ച ഈ ആഘാതം പുതുവര്‍ഷത്തെ വിഷാദഭരിതമാക്കുന്നു.
മാംസം കീറിമുറിച്ച് നട്ടെല്ല് നുറുക്കി ഹൃദയം ലക്ഷ്യമാക്കി പാഞ്ഞുവന്ന കഠാരമുനയെ അതിജീവിച്ചവനാണ് ബ്രിട്ടോ. അന്നുമുതല്‍ ഇത്രകാലവും മരണവുമായുള്ള ബ്രിട്ടോയുടെ മുഖാമുഖ പോരാട്ടം ഇന്ന് അവസാനിച്ചു. നീണ്ട 35 വര്‍ഷക്കാലം ബ്രിട്ടോ ഈ പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. ചക്ര കസേരയില്‍ നാടുനീളെ സഞ്ചരിച്ച് കാഴ്ചകളെല്ലാം കണ്‍നിറയെ കണ്ടു. ലോകമാകെയുള്ള എല്ലാ ചലനങ്ങളും സസൂക്ഷ്മം ഗ്രഹിച്ചു, അപഗ്രഥിച്ചു. സുചിന്തിതവും തെളിമയുള്ളതുമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അടങ്ങാത്ത ദാഹത്തോടെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു. നോവലുകളും അനുഭവങ്ങളും എഴുതി.നാടെമ്പാടുമുള്ള മനുഷ്യരോട് ,പ്രത്യേകിച്ച് പുതുതലമുറയോട് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു.പഴയതും പുതിയതുമായ സൗഹൃദങ്ങളെയെല്ലാം ഊര്‍ജ്ജമാക്കി കാണുന്നവര്‍ക്കും പരിചയപ്പെടുന്നവര്‍ക്കുമെല്ലാം ആത്മവിശ്വാസവും പ്രചോദനവുമേകി. ഒടുവില്‍ ഇന്ന് തീര്‍ത്തും അപ്രതീക്ഷിതമായി ആ വാക്കുകള്‍ നിലച്ചുപോയിരിക്കുന്നു.
ബ്രിട്ടോയെ ആദ്യം നേരിട്ട് കാണുന്നത് 1992 ഡിസംബര്‍ 6ന് ബാബറിമസ്ജിദ് തകര്‍ത്ത ദിവസം എറണാകുളം മഹാരാജാസ് കോളേജില്‍ വച്ച് നടന്ന എസ്.എഫ്.ഐ.യുടെ സംസ്ഥാന കണ്‍വെന്‍ഷനില്‍ വച്ചാണ്. ബ്രിട്ടോയുടെ വീല്‍ചെയര്‍ ഹാളിലേക്ക് ഉരുണ്ടു വന്നപ്പോഴേക്കും ഇടിമുഴങ്ങുന്നതു പോലെ മുദ്രാവാക്യം വിളി ഉയര്‍ന്നു. ചുരുട്ടിയ മുഷ്ടികള്‍ മുകളിലേക്ക് ഉയര്‍ന്നു താണു.പിന്നീട് സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദതയോടെ സദസ്സ് ബ്രിട്ടോയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. അതിനു ശേഷം അങ്ങനെ എത്രയെത്ര സദസ്സുകള്‍. പിന്നീട് എത്രയോ തവണ കണ്ടുമുട്ടി. പലപ്പോഴും ബ്രിട്ടോയുടെ പ്രകൃതിചികിത്സ വേളയിലാണ് അദ്ദേഹവുമായുള്ള ദീര്‍ഘ സംഭാഷണങ്ങള്‍ ഉണ്ടായിട്ടുള്ളത്. അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍ ! ബ്രിട്ടോ തന്നെ ഒരു ഓര്‍മ്മയായി മാറുമ്പോള്‍ മനസ്സില്‍ അവശേഷിക്കുന്നത് തിളങ്ങുന്ന ആ വലിയ കണ്ണുകളും തീക്ഷ്ണാനുഭവങ്ങളുടെ മൂര്‍ച്ചയേറിയ വാക്കുകളുമാണ്. സീനയുടെയും നിലാവിന്റെയും ബ്രിട്ടോയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് സഖാക്കളുടെയും സങ്കടത്തില്‍ ഞാനും ചേരുന്നു.
പ്രിയ ബ്രിട്ടോ,
സ്‌നേഹനിര്‍ഭരമായ ലാല്‍സലാം കൊണ്ട് നിനക്ക് അന്ത്യാഭിവാദ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates