തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നെങ്കിലും ആശയക്കുഴപ്പം തുടരുകയാണ്. ഏതെല്ലാം ഇനം പ്ലാസ്റ്റിക്കിനാണ് നിരോധനം എന്നതില്‍ പലര്‍ക്കും വ്യക്തത വന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ വിശദീകരണ കുറിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് സര്‍ക്കാര്‍.
കേരളത്തില്‍ 11 ഇനം പ്ലാസ്റ്റിന് വിഭാഗങ്ങളിലെ മാലിന്യങ്ങള്‍ക്കാണ് നിരോധനമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഷീറ്റ് (മേശയില്‍ വിരിക്കാന്‍ ഉപയോഗിക്കുന്നത്), തെര്‍മോക്കോള്‍, സ്‌റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാരവസ്തുക്കള്‍, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്‌ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍, പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പേപ്പര്‍ ബൗള്‍, കോട്ടിംഗുള്ള പേപ്പര്‍ ബാഗുകള്‍, നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് കൊടികള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകള്‍, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍, 500 എം. എലിനു താഴെയുള്ള പെറ്റ് ബോട്ടിലുകള്‍, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്, പിവിസി ഫ്‌ളക്‌സ് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് പാക്കറ്റുകള്‍ എന്നിവയ്‌ക്കെല്ലാം നിരോധനം ബാധകമാണ്.
നിരോധിച്ച വസ്തുക്കള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഉത്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ ഉത്പാദകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായി ചീഫ് സെക്രട്ടറി അറിയിച്ചു.
ജില്ലാ കലക്ടര്‍മാര്‍, സബ് കലക്ടര്‍മാര്‍, തദ്ദേശസ്വയംഭരണ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിരോധനം നടപ്പാക്കാനുള്ള ചുമതല.
ആദ്യ നിയമ ലംഘനത്തിന് പതിനായിരം രൂപയും വീണ്ടും ആവര്‍ത്തിച്ചാല്‍ 25000 രൂപയും മൂന്നാം തവണയും നിയമ ലംഘനം നടത്തിയാല്‍ 50000 രൂപയും പിഴയീടാക്കും. സ്ഥാപനത്തിന്റെ നിര്‍മാണ പ്രവര്‍ത്താനുമതി റദ്ദാക്കുകയും ചെയ്യും. എക്സ്റ്റന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാന്‍ഡഡ് പ്‌ളാസ്റ്റിക് വസ്തുക്കളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഉത്പാദകര്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡിന്റെ ഉടമസ്ഥര്‍ എന്നിവര്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നീക്കം ചെയ്ത് സംസ്‌കരിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates