കൊച്ചി : പെരിയ ഇരട്ടക്കൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി. ഹര്‍ത്താലില്‍ കാസര്‍കോട് ജില്ലയില്‍ ഉണ്ടായ നഷ്ടങ്ങള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ എം സി കമറുദ്ദീന്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 
ഹര്‍ത്താലുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഡീന്‍ കുര്യാക്കോസിനെ പ്രതിയാക്കണം. ഡീനിനെതിരെ പ്രേരണകുറ്റം ചുമത്തണമെന്നും കോടതി നിര്‍ദേശിച്ചു. മറ്റ് രണ്ട് യുഡിഎഫ് ഭാരവാഹികളെയും ജില്ലയിലെ ഹര്‍ത്താല്‍ അക്രമങ്ങളില്‍ പ്രതിയാക്കാനും കോടതി നിര്‍ദേശിച്ചു. നാശനഷ്ടങ്ങള്‍ ഇവരില്‍ നിന്നും ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. നഷ്ടം കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ത്താല്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുന്ന പൊലീസ്, ഹര്‍ത്താലിന് ആഹ്വാനം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
മിന്നല്‍ ഹര്‍ത്താലില്‍ കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് കേസ് പരിഗണിച്ച് ഇന്ന് ഡീന്‍ കുര്യാക്കോസ് അടക്കമുള്ളവര്‍ കോടതിയില്‍ നേരിട്ട് ഹാജരായി. അപ്പഴായിരുന്നു ഡീനിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചത് താങ്കള്‍ക്ക് അറിയില്ലേയെന്ന് കോടതി ഡീനിനോട് ചോദിച്ചു.
എന്നാല്‍ മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചത് ഡീനിന് അറിയില്ലെന്ന് കോടതിയില്‍ ഹാജരായ മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി അറിയിച്ചു. അപ്പോള്‍ ഡീനിന് നിയമം അറിയില്ലേയെന്ന് കോടതി ചോദിച്ചു. നിയമ ബിരുദം എടുത്തിട്ടുണ്ടെങ്കിലും ഡീന്‍ പ്രാക്ടീസ് ചെയ്യുന്നില്ലെന്ന് ദണ്ഡപാണി അറിയിക്കുകയായിരുന്നു.
ഇതിനിടെ തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മറ്റ് രണ്ട് പേരും അറിയിച്ചു. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിനകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എതിര്‍കക്ഷികളോട് കോടതി ആവശ്യപ്പെട്ടു. കേസ് മാര്‍ച്ച് ആറിന് പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. അന്ന് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും മൂന്നുപേരോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അടുത്തിടെ സംസ്ഥാനത്ത് നടന്ന ഹര്‍ത്താലുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താലിലും, യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിലും സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളുണ്ടായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്ക് ഒരു ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരം രൂപയുടെ നഷ്ടമുണ്ടായി. 990 പേര്‍ക്കെതിരെ കേസെടുത്തെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു.
ശബരിമല ഹര്‍ത്താലിലും സംസ്ഥാനത്ത് വ്യാപക അക്രമവും പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. മൂന്നുകോടി മൂന്നു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിക്ക് മാത്രം മൂന്നുകോടിയുടെ നഷ്ടമുണ്ടായി. 6.45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കളും നശിപ്പിക്കപ്പെട്ടു. ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് 32,333 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 150 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും 141 സാധാരണക്കാര്‍ക്കും 11 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരിക്കേറ്റുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ശബരിമല ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് ടിപി സെന്‍കുമാര്‍, കെഎസ് രാധാകൃഷ്ണന്‍, അഡ്വ. പി എസ് ശ്രീധരന്‍പിള്ള, കെപി ശശികല തുടങ്ങിയവരാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടര്‍ന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശബരിമല കര്‍മസമിതി, ആര്‍എസ്എസ്, ബിജെപി നേതാക്കളെ കേസില്‍ പ്രതി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates