തിരുവനന്തപും: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ രോഗമുക്തനായി. തിരുവന്തപുരം മെഡിക്കല്‍ കോളജിലെ പതിനൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മന്ത്രി രോമഗുക്തനായിരിക്കുന്നത്. ഏഴു ദിവസം കൂടി നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം, പ്രവര്‍ത്തന രംഗത്ത് സജീവമാകും.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. നേരത്തെ രോഗം സ്ഥിരീകരിച്ച ധമന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ പി ജയരാജന്‍ എന്നിവര്‍ ആശുപത്രി വിട്ടിരുന്നു.
രോഗമുക്തനായതിനെ കുറിച്ച് സുനില്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്:
പ്രിയപ്പെട്ടവരേ,
എന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആയി. കഴിഞ്ഞ പതിനൊന്ന് ദിവസമാണ് ചികിത്സയില്‍ കഴിയേണ്ടിവന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമായി വിശ്രമരഹിതമായി സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍, ശുചീകരണ ജോലി ചെയ്യുന്ന ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ക്യാന്റീന്‍ ജീവനക്കാര്‍ തുടങ്ങി എല്ലാവരോടുള്ള നീസ്സീമമായ നന്ദിയും സ്‌നേഹവും കടപ്പാടും അറിയിക്കുന്നു.
മികച്ച ചികിത്സയും പരിചരണവുമാണ് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ നല്‍കി വരുന്നത്. 24 മണിക്കൂറും വിശ്രമമില്ലാതെയാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഈ ദിവസങ്ങളില്‍ ഫോണില്‍ നേരിട്ട് വിളിച്ചും ഓഫീസില്‍ വിളിച്ചുമെല്ലാം ഒരുപാട് ആളുകള്‍ രോഗവിവരങ്ങള്‍ അന്വേഷിക്കുകയും രോഗവിമുക്തിക്കു വേണ്ടി ആത്മാര്‍ത്ഥമായി ആശംസിക്കുകയും ചെയ്തിരുന്നു. എല്ലാവരെയും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.
ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ചുകൊണ്ട് ഏഴുദിവസം കൂടി തിരുവനന്തപുരത്തെ വീട്ടില്‍ തന്നെ കഴിയേണ്ടിവരും. അതു കഴിഞ്ഞാല്‍ പൂര്‍വ്വാധികം ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തനരംഗത്തേയ്ക്ക് വരാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
എല്ലാവര്‍ക്കും നന്ദി, സ്‌നേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates