ജലന്ധര്‍ : ജലന്ധര്‍ രൂപതയിലെ വൈദികനും ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനുമായ ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്നും കോടികള്‍ പിടിച്ചെടുത്ത സംഭവത്തില്‍ വ്യത്യസ്ത വാദങ്ങളുമായി ബാങ്കും രൂപതയും രംഗത്ത്. കഴിഞ്ഞ ദിവസം ആന്റണി മാടശ്ശേരിയില്‍ നിന്നും വാഹന പരിശോധനക്കിടെ ഒമ്പതുകോടി രൂപയോളം കണ്ടെടുത്തു എന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചത്. പണത്തിന്റെ കൃത്യമായ രേഖകള്‍ കാണിക്കാന്‍ ആന്റണി മാടശ്ശേരിക്ക് കഴിഞ്ഞില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ തന്നില്‍ നിന്നും പിടിച്ചെടുത്തത് 16 കോടിയാണെന്നാണ് ഫാദര്‍ ആന്റണി മാടശ്ശേരി വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പർതാപുരയിലെ താമസ സ്ഥലത്ത് റെയ്ഡു നടത്തി 16.65 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. എന്നാൽ 9 കോടി 66 ലക്ഷം മാത്രമേ പഞ്ചാബ് പൊലീസ് ആദായ നികുതി വകുപ്പിന് കൈമാറിയിട്ടുള്ളൂ. 6 കോടി 66 ലക്ഷം രൂപ എവിടെയാണെന്ന് പഞ്ചാബ് പൊലീസ് ഉത്തരം പറയണമെന്നും ഫാദർ ആന്റണി മാടശ്ശേരി പറഞ്ഞു. സഹോദയ കമ്പനിയുടെ രേഖകളുള്ള പണമാണ് പൊലീസ് പിടിച്ചെടുത്തതെന്നും ഫാദർ മാടശ്ശേരി പറഞ്ഞു.
അതിനിടെ കേസില്‍ വിചിത്രവാദവുമായി ജലന്ധര്‍ രൂപതയും രംഗത്തെത്തി. എ കെ 47 തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളുമായി അമ്പതുപേരോളം അടങ്ങുന്ന പൊലീസ് സംഘമാണ് പണം തട്ടിയെടുത്തത്. 6 കോടി 65 ലക്ഷം രൂപ അപ്രത്യക്ഷമായി എന്നും രൂപത ആരോപിച്ചു. സംഭവം വിവാദമായതോടെയാണ് പുതിയ വാദവുമായി രൂപത രംഗത്തെത്തിയത്.
എന്നാല്‍ ആറുകോടി രൂപയാണ് പിടിച്ചെടുത്തതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് വിശദീകരിക്കുന്നു. പണം പിടിച്ചെടുത്തത് വാഹനത്തില്‍ നിന്നല്ല, എഫ്എംജെ ഹൗസില്‍ നിന്നാണെന്നും ബാങ്ക് വ്യക്തമാക്കി. തങ്ങളുടെ ജീവനക്കാര്‍ ആറു കോടി രൂപയാണ് എണ്ണിയതെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ബാങ്കിനുള്ളില്‍ ഇടപാട് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്ന വാദം തെറ്റാണെന്നും ബാങ്ക് വ്യക്തമാക്കുന്നു.
ജലന്ധർ അംബാല ഹൈവേയിൽ വച്ച് മൂന്ന് വാഹനങ്ങളിൽ നിന്ന് പണം പിടിച്ചെടുത്തുവെന്ന ഖന്ന എസ് എസ് പി ധ്രുവ് ദഹിയയുടെ അവകാശ വാദം തെറ്റാണെന്നും ഫാദർ ആന്റണി മാടശ്ശേരി ഇന്നലെ വ്യക്തമാക്കിയിരുന്നു. എസ് എസ് പി ക്കും മറ്റ് പോലീസുകാർക്കും എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയതായും ഫാദർ ആന്റണി മാടശ്ശേരി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ എഎസ്പി ധ്രുവ് ദഹിയക്കെതിരെ വകുപ്പു തല അന്വേഷണത്തിന് പഞ്ചാബ് സർക്കാർ ഉത്തരവിട്ടു. ജലന്ധർ മുൻ കമ്മീഷണറും ചണ്ഡീഗഡ് ക്രൈംബ്രാഞ്ച് ഐജിയുമായ പി കെ സിൻഹയ്ക്കാണ് ജലന്ധർ രൂപതയിലെ വൈദികനിൽ നിന്നും പണം പിടിച്ചതിന്റെ അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates