മംഗലൂരു : കാസര്‍കോട് സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ സീരിയല്‍ കില്ലറായ കായികാധ്യാപകന്‍ മോഹന്‍കുമാറിന് ജീവപര്യന്തം തടവുശിക്ഷ. മംഗലൂരു ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സയീദുന്നീസയാണ് ശിക്ഷ വിധിച്ചത്. പ്രതി മോഹന്‍കുമാറിന് 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. സയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന മോഹന്‍കുമാറിനെതിരായ 20 കൊലപാതകക്കേസുകളില്‍ 19-മത്തെ ശിക്ഷയാണ് വിധിച്ചത്.
2006 ലാണ് കാസര്‍കോട് ബദിയടുക്ക സ്വദേശിയായ ആരതി നായിക്ക് എന്ന 23 കാരിയെ മോഹന്‍ സൗഹൃദം നടിച്ച് വലയിലാക്കുന്നത്. കാംപ്‌കോയില്‍ ജീവനക്കാരിയായ ആരതിയെ വിവാഹവാഗ്ദാനം നല്‍കിയാണ് മോഹന്‍ 2006 ജനുവരി മൂന്നിന് മൈസൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. അവിടെ ലോഡ്ജില്‍ മുറിയെടുത്ത മോഹന്‍, ആരതിയെ ലൈംഗിക ബന്ധത്തിന് വിധേയനാക്കുന്നു.
പിറ്റേന്ന് ആഭരണങ്ങള്‍ അഴിച്ചുവെക്കാന്‍ യുവതിയോട് ആവശ്യപ്പെടുന്നു. ഇത് അനുസരിച്ച ആരതിയുമായി മോഹന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തുന്നു. അവിടെ വെച്ച് കയ്യില്‍ കരുതിയ സയനൈഡ് പുരട്ടിയ ഗുളിക, ഗര്‍ഭനിരോധനത്തിനുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് കഴിപ്പിക്കുന്നു. ശുചിമുറിയില്‍ വെച്ച് മരുന്ന് കഴിച്ച ആരതി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
സംഭവത്തിന് തൊട്ടുപിന്നാലെ, സ്ഥലത്തുനിന്നും മുങ്ങിയ മോഹന്‍ ലോഡ്ജിലെത്തി യുവതിയുടെ ആഭരണങ്ങളുമായി സ്ഥലംവിടുകയായിരുന്നു. കേസില്‍ ഒളിവിലായിരുന്ന മോഹന്‍ 2009 ലാണ് അറസ്റ്റിലാകുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇപ്രകാരം 20 സ്ത്രീകളെ കൊല്ലപ്പെടുത്തിയതായി മോഹന്‍ വെളിപ്പെടുത്തുന്നത്.
കൊലപാതക കേസുകളില്‍ മോഹനനെതിരെ അഞ്ചു വധശിക്ഷകളാണ് വിധിച്ചിട്ടുള്ളത്. മൂന്ന് കേസുകളില്‍ ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിരുന്നു. മോഹനെതിരായ രണ്ടു വധശിക്ഷകള്‍ പിന്നീട് വധശിക്ഷയായി കുറച്ചിരുന്നു. സുള്ള്യയില്‍ ഹോസ്റ്റല്‍ ജീവനക്കാരി ആയിരുന്ന കാസര്‍കോട് മുള്ളേരിയ കുണ്ടാര്‍ സ്വദേശിനി പുഷ്പാവതിയെ (21) കൊലപ്പെടുത്തിയ കേസില്‍ മാത്രമാണ് വിധി പറയാന്‍ ബാക്കിയുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates