തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജനജീവിതം നിശ്ചലമാക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ചില പ്രദേശങ്ങളില്‍ ബസുകള്‍ ഓടുന്നില്ല എന്ന പരാതിയുണ്ട്. അത് പരിഹരിക്കണം. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളുടെ സര്‍വീസ് സാധാരണ നിലയിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പും പൊലീസും ഉറപ്പു വരുത്തണം. ഷോപ്പുകളും മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ എടുക്കണം. അടച്ചിടുന്ന സ്ഥിതിയുണ്ടാകരുത്. ജനങ്ങള്‍ക്ക് സാധാരണ ജീവിതം നിലനിര്‍ത്തി പോകാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 വ്യാപനം തടയാന്‍ പരിശോധന കൂടുതല്‍ ഫലപ്രദമാക്കാന്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെപ്പറ്റി അവര്‍ താമസിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കോവിഡ്19 പരിശോധനയ്ക്ക് വിധേയരായിട്ടുള്ള വിദേശികള്‍ക്ക് പരിശോധനാഫലം നെഗറ്റീവായതിനു ശേഷം മാത്രമേ തുടര്‍ യാത്രയ്ക്ക് അനുമതി നല്‍കാവൂ. കേരളത്തിലെത്തുന്ന വിദേശ പൗരന്‍മാരുടെ കൃത്യമായ വിവരം ജില്ലാഭരണകൂടങ്ങള്‍ക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നും ശേഖരിച്ചു നല്‍കേണ്ടതാണ്.
അതിര്‍ത്തി കടന്നുവരുന്ന ട്രെയിനുകളിലെ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദീര്‍ഘദൂര ട്രെയിനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാരെ എക്‌സിറ്റ് പോയിന്റായിട്ടുള്ള റെയില്‍വെ സ്‌റ്റേഷനുകളില്‍ പരിശോധന നടത്തുന്നതിന് സംവിധാനം ഒരുക്കും. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കൊപ്പം കൂടുതല്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ വളണ്ടിയര്‍മാരെ വിന്യസിക്കും. നാം അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യം മനസ്സിലാക്കി യാത്രക്കാര്‍ പരിശോധനയ്ക്ക് സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വിവിധ മതസ്ഥരുടെ ആരാധനായലങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കലക്ടര്‍മാര്‍ എത്രയും പെട്ടെന്ന് വിളിച്ചുചേര്‍ക്കണം. ജനങ്ങള്‍ കൂട്ടം ചേരുന്ന മതപരമായതുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പൊതു അഭ്യര്‍ത്ഥന യോഗത്തില്‍ നടത്തും. പരീക്ഷകള്‍ തീരുമാനിച്ചതുപോലെ നടക്കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates