കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്ലാറ്റുകൾ ഇന്ന് നിലം പൊത്തും. മരടിലെ ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റ് കെട്ടിടങ്ങളാണ് ഇന്ന് പൊളിക്കുക. ജെയിന്‍ കോറല്‍ കോവ് രാവിലെ 11 മണിക്കും ഗോൾഡൻ കായലോരം ഉച്ചക്ക് രണ്ട് മണിക്കും പൊളിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രദേശത്ത് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്നലെ രണ്ട് ഫ്ലാറ്റുകൾ തകർത്തിരുന്നു. ഹോളി ഫെയ്ത്ത് H2Oയും ആല്‍ഫ സെറിനും പൊളിക്കുന്നതിന് മുൻപ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരണങ്ങള്‍ തന്നെയായിരിക്കും ഇന്നും സ്വീകരിക്കുക. രണ്ട് ഫ്‌ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ല. അതിനാൽ തന്നെ ഇന്നലത്തെ അത്രയും വലിയ വെല്ലുവിളികൾ ഇല്ല. അതേസമയം കനത്ത ജാഗ്രതയോടെ തന്നെയാണ് ഫ്ലാറ്റുകൾ പൊളിക്കുന്നത്. സ്ഫോടന സമയത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.
രാവിലെ എഴുമണിയോടുകൂടി ജെയ്ന്‍ കോറല്‍കോവിന്റെ സമീപത്തുള്ള ആളുകളോട് അവിടെനിന്ന് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കും. 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങും. 10.55ന് രണ്ടാമത്തെ സൈറണും 10.59ന് മൂന്നാമത്തെ സൈറണും മുഴങ്ങും. മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ജെയ്ന്‍ കോറല്‍കോവ് തകര്‍ന്ന് തരിപ്പണമാകും. ജെയ്ന്‍ കോറല്‍ കോവിനെ ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാകും സ്‌ഫോടനം നടത്തുക.
രണ്ടുമണിക്കാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്‌ഫോടനം നടത്തുക. ഈ വിധമാണ് അതില്‍ സ്‌ഫോടക വസ്തുക്കള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് സമീപം പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയവും ഒരു അംഗനവാടിയുമുണ്ട്. ഇവയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് എല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates