കോട്ടയം: ചവിട്ടുപടിയിൽ കയറുന്നതിനു മുൻപു മുന്നോട്ടെടുത്ത ബസിൽ നിന്നു താഴെ വീണ 85കാരി മരിച്ചു. വെള്ളൂർ ഇല്ലിവളവ് തെക്കെക്കുറ്റ് അന്നമ്മ ചെറിയാൻ ആണു ഇന്ന് രാവിലെ മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മണർകാട് പള്ളി ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. ഇവരുടെ രണ്ട് കാലിലൂടെയും ബസിന്റെ പിൻചക്രം കയറിയിറങ്ങി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച അന്നമ്മയുടെ വലതു കാൽ മുട്ടിനു താഴെ മുറിച്ചുമാറ്റി. ഇടുപ്പെല്ലിനും ഇടതു കാലിന്റെ ഉപ്പൂറ്റിക്കും സാരമായി പരുക്കേറ്റിരുന്നു.
മണർകാട് പള്ളിയിൽ കല്യാണത്തിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. പള്ളി ജംഗ്ഷനിൽ നിന്നു മണർകാട് കവലയിലേക്കു പോകാൻ, പാലായിൽ നിന്ന് കോട്ടയത്തേക്കു പോകുന്ന ബീന ബസിൽ അന്നമ്മ കയറി. വാതിൽക്കൽ നിന്നു പൂർണമായി കയറുന്നതിനു മുൻപേ ബെല്ലടിച്ച് ബസ് മുന്നോട്ട് എടുത്തതായി നാട്ടുകാർ പറഞ്ഞു. നിലത്തു വീണ അന്നമ്മയുടെ വലതുകാലിൽ ചക്രം പൂർണമായും ഇടതുകാലിൽ ഭാഗികമായും കയറി. ഉടൻ പള്ളിയുടെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മെഡിക്കൽ കോളജിലും. വലതുകാലിലെ ഞരമ്പുകൾ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയ വിവരം. ജീവനക്കാരെ നാട്ടുകാർ കൈയേറ്റം ചെയ്യുന്ന സാഹചര്യവുമുണ്ടായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ജീവനക്കാരുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് അപകടത്തിനിടയാക്കിയ ബസ് കസ്റ്റഡിയിലെടുത്തു.
ജീവനക്കാർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനായിരുന്നു കേസെടുത്തിരുന്നത്. ഇനി മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയായിരിക്കും ഇവർക്കെതിരെ കേസെടുക്കുക. സംഭവവുമായി ബന്ധപ്പെട്ട് ആർടിഓയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് അടക്കം സസ്പെൻഡ് ചെയ്യുന്ന നടപടികൾ ആർടിഒ സ്വീകരിക്കുമെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates