കൊച്ചി: കൊച്ചിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാരണം ഇനിയും വ്യക്തമായില്ല. ഭാര്യയുമായി അകന്നുകഴിയുകയായിരുന്നെങ്കിലും, തൂങ്ങിമരിച്ച മനോജ് പൊതുവേ ശാന്തസ്വഭാവിയായിരുന്നുവെന്നാണ് പരിചയക്കാര്‍ പറയുന്നത്. ഇത്തരമൊരു പ്രവൃത്തിക്ക് മനോജിനെ പ്രേരിപ്പിച്ച ഘടകം എന്തെന്നറിയില്ലെന്ന് അവര്‍ പറയുന്നു.
പെരുമ്പാവൂര്‍ കുറുപ്പുംപടി അശമന്നൂര്‍ പനിച്ചയം ശ്രീകൃഷ്ണ സദനത്തില്‍ കൃഷ്ണന്‍കുട്ടി നായരുടെയും രുഗ്മിണിയമ്മയുടെയും മകന്‍ മനോജ് എന്ന നാല്‍പ്പതുകാരനാണു ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയ ശേഷം ജീവനൊടുക്കിയത്. മനോജിന്റെ ഭാര്യ കോതമംഗലം തൃക്കാരിയൂര്‍ ആയക്കാട് ചെറുവട്ടൂര്‍ വീട്ടില്‍ സന്ധ്യ (33), ഭാര്യാമാതാവ് ശാരദ (65) എന്നിവരെ ഇന്നലെ രാവിലെയാണ് മനോജ് വാക്കത്തി ഉപയോഗിച്ചു വെട്ടിയത്.
മനോജ് ഇലക്ട്രീഷ്യനും സന്ധ്യ അമൃത ആശുപത്രിയില്‍ അസിസ്റ്റന്റ് നഴ്‌സുമാണ്. വിവാഹം കഴിഞ്ഞ് ഏറെ നാള്‍ കഴിയും മുന്‍പേ ഇവര്‍ അകല്‍ച്ചയിലായെന്നാണ് പൊലീസ് പറയുന്നത്. മനോജിന്റെ സ്വഭാവവുമായി യോജിക്കാനാവില്ലെന്നും ഒരുമിച്ചു ജീവിക്കാനാവില്ലെന്നും സന്ധ്യ ബന്ധുക്കളോടു പറയുകയായിരുന്നു.
ഇതിനിടെ ഇവരുടെ ആദ്യ കുട്ടി മരിച്ചിരുന്നു. രണ്ടാമതു ജനിച്ച കുട്ടിയുമായാണു സന്ധ്യ അമൃത ആശുപത്രിയിലെ ജീവനക്കാര്‍ക്കുള്ള ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്നത്. അമൃത ആശുപത്രിയില്‍ തന്നെ ജോലി ചെയ്തിരുന്ന അമ്മ ശാരദയും ഒപ്പമുണ്ട്.
സന്ധ്യയെ ആക്രമിക്കാനായി കരുതിക്കൂട്ടി എത്തിയ മനോജ് ഫഌറ്റിനു താഴെ കാത്തുനില്‍ക്കുകയായിരുന്നവെന്നാണ് കരുതുന്നത്.
മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ സ്‌കൂള്‍ വാഹനത്തില്‍ കയറ്റി വിട്ടശേഷം ജോലിക്കു പോകാനായി ഫ്‌ലാറ്റില്‍ നിന്നു പുറത്തിറങ്ങിയപ്പോഴാണു മനോജ് വാക്കത്തി കൊണ്ടു സന്ധ്യയെ തലങ്ങും വിലങ്ങും വെട്ടിയത്.
വെട്ടേറ്റു സന്ധ്യയുടെ മുഖത്തിന്റെ പകുതി ഭാഗം പിളര്‍ന്ന നിലയിലാണ്. തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു കൈ അറ്റു പോയി.
രക്തത്തില്‍ കുളിച്ചു റോഡിലേക്ക് ഓടിയ സന്ധ്യ റോഡരികില്‍ തളര്‍ന്നു വീണു. സമീപവാസിയായ സ്ത്രീയും ഓട്ടോറിക്ഷക്കാരും ചേര്‍ന്നാണു സന്ധ്യയെ ആശുപത്രിയില്‍ എത്തിച്ചത്.
സന്ധ്യയെ വെട്ടിയ ശേഷം ഫ്‌ലാറ്റിലേക്കു കയറിയ മനോജ്, പുറത്തിറങ്ങി വന്ന ഭാര്യാമാതാവ് ശാരദയെയും വെട്ടി. മുതുകത്തും മുഖത്തും വെട്ടേറ്റ ശാരദയും ഓടി പുറത്തിറങ്ങി. ഇവരെയും ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തെ തുടര്‍ന്നു ഫ്‌ലാറ്റിലെ മുറിയില്‍ കയറിയ മനോജ് ഇവിടെ തൂങ്ങിമരിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates