തിരുവനന്തപുരം : മലയാളത്തിലെ നിത്യഹരിത നായകൻ പ്രേംനസീർ രാഷ്ട്രീയത്തിലിറങ്ങിയത് ചില കോൺഗ്രസ് നേതാക്കളുടെ ഭീഷണി മൂലമെന്ന് വെളിപ്പെടുത്തൽ. നസീറിന്റെ മകൻ ഷാനവാസാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങാൻ നസീറിന് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഇൻകം ടാക്സ് റെയ്ഡ് അടക്കമുള്ള ഭീഷണികളിലൂടെയാണ് അദ്ദേഹത്തെ പ്രചരണ രംഗത്തിറക്കിയത്.
ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഷാനവാസിന്റെ വെളിപ്പെടുത്തൽ. മുന്‍ മുഖ്യമന്ത്രി കരുണാകരനും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ചേര്‍ന്നാണ് പ്രേംനസീറിന് മേൽ ഭീഷണിയും സമ്മർദ്ദവും ചെലുത്തിയതെന്നും ഷാനവാസ് പറഞ്ഞു. ഭീഷണിക്കു വഴങ്ങി പ്രചരണത്തിനിറങ്ങിയെങ്കിലും മത്സരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും ഷാനവാസ് വ്യക്തമാക്കി.
'അദ്ദേഹത്തിന്റെ പൊസിഷനില്‍ നമ്മളാണെങ്കിലും പോയേ പറ്റുമായിരുന്നുള്ളൂ. കാരണം വിളി വന്നത് ഇന്ദിരാഗാന്ധിയില്‍ നിന്നാണ്. മസ്റ്റാണ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. അതേ സമയത്തു തന്നെ വേറൊരു ഗ്യാങ്ങും പുള്ളിയെ പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ തന്നെ ഫിനാന്‍സ് ചെയ്തോളാം. ഒന്നു വന്ന് നിന്ന് തന്നാല്‍ മതി. എന്നൊക്കെ പറഞ്ഞ്. അതിനും പുള്ളി ഡിപ്ലോമാറ്റിക് ആന്‍സേഴ്സ് ആണ് നല്‍കിയത്.'
'കരുണാകരന് പറഞ്ഞ് ഇന്ദിരാഗാന്ധിയും വീട്ടില്‍ വിളിച്ചു. ഒരു കുടുക്കില്‍ കുടുക്കി. ഒരു ഇന്‍കം ടാക്സ് റെയ്ഡൊക്കെയായിട്ട് വിരട്ടിത്തന്നു. അവര്‍ ചെറുതായിട്ടൊന്ന് കളിച്ചതാണ്. പുള്ളി ഇത്രയും വര്‍ഷം അഭിനയിച്ചിട്ടും ഒരു റെയ്ഡും ഇല്ലായിരുന്നു. പര്‍പസ്ലി ആ ടൈമിലൊരു റെയ്ഡ്. ഇതൊക്കെ ചെയ്തെങ്കിലും പുള്ളി അതിലൊന്നും വീണില്ല. കോളേജില്‍ പഠിക്കുമ്പോഴേ രാഷ്ട്രീയക്കാരനായിരുന്നു. എവിടെ നിന്നായാലും മത്സരിക്കാം,സെലക്ട് ചെയ്താല്‍ മതി എന്നായിരുന്നു പറഞ്ഞത്. ഞാന്‍ പ്രവര്‍ത്തിക്കാം, പ്രസംഗിക്കാം. എന്നാലും മത്സരിക്കാനില്ല എന്നു തീര്‍ത്തു പറഞ്ഞു.'
മറ്റൊരു സംഘം നസീറിനെ രാഷ്ട്രീയത്തിലേക്ക് ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് കരുണാകരന്റെ ഇടപെടൽ വരുന്നത്. സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനുള്ള രാഷ്ട്രീയ- സാമ്പത്തിക പിന്തുണ അവർ വാഗ്ദാനം ചെയ്തു. നോക്കട്ടെ എന്നൊക്കെ പറഞ്ഞ് അവരിൽനിന്നു നയപരമായി ഒഴിഞ്ഞു മാറുകയായിരുന്നു അച്ഛൻ ചെയ്തത്. ഇതിനു പിന്നാലെയാണ് കരുണാകരൻ ഇന്ദിരാ ഗാന്ധിയെ നിർബന്ധിച്ച് വീട്ടിലേക്ക് വിളിപ്പിക്കുന്നത്. ചിറയിൻകീഴ് ഉൾപ്പെടെ ഏത് മണ്ഡലത്തിലും മത്സരിക്കാമെന്ന് പറഞ്ഞുവെന്നും ഷാനവാസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates