Kerala

മുഖ്യമന്ത്രിയുടെ ഉറപ്പും പാഴായി ; ഷംസീറിന്‍റെ മൊഴിയെടുക്കും മുമ്പേ സിഒടി നസീർ വധശ്രമക്കേസ് അന്വേഷണ സംഘത്തലവന് മാറ്റം

അന്വേഷണ ഉദ്യോഗസ്ഥനായ സിഐ വി കെ വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: സിഒടി നസീര്‍ വധശ്രമക്കേസിൽ എ എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐയെ സ്ഥലംമാറ്റി. സിഐ വി കെ വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. പകരം തലശ്ശേരി സി ഐയായി കെ സനൽകുമാർ ചുമതലയേറ്റു.കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്റ്റേഷനിൽനിന്നാണ് സനൽകുമാർ തലശ്ശേരി സ്റ്റേഷനിലെത്തിയത്.

അന്വേഷണസംഘത്തിലുള്ള തലശ്ശേരി എസ് ഐ പി എസ് ഹരീഷിനെയും മാറ്റിയിരുന്നു. എന്നാൽ, വിവാദമായപ്പോൾ  തലശ്ശേരിയിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. നസീർ വധശ്രമ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നതാണ്.  കേസിൽ അന്വേഷണം പൂർത്തിയാവും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡിജിപിയും ഉറപ്പ് നൽകിയിരുന്നു. ഇതു മറികടന്നാണ് അന്വേഷണ സംഘ തലവനെ മാറ്റിയത്. 

എന്നാൽ നസീറിനെ ആക്രമിച്ച കേസ് അന്വേഷണം വിശ്വംഭരൻ തുടരുമോ സനൽകുമാറിന് നൽകുമോ എന്നതിൽ തീരുമാനമായിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമുള്ള പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി വിശ്വംഭരനെ മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന സി ഐയെ മാറ്റരുതെന്ന ആവശ്യമുയർന്നതിനാൽ അന്ന് മാറ്റിയിരുന്നില്ല. 


കേസിന്‍റെ നി‍‍ർണായക ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്. വധശ്രമക്കേസുമായി ബന്ധപ്പെട്ട് തലശ്ശേരി എംഎൽഎ എഎൻ ഷംസീറിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടി തുടരുന്നതിനിടെയാണ് സ്ഥലംമാറ്റം. നസീറിനെ വധിക്കാൻ ​ഗൂഢാലോചന നടന്നത് ഷംസീറിന്റെ ഇന്നോവ കാറിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. നസീറും ഇക്കാര്യം ആരോപിച്ചിരുന്നു.

നസീറിനെ ആക്രമിക്കാൻ എംഎൽഎയുടെ സഹായിയടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ കാർ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം മാറുന്നതോടെ കേസിൽ അന്വേഷണം വഴിമുട്ടുമെന്നതാണ് ആശങ്ക. കേസിൽ കുറ്റപത്രവും തയ്യാറായിട്ടില്ല. സ്ഥലംമാറ്റ ഉത്തരവ് നേരത്തെ നിലനിൽക്കുന്നതിനാൽ സാധാരണ നടപടിക്രമം മാത്രമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT