കൊച്ചി: ശബരിമലയില്‍ വാഴുന്ന ദേവന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു വിഘാതമുണ്ടാക്കാന്‍ ഏതു പ്രായത്തിലുള്ള സ്ത്രീയും ശക്തയാവില്ല എന്ന ഉറപ്പ് ആ ദേവനുണ്ടാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് എഴുത്തുകാരി എം ലീലാവതി. നൈഷ്ഠിക ബ്രഹ്മചാരികളായ മനുഷ്യര്‍ക്ക് സ്ത്രീകളെ കാണാന്‍ പാടില്ലെന്ന ആചാരം എവിടെയുമില്ല. സ്ത്രീ സമ്പര്‍ക്കമല്ലാതെ സ്ത്രീ ദര്‍ശനം ഉപേക്ഷിക്കുന്നവരല്ല ബ്രഹ്മചാരികള്‍. ശ്രീരാമകൃഷ്ണ പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു, രമണ മഹര്‍ഷി മുതലായവര്‍ നമ്മുടെ കാലഘട്ടത്തില്‍ ഉണ്ടായ ദേവതുല്യരായ മനുഷ്യരാണ്. അവരെല്ലാം നിത്യബ്രഹ്മചാരികളും ആയിരുന്നു. എങ്കിലും ശാരദാമണി ദേവിയെ കാണില്ലെന്നു പരമഹംസര്‍ നിശ്ചയിച്ചില്ല. സ്വാമി വിവേകാനന്ദനാണ് ഇന്ത്യയില്‍ മാത്രമല്ല വിദേശങ്ങളിലും ആരാധികമാരുണ്ടായിരുന്നു ലീലാവതി പറഞ്ഞു. ചെറുകാട് സ്മാരകട്രസ്റ്റ് തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച ചെറുകാട് അനുസ്മരണ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു.
ശബരിമലയില്‍ വാഴുന്ന ശാസ്താവിന് പരമഹംസ ഗുരുവിനെപോലെയും വിവേകാനന്ദനെപ്പോലെയും ശ്രീനാരായണ ഗുരുവിനെപ്പോലെയും സ്വന്തം ബ്രഹ്മചര്യ ശക്തി കാക്കാന്‍ കഴിയുകയില്ലെന്നാണോ അയ്യപ്പഭക്തന്മാര്‍ കരുതുന്നത്? മനുഷ്യരോളം ചിത്തവൃത്തി നിരോധശക്തിയില്ലാത്ത ദൈവത്തെയാണോ അവര്‍ ആരാധിക്കുന്നത്? സ്ത്രീകള്‍ക്കെതിരെ പടനയിക്കുന്നു പുരുഷ കേസരികള്‍ക്കു മുന്നില്‍ ഞാന്‍ ഈ ചോദ്യം സമര്‍പ്പിക്കുന്നു.നിലവിലുള്ള ആചാരം സ്ത്രീകള്‍ ലംഘിക്കണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. ഞാന്‍ ശരിമബല ദര്‍ശനത്തിനു പോയത് 57ാമത് വയസിലാണ്. അമ്പതിനു മുമ്പേപോകാന്‍ കഴിഞ്ഞില്ലെന്നതില്‍ എനിക്കൊരു ദുഃഖവുമില്ല. അതുപോലെ തന്നെ ആചാരമനുസരിച്ച് അമ്പതു കഴിഞ്ഞതിനു ശേഷം മാത്രം മലകയറാനുദ്ദേശിക്കുന്ന സ്ത്രീകള്‍ക്ക് മറിച്ചൊരു നിര്‍ദ്ദേശം നല്‍കാനോ അവരെ ഉപദേശിക്കാനോ ഞാന്‍ തുനിയുകയില്ല. അത് ദേവന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് അമ്പതിലെത്താത്ത സ്ത്രീകള്‍ വിഘാതം സൃഷ്ടിക്കുമെന്ന വിശ്വാസ മുള്ളതുകൊണ്ടൊന്നുമല്ല കലാപങ്ങളുണ്ടാക്കാന്‍ നൂറായിരം ഹേതുക്കള്‍ ഉള്ളതിന്റെ കൂട്ടത്തില്‍ ഇതുമൊരു കാരണമാകേണ്ടെന്നുള്ള ശാന്തിതൃഷ്ണകൊണ്ടുമാത്രമാണെന്നും ലീലാവതി പറഞ്ഞു
ചിരകാലമായി നിലനിന്നുപോരുന്ന ആചാരങ്ങള്‍ ലംഘിച്ചുകൂടാ എന്ന വാദം ഏറ്റവും ദുര്‍ബലമാണ് - പണ്ട് നരബലിയോടുകൂടിയ യജ്ഞങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ നരബലിയോ മൃഗബലിയോ യജ്ഞാചരണത്തില്‍ ഉള്‍പ്പെടുന്നില്ല- പശുമേധത്തിനു പകരം പിഷ്ടപശുമേധം (ധാന്യമാവു കുഴച്ചുണ്ടാക്കുന്ന പശുരൂപം ആഹുതി ചെയ്യല്‍) ആചാരമായിത്തീര്‍ന്നു. മനുഷ്യരുടെ തലവെട്ടി ചോരയൊഴുക്കി ആത്മദൈവത്തെ തൃപ്തിപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് തലവെട്ടുന്നതിനു പകരം നാളികേരമുടച്ചാല്‍ മതിയെന്ന പ്രതീകാത്മകമായ ആചാരം ഉണ്ടായി- അടുത്തകാലംവരെ കേരളത്തിലെ പല ദേവീക്ഷേത്രങ്ങളിലും ആടുകളെയും കോഴികളെയും അറുത്തുചോരകൊടുത്ത് ദേവിയെ പ്രീതിപ്പെടുത്തുന്ന ആചാരമുണ്ടായിരുന്നു. ബലികള്‍ നിരോധിക്കപ്പെട്ടതോടെ ചോരയ്ക്കു പകരം നൂറും മഞ്ഞളും കലക്കിയുണ്ടാക്കുന്ന കുരുതികൊണ്ട് ദേവീപ്രീതി നേടാമെന്നു മനുഷ്യര്‍ നിശ്ചയിച്ചു. അവര്‍ണര്‍ ക്ഷേത്രത്തില്‍ കടന്നാല്‍ ക്ഷേത്രം അശുദ്ധമാവുമെന്നു തന്ത്രിമാരും പൂജാരിമാരും മാത്രമല്ല സവര്‍ണഭക്തരും വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ ക്ഷേത്രങ്ങളിലും അവര്‍ണര്‍ പ്രവേശിക്കുന്നു. ഒരു ദേവനും വിപ്രതിപത്തിയില്ല- ദേവചൈതന്യം വര്‍ധിക്കുകയാണെന്നു ആയിരം മടങ്ങു വര്‍ധിച്ചുവരുന്ന ആരാധകസമൂഹം തെളിയിച്ചുകൊണ്ടിരിക്കുന്നു.
ശ്രീകോവിലില്‍ കയറി ബിംബം തൊടാമെന്ന ആചാരവും പിമ്പെ വരുമോ എന്നു തന്ത്രിമാരും ശാന്തിക്കാരും പേടിക്കുന്നു. പുരുഷന്മാര്‍ ആരും ശ്രീകോവിലില്‍ കയറി ബിംബം തൊടാത്തിടത്തോളം കാലം ലിംഗനീതിയുടെ പേരില്‍ സ്ത്രീകള്‍ അത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുകയില്ല. സുപ്രീംകോടതി വിധി തുല്യലിംഗനീതിക്കനുസൃതമായിട്ടാണ് ക്ഷേത്രാചാരത്തിനു വിരുദ്ധമായിട്ടല്ല കേരള ക്ഷേത്രങ്ങളിലെ ശ്രീകോവിലില്‍ പൂജാരിക്കു മാത്രമല്ല എല്ലാവര്‍ക്കും കയറണമെന്ന ആവശ്യം ഉന്നയിക്കുന്ന ഒരു ഹര്‍ജി കോടതിയിലെത്തിയെന്നിരിക്കട്ടെ.നിലവിലുള്ള ആചാരങ്ങളില്‍ ഇടപെടില്ല എന്ന നിലപാട് നീതിന്യായ സ്ഥാപനത്തിനു കൈക്കൊള്ളാന്‍ കഴിയും. അതുപോലെയല്ല പുരുഷന് പ്രവേശനാനുവാദം ഉള്ളിടത്തു സ്ത്രീകള്‍ക്ക് അനുവാദമില്ല എന്ന പ്രശ്‌നം അത് ഭരണഘടനയിലെ തുല്യനീതി നിര്‍ദ്ദേശത്തിന് എതിരാണ്. അുതകൊണ്ട് ഭരണഘടന അനുസരിച്ചുള്ള അവകാശം അംഗീകരിച്ചുകൊണ്ട് വിധിവരാനേ ന്യായമുള്ളൂ. ഭരണഘടനയിലെ നിര്‍ദ്ദേശങ്ങള്‍ മാറ്റിമറിയ്ക്കാന്‍ അധികാരമുള്ളത് ജനപ്രതിനിധി സഭയ്ക്കു മാത്രമാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനം നിരോധിക്കണമെന്ന് നിശ്ചയിച്ച് നിലവിലുള്ള ഭരണഘടന നിയമം മാറ്റി മറ്റൊരു നിയമം കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്.
കേന്ദ്രഭരണകക്ഷിക്ക് ഈ നിരോധനം വേണമെന്നാണഭിപ്രായമെങ്കില്‍ അവര്‍ക്ക് പാര്‍ലമെന്റില്‍ ഒരു ഓര്‍ഡിനന്‍സ് അവതരിപ്പിക്കാവുന്നതാണ്. അഞ്ഞൂറിലേറെ അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ബഹുഭൂരിപക്ഷവിധിയനുസരിച്ച് അത് പാസാക്കിയെടുക്കാന്‍ കഴിയുമെങ്കില്‍ ആ പുതിയ നിയമമനുസരിച്ച് കോടതി വിധികള്‍ വരും. ഈ എളുപ്പവഴിയുള്ളപ്പോള്‍ എന്തിനാണ് ജനങ്ങള്‍ തമ്മില്‍തച്ചു തലപൊളിക്കുന്നത്? പുരുഷനും തുല്യമായ അവകാശം സ്ത്രീക്കില്ലെന്ന് നിയമമുണ്ടാക്കി അതുപാസാക്കിയെടുക്കാന്‍ ഭാരതത്തിലെ പാര്‍ലമെന്റിനു കഴിയുമെങ്കില്‍ അന്ധകാരത്തിന്റെ പഴയ യുഗത്തിലേക്ക് തിരിച്ചു നടക്കുന്ന അവരുടെ അജ്ഞാനത്തിന്റെ ഇരകളായി ഒടുങ്ങുക എന്നത് ഭാരത സ്ത്രീയുടെ വിധിയായിത്തീരും. ഇന്ത്യയിലെ പുരുഷ ശക്തിയൊട്ടാകെ ഇപ്രകാരം സ്ത്രീവിരുദ്ധതയിലേക്കു നിപതിക്കുമെങ്കില്‍ ശബരിമലയിലെ അയ്യപ്പന്‍ വിചാരിച്ചാലും അവരെ രക്ഷിക്കാനാവില്ല. മാളികപ്പുറത്തമ്മയെ സമീപത്തിരുത്തി ആദരിക്കുന്ന ശാസ്താവ് അത്തരമൊരു വിധി വരുന്നതു തടയാനിടയുള്ളത് അദ്ദേഹം അമ്പലത്തിലെ സ്ത്രീപ്രവേശനം നിരോധിച്ചിരുന്നുവെന്നതിന് ഒരു തെളിവുമില്ല. തന്ത്രി സമൂഹത്തിന് ഇന്ത്യന്‍ പാര്‍ലമെന്റിനെ കീഴ്‌പ്പെടുത്താന്‍ വേണ്ടുന്ന ശക്തിയുണ്ടെങ്കില്‍ അവരുടെ തന്ത്രം വിജയിച്ചേക്കാം. അപ്പോഴും സ്ത്രീ സഹകരണത്തോടെ മാത്രമേ തന്ത്രിമാര്‍ക്ക് വംശവൃദ്ധിയുണ്ടാക്കാന്‍ കഴിയൂ.
ഈ വിഷയത്തെക്കുറിച്ച് ഇന്നല്ല ചിരകാലമായി ചിന്തിച്ചു പോന്നിട്ടുള്ളതിനാല്‍ എനിക്ക് സുപ്രീംകോടതി വിധിയോടുള്ള സമ്പൂര്‍ണമായ യോജിപ്പ് അചഞ്ചലമാണ്. ഇനി നാളെ സുപ്രീംകോടതി തന്നെ വേറൊരുതരത്തില്‍ വിധിച്ചാലും എന്റെ നിലപാട് ഇന്നത്തേതു തന്നെയായിരിക്കും. യുക്തിവിചാരത്തിന്റെ ശക്തിയില്‍ മാത്രമല്ല വിശ്വാസത്തിന്റെ ശക്തിയിലും രൂഢമായ വേരോട്ടമുള്ളതാണ് ഈ വിഷയത്തിലുള്ള എന്റെ നിഗമനം. എന്റെ നിലപാടു തെറ്റാണെന്നു സമ്മതിക്കാന്‍ ശ്രമിച്ചുകൊണ്ടും മനം മാറ്റത്തിനു പ്രേരിപ്പിച്ചുകൊണ്ടും ശകാരങ്ങള്‍ ചൊരിഞ്ഞുകൊണ്ടും അഭിനന്ദിച്ചുകൊണ്ടും ദിവസേന എഴുത്തുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഈ വിഷയത്തില്‍ എന്റെ നിലപാട് പെട്ടെന്ന് ഉണ്ടായ ഒരു പ്രതികരണമല്ല ചിലകാരമായുള്ള വിചിന്തനത്തിന്റെ ഉത്പന്നമാണ്. അതുകൊണ്ട് എന്നെ മനം മാറ്റത്തിന് ഉപദേശിക്കുന്നവരോട് ഒരൊറ്റ മറുപടിയേയുള്ളൂ, വെറുതെയാണ് ശ്രമം എന്റെ നിലപാട് മാറില്ലെന്നും ലീലാവതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates