കണ്ണൂര്‍: കണ്ണൂരില്‍ ചിത്രലേഖയ്ക്ക് അനുവദിച്ച ഭൂമി റവന്യൂവകുപ്പ് വേറെ ഭൂമിയുണ്ടെന്ന കാരണത്താലാണ് തിരിച്ചുപിടിച്ചതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. തന്റെ പേരില്‍ വേറെ ഭൂമി ഉണ്ടെന്നു ചിത്രലേഖ തന്നെ സമ്മതിക്കുന്നുമുണ്ട്. അവര്‍ക്ക് ആക്ഷേപം ഉണ്ടെങ്കില്‍ ഉന്നതാധികാരികള്‍ക്ക് അപ്പീല്‍ കൊടുക്കുകയും നിയമനടപടികളുമായി മുന്നോട്ട് പോകുകയുമാണ് വേണ്ടത്.അതിനു പകരം അവര്‍ ചെയ്യുന്നത് സിപിഐ എമ്മിനെതിരെ അപവാദം പ്രചരിപ്പിക്കുകയാണ്- പി ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
'ഈ ദുഷ്പ്രചാരണം ഇവിടെ വിലപ്പോവില്ല.കാരണം കമ്മ്യുണിസ്‌റ് പ്രസ്ഥാനം ദളിതര്‍ അടക്കമുള്ള പാവപ്പെട്ടവരുടെ അഭിവൃദ്ധിക്കായി നടത്തിയ പോരാട്ടങ്ങള്‍ സമൂഹം ഇപ്പോഴും ഓര്‍ക്കുന്നു.ചിത്രലേഖയുടെ അമ്മയടക്കം ഇപ്പോള്‍ താമസിക്കുന്നത് ഇടതുപക്ഷ ഗവണ്മെന്റ് പാസാക്കിയ നിയമം അനുസരിച്ചുള്ള പത്ത് സെന്റ് കുടികിടപ്പ് ഭൂമിയിലാണ്.അക്കാലത്ത് 'വളച്ചു കെട്ടല്‍ സമരം' എന്നാക്ഷേപിച്ച വലതുപക്ഷ പത്രങ്ങളാണ് ഇപ്പോള്‍ ചിത്രലേഖയ്ക്ക് ഇത്രയേറെ പ്രചാരവേല നല്‍കുന്നത് എന്നത് കൗതുകകരമാണ്'- ജയരാജന്‍ കുറിച്ചു
പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചിത്രലേഖയെന്ന തൊഴിലാളി സ്ത്രീയെ ദളിത് സ്ത്രീയായി മാത്രം ചുരുക്കി കെട്ടാനാണ് വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമം.
യഥാര്‍ത്ഥത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടാട്ട് എന്ന സ്ഥലത്ത് ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു ചിത്രലേഖ.2005 നവമ്പര്‍ മാസം നവമി ആഘോഷത്തോട് അനുബന്ധിച്ച് ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ ചിത്രലേഖയുടെ ഓട്ടോറിക്ഷ ആരോ കത്തിച്ചതോട് കൂടിയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ദൃക്‌സാക്ഷികളില്ലാത്ത ഈ സംഭവത്തെ തുടര്‍ന്ന് ചിത്രലേഖ തന്നെ സഹപ്രവര്‍ത്തകരായ ചിലര്‍ക്കെതിരെ പരാതിപ്പെട്ടു.ഇതോടെ ചിത്രലേഖയും തൊഴിലാളികളും തമ്മില്‍ അകല്‍ച്ചയായി.
ഇതില്‍ യാതൊരു ജാതി പ്രശ്‌നവും ഉണ്ടായിരുന്നില്ല.ഇതേ തുടര്‍ന്ന് പരസ്പരം വാക്കേറ്റവും കേസുകളും പതിവായി.ഇതില്‍ ചിത്രലേഖ കൊടുത്ത പരാതികളില്‍ ജാതി അധിക്ഷേപം ഉന്നയിക്കപ്പെട്ടതോടെ ഈ ചേരിതിരിവ് പുതിയ തലത്തില്‍ എത്തുകയായിരുന്നു.എല്ലാവരോടും യുദ്ധം ചെയ്യാനുള്ള അവരുടെ മാനസികാവസ്ഥ ദളിത് വിഭാഗത്തില്‍ പെട്ട കുടുംബള്‍ക്കെതിരെയും കള്ള കേസ് കൊടുക്കുന്ന അവസ്ഥയില്‍ എത്തിച്ചു.
ദളിത് വിഭാഗത്തില്‍ പെട്ട കുടുംബങ്ങങ്ങളും ചിത്രലേഖയോട് ജാതി വിവേചനവും കാണിച്ചിരുന്നോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
തുടര്‍ന്ന് പല ഘട്ടങ്ങളിലായി 'ചിത്രലേഖയുടെ സമരം' എന്ന പേരില്‍ വിഷയം മാധ്യമങ്ങളില്‍ ശ്രദ്ധ നേടി.ഇതിനു പിന്തുണയുമായി അല്പം ചിലരുടെ മാത്രം പ്രാതിനിധ്യമുള്ള സംഘടനകളും മുന്നോട്ട് വന്നു.ഇതിന്റെയെല്ലാം ഫലമായി വിവിധ ഘട്ടങ്ങളില്‍ മറ്റ് ഏജന്‍സികള്‍ക്ക് പുറമെ ഗവണ്മെന്റില്‍ നിന്ന് തന്നെ 5 ലക്ഷത്തിലധികം രൂപ സഹായം ലഭിച്ചു.
ഇപ്പോള്‍ ഭൂരഹിത ദളിത് വനിത എന്ന നിലയില്‍ അവര്‍ക്ക് അനുവദിച്ച ഭൂമി വേറെ ഭൂമിയുണ്ടെന്ന കാരണത്താല്‍ റവന്യു വകുപ്പ് റദ്ദാക്കിയിരിക്കുകയാണ്.തന്റെ പേരില്‍ വേറെ ഭൂമി ഉണ്ടെന്നു ചിത്രലേഖ തന്നെ സമ്മതിക്കുന്നുമുണ്ട്. അവര്‍ക്ക് ആക്ഷേപം ഉണ്ടെങ്കില്‍ ഉന്നതാധികാരികള്‍ക്ക് അപ്പീല്‍ കൊടുക്കുകയും നിയമനടപടികളുമായി മുന്നോട്ട് പോകുകയുമാണ് വേണ്ടത്.അതിനു പകരം അവര്‍ ചെയ്യുന്നത് സിപിഐ എമ്മിനെതിരെ അപവാദം പ്രചരിപ്പിക്കുക എന്നതാണ്.ഇത് പഴയ പ്രചാരണത്തിന്റെ തുടര്‍ച്ചയാണെന്നു അന്നത്തെ സംഭവങ്ങള്‍ ഓര്‍ക്കുന്ന ആര്‍ക്കും അറിയാം.എടാട്ടെ ചിത്രലേഖയുടെ വീടിന്റെ അയല്‍പക്കത്ത് താമസിക്കുന്ന പട്ടികജാതി കുടുംബങ്ങള്‍ക്ക് പോലും പാര്‍ട്ടിയെ കുറിച്ച് മറിച്ച് യാതൊന്നും പറയാനില്ല.ചിത്രലേഖയുടെ തെറ്റായ നടപടികള്‍ക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ സമീപത്തുള്ള ദളിത് കുടുംബങ്ങത്തിന് എതിരായി കൊടുത്ത കേസ് പയ്യന്നൂര്‍ സ്‌റ്റേഷനിലെ പഴയ രേഖകളില്‍ ഇപ്പോഴും കാണും.അതിനാല്‍ പയ്യന്നൂര്‍,കുഞ്ഞിമംഗലം മേഖലകളില്‍ ഉള്ളവര്‍ക്ക് ഒടുവിലത്തെ ആക്ഷേപചിത്രത്തെ കുറിച്ച് യാതൊരു വേവലാതിയുമില്ല.എന്നാല്‍ പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ പ്രചാരണം ധാരാളം മതി.വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണ ശൈലി ചുരുക്കത്തില്‍ ഇങ്ങനെയാണ്.
ചിത്രലേഖ=ദളിത് യുവതി ,
സിപിഐ(എം) നെതിരെ ചിത്രലേഖ=സിപിഐ(എം) നെതിരെ ദളിത് വിഭാഗങ്ങള്‍..
ഈ ദുഷ്പ്രചാരണം ഇവിടെ വിലപ്പോവില്ല.
കാരണം കമ്മ്യുണിസ്‌റ് പ്രസ്ഥാനം ദളിതര്‍ അടക്കമുള്ള പാവപ്പെട്ടവരുടെ അഭിവൃദ്ധിക്കായി നടത്തിയ പോരാട്ടങ്ങള്‍ സമൂഹം ഇപ്പോഴും ഓര്‍ക്കുന്നു.
ചിത്രലേഖയുടെ അമ്മയടക്കം ഇപ്പോള്‍ താമസിക്കുന്നത് ഇടതുപക്ഷ ഗവണ്മെന്റ് പാസാക്കിയ നിയമം അനുസരിച്ചുള്ള പത്ത് സെന്റ് കുടികിടപ്പ് ഭൂമിയിലാണ്.അക്കാലത്ത് 'വളച്ചു കെട്ടല്‍ സമരം' എന്നാക്ഷേപിച്ച വലതുപക്ഷ പത്രങ്ങളാണ് ഇപ്പോള്‍ ചിത്രലേഖയ്ക്ക് ഇത്രയേറെ പ്രചാരവേല നല്‍കുന്നത് എന്നത് കൗതുകകരമാണ്.
എന്തെങ്കിലും ഒന്ന് കിട്ടിയാല്‍, പ്രത്യേകിച്ച് അത് സിപിഐ(എം) നെതിരെ ആണെങ്കില്‍, വസ്തുത മനസ്സിലാക്കാതെ വാര്‍ത്ത ചമയ്ക്കുന്ന ചില മാധ്യമങ്ങളുടെ രീതി ശരിയാണോ എന്ന് അവര്‍ സ്വയം പരിശോധിക്കണം..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates