Kerala

ഭീഷണി ഫോൺ കോൾ വീണ്ടും വന്നതായി ലീന മരിയ പോൾ; പൊലീസ് സംരക്ഷണം തേടി; ഹൈക്കോടതിയേയും സമീപിച്ചു

തിങ്കളാഴ്ച വൈകീട്ടും ഭീഷണി ഫോൺ കോൾ ലഭിച്ചെന്ന് ബ്യൂട്ടി പാർലർ ഉടമയും നടിയുമായ ലീന മരിയ പോൾ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിങ്കളാഴ്ച വൈകീട്ടും ഭീഷണി ഫോൺ കോൾ ലഭിച്ചെന്ന് ബ്യൂട്ടി പാർലർ ഉടമയും നടിയുമായ ലീന മരിയ പോൾ. ഇക്കാര്യം വ്യക്തമാക്കി അവർ പൊലീസിനു മൊഴി നൽകി. ജീവനു ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ലീന മരിയ പോൾ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. കേസ് ബുധനാഴ്ച പരിഗണിക്കും. 

വെടിവയ്പുണ്ടായ നെയിൽ ആർടിസ്ട്രി ബ്യൂട്ടി പാർലർ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് കോൾ വന്നതെന്നാണ് അവർ പൊലീസിനോടു പറഞ്ഞത്. വിദേശ നമ്പരിൽ നിന്നാണ്  കോൾ ലഭിച്ചത്. സംഭാഷണം ഇംഗ്ലീഷിലായിരുന്നു. അതേസമയം മൊബൈൽ ആപ് ഉപയോഗിച്ച് വ്യാജ വിദേശ നമ്പരുണ്ടാക്കി ഫോൺ വിളിക്കുന്നതാണോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.  

25 കോടി രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് തനിക്ക് കഴിഞ്ഞ മാസം മുതൽ ഭീഷണിയുണ്ടെന്നും എന്നാൽ ആരാണെന്ന് അറിയാത്തതിനാൽ ആരെയും സംശയിക്കാനാവില്ലെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. രവി പൂജാരി എന്നു പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയത്. പരിചയമുള്ള നമ്പരിൽ നിന്നല്ല വിളികൾ വന്നത്. അക്രമം എന്തിനാണെന്നറിയില്ല. അക്രമം നടത്തിയവരെപ്പറ്റി സൂചനകളില്ലെന്നും അവർ പൊലീസിനോടു പറഞ്ഞു.

അതേസമയം ഇവരുടെ മൊഴി പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണു സൂചന. ഹവാല ഇടപാടുകൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മറ്റ് ഫോൾ കോളുകളും സാമ്പത്തിക ഇടപാടുകളും അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. 

വിവാഹിതരല്ലെങ്കിലും, തട്ടിപ്പു കേസിൽ ഡൽഹിയിൽ അറസ്റ്റിലായ തന്റെ കൂട്ടാളി സുകേഷ് ഭർത്താവിനെ പോലെയാണെന്ന് ലീന പൊലീസിനോടു പറഞ്ഞു. ഇയാൾ ഇപ്പോൾ ജയിലിലാണ്. സുകേഷുമായി ബന്ധമുണ്ടായിരുന്നെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും ഇരുവരും പിരിഞ്ഞതായാണ് പൊലീസിനോട് പറഞ്ഞിരുന്നത്. 

ഇതിൽ നിന്നു വ്യത്യസ്ഥമായ മൊഴിയാണ് അവർ പൊലീസിനു നൽകിയത്. ബംഗളൂരു സ്വദേശിയായ സുകേഷ് രാഷ്ട്രീയക്കാരുമായും അധോലോകവുമായും ഒരുപോലെ ബന്ധമുള്ളയാളാണ്. ബംഗളൂരുവിൽ ബിഡിഎസിനു പഠിക്കുന്നതിനിടെയാണ് സുകേഷുമായി പരിചയത്തിലാകുന്നതും ബിസിനസിൽ പങ്കാളിയാകുന്നതും. എന്നാൽ സുകേഷ് തന്റെ പണം തട്ടിയെടുത്തതിനാലാണ് ഇടപാടുകൾ അവസാനിപ്പിച്ചത് എന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ നെയ്ൽ ആർടിസ്ട്രി ബ്യൂട്ടി പാർലറിൽ ശനിയാഴ്ച ഉച്ചയ്ക്കു 2.50നാണു വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ട് പേർ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. രണ്ടു പേരും ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നു.

ഒരാൾ ബൈക്കിനടുത്തു തന്നെ നിന്നു. രണ്ടാമൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സലൂണിലേക്കുള്ള ചവിട്ടുപടികളിൽ വച്ച് എയർപിസ്റ്റൾ കൊണ്ടു വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ബൈക്കിൽ കടന്നുകളഞ്ഞു. അഞ്ചു മിനിട്ടിനകം ഇതെല്ലാം കഴിഞ്ഞു. പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ബൈക്കിന്റെ നമ്പർ വ്യക്തമല്ല. 

വെടിവച്ച് ശബ്ദമുണ്ടാക്കി ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നതിലൂടെ എന്താണ് അക്രമികൾ ലക്ഷ്യമിട്ടതെന്നു വ്യക്തമല്ല. അധോലോക കുറ്റവാളി രവി പൂജാരിയുടെ പേര് ഹിന്ദിയിൽ എഴുതിയ കടലാസ് അക്രമികൾ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT