തിരുവനന്തപുരം: തീവെട്ടിക്കൊള്ളയും അഴിമതിയും നടത്തുന്ന, ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് നേതൃത്വം കൊടുക്കുന്ന ആളുകളുടെ ഗവൺമെന്റായി ഇടതു സർക്കാർ മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തൊരു ഗവൺമെന്റാണ് കേരളം ഭരിക്കുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ഒരു ഗവൺമെന്റിന് എങ്ങനെ അധികാരത്തിൽ തുടരാൻ സാധിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സഹായം ലഭിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. പ്രതികളെ സംരക്ഷിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. ഇപ്പോ പുതുതായി മയക്കുമരുന്ന് കേസും പുറത്ത് വന്നിരിക്കുന്നു. ഇത് രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നും വെളിച്ചത്തു വരുന്നു. രണ്ടും രാജ്യവിരുദ്ധ കേസാണ്.
സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു കോടിയേരി ബാലകൃഷ്ണന് ഇതെല്ലാം അറിയാമെന്ന്. പാര്‍ട്ടി സെക്രട്ടറിയുടെ മകന് സ്വര്‍ണ- മയക്കുമരുന്ന് കേസുകളില്‍ ബന്ധമുണ്ടെന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെടി ജലീലിനെ കേന്ദ്ര ഏജൻസിയായ ഇഡി ചോദ്യം ചെയ്യാൻ വിളിച്ചതിനെ കുറിച്ച് ചോദിച്ചാൽ തങ്ങൾക്കൊന്നും അറിയില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. മന്ത്രിയെ ചോദ്യം ചെയ്തത് സംസ്ഥാനത്തിന് നാണക്കേടായി. ഒരു മന്ത്രിയെ ഇഡി ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ് ജലീല്‍. പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന ഒരു മന്ത്രി, മന്ത്രിസഭക്ക് ഭൂഷണമാണോ എന്ന് ആലോചിക്കേണ്ടതാണ്. കള്ളം മാത്രം പറയുന്ന മന്ത്രിയെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ വഴിവിട്ട് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോ എന്ന് ജനങ്ങള്‍ ചോദിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശിവശങ്കറിന്റെ കാര്യത്തില്‍ സ്വീകരിച്ച സമീപനം എന്തുകൊണ്ട് ജലീലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി കാണിക്കുന്നില്ല. സംസ്ഥാനത്തിന്റെ പൊതുരംഗത്തെ മലീമസപ്പെടുത്തിയ ഒരു മന്ത്രിയായി കാലം ജലീലിനെ വിലയിരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates