ഒരു സംസ്ഥാനം മുഴുവന്‍ നിപ്പ എന്ന വൈറസ് ഭീതിയിലാണ്. വൈറസ് മൂലം മരണത്തിന് കീഴടങ്ങുന്ന കുടുംബം പോലും ഒറ്റപ്പെടുന്ന അവസ്ഥ. പേരാമ്പ്ര സൂപ്പിക്കടയിലെ മൂസയുടെയും മറിയത്തിന്റെയും മക്കളായ സബിത്തിനേയും സാലിഹിനേയുമായിരുന്നു ആദ്യം വൈറസ് കൊണ്ടുപോയത്. അതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മൂസയും മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്.
ഇപ്പോള്‍ ആ കുടുംബത്തിലെ അവശേഷിക്കുന്ന രണ്ടു പേര്‍ ഒറ്റപ്പെടലിന്റെ നിസഹായതയിലാണ്. വ്യാഴാഴ്ച രാവിലെ വരെയും മൂസയ്ക്ക് അസുഖം വിട്ടുമാറുന്നുവെന്ന വാര്‍ത്തയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയായിരുന്നു മറിയവും ഏക മകനും. എന്നാല്‍ വീണ്ടും വീണ്ടും ഒറ്റപ്പെടാനാണ് ആ കുടുബത്തിന്റെ വിധി.
മറിയത്തിന്റെ നാല് ആണ്‍മക്കളില്‍ മൂന്ന് പേരേയും അഞ്ച് വര്‍ഷത്തിനിടെ മരണം കൊണ്ടുപോയി. നിപ്പ വൈറസ് ബാധയുണ്ടാക്കിയ ആശങ്ക നിയന്ത്രണ വിധേയമായെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിലും അവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. അവര്‍ക്കിടയിലേക്കാണ് ഇന്നു രാവിലെ മൂസയുടെ മരണവാര്‍ത്ത എത്തുന്നത്.
മരണ ഭയത്തേക്കാള്‍ ഒറ്റപ്പെടുത്തലിന്റെ സങ്കടം അനുഭവിക്കുന്ന പേരാമ്പ്ര ചങ്ങരോത്ത് പ്രദേശത്തേക്ക് ഇടിത്തീപോലെയാണ് ആ വാര്‍ത്ത വന്നത്. മരണശേഷം ഉറ്റവര്‍ പോലും വീട്ടിലെത്താതെ ഇവരെ ഭീതിയോടെ നോക്കുമ്പോള്‍ മുഖത്തോട് മുഖം നോക്കി ദൈവത്തോട് പ്രാര്‍ഥിക്കാനല്ലാതെ ഈ റംസാന്‍ മാസത്തിലും ഉമ്മയ്ക്കും മകനും മറ്റൊന്നിനുമാവുന്നില്ല. രോഗബാധിതരാണെന്ന് അധികൃതര്‍ സംശയിക്കുന്നവരെയെല്ലാം വീണ്ടും ആശങ്കയിലാക്കുകയാണ് മൂസയുടെ മരണം. രോഗം കണ്ടെത്തിയിട്ട് ദിവസങ്ങളായിട്ടും വൈറസിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല എന്നതും ഏറെ ഭീതിയിലാഴ്ത്തുന്നു.
2013ല്‍ ഒരു വാഹനാപകടത്തില്‍ മറിയത്തിന്റെ പ്രിയപുത്രന്‍ മുഹമ്മദ് സലീം ജീവിതത്തോട് വിടപറഞ്ഞു. അന്ന് മറിയത്തിന് നഷ്ടമായത് ഏറെ പ്രതീക്ഷയോടെ ആ കുടുംബം കണ്ടിരുന്ന തങ്ങളുടെ പ്രിയപ്പെട്ട മകനെയാണ്. അഞ്ച് വര്‍ഷത്തിനിപ്പുറം മറ്റ് രണ്ട് മക്കളായ സാബിത്തിനേയും സാലിഹിനേയും മറിയത്തിന് നഷ്ടപ്പെട്ടു. ഒപ്പം ഭര്‍ത്താവ് മൂസയുടെ സഹോദര ഭാര്യയേയും അവരോടൊപ്പം ജീവിതത്തോട് വിടപറഞ്ഞു. ഇപ്പോള്‍ ഭര്‍ത്താവ് മൂസയും പോയി.
മരണവീടുകളില്‍നിന്ന് വൈറസ് ബാധയേല്‍ക്കാന്‍ സാധ്യയുണ്ടെന്ന പ്രചാരണം വന്നതോടെ പലരും ഇവരുടെ വീടിനടുത്തുനിന്നു പോലും ഒഴിഞ്ഞു പോയി. ബന്ധുക്കള്‍ അത്യാവശ്യ സഹായത്തിന് പോലും എത്താത്ത അവസ്ഥയിലാണ്. സാബിത്തിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മറിയവും കൂട്ടിരുന്നിരുന്നുവെങ്കിലും ഇത്ര ദിവസമായിട്ടും എന്ത് കൊണ്ട് തനിക്ക് വൈറസ് ബാധ ഏറ്റില്ലെന്നും മറിയം ചോദിക്കുന്നു. പ്രാര്‍ഥനയും സന്തോഷവുമായി കഴിയേണ്ട പുണ്യമാസത്തില്‍ ദുരന്തങ്ങള്‍ ഒന്നൊന്നായി ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ ഈ കുടുംബത്തിന് ആശ്വസിപ്പിക്കാന്‍ കൂടി കഴിയാതെ കുഴങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates