Kerala

'വറുത്ത മീനില്‍ എലിവിഷം പുരട്ടി, ചോറിനൊപ്പം മകളുടെ വായില്‍വച്ചു നല്‍കി'; സൗമ്യയുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ 

'വറുത്ത മീനില്‍ എലിവിഷം പുരട്ടി, ചോറിനൊപ്പം മകളുടെ വായില്‍വച്ചു നല്‍കി'; സൗമ്യയുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പിണറായിയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയതിന് പിടിയിലായ സൗമ്യയുടെ കുറ്റസമ്മത മൊഴിയിലുള്ളത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. സൗമ്യയുടെ മാതാപിതാക്കളും രണ്ടു കുട്ടികളുമാണ് അസ്വാഭാവികമായി മരിച്ചത്. ഇതില്‍ ആറു വര്‍ഷം മുമ്പു മരിച്ച ഒന്നര വയസുകാരി മകളെയൊഴിച്ച് മൂന്നു പേരെയും താന്‍ കൊലപ്പെടുത്തിയതാണെന്നാണ് സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. സംഭവങ്ങളുടെ വിശദാംശങ്ങള്‍ ഇന്നു വെളിപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.

എലിവിഷം നല്‍കിയാണ് മൂന്നു പേരെയും കൊലപ്പെടുത്തിയതെന്ന് സൗമ്യ പൊലീസിനോടു പറഞ്ഞു. ആദ്യം കൊലപ്പെടുത്തിയത് എട്ടു വയസുകാരിയായ മകളെയാണ്. മൂന്നു മാസം മുന്‍പാണിത്. വറുത്ത മീനില്‍ എലിവിഷം പുരട്ടി കുട്ടിക്കു നല്‍കുകയായിരുന്നു. ചോറിനൊപ്പം ചേര്‍ത്ത് താന്‍ തന്നെ ഇതു കുട്ടിയുടെ വായില്‍ വച്ചു കൊടുക്കുകയായിരുന്നുവെന്നാണ് സ്ൗമ്യയുടെ മൊഴി. 

അമ്മയ്ക്കു വിഷം നല്‍കിയത് രണ്ടു മാസം കഴിഞ്ഞാണ്. മീന്‍കറിയില്‍ വിഷം ചേര്‍ത്ത് അമ്മയ്ക്കു നല്‍കുകയായിരുന്നു. മകള്‍ മരിച്ച അതേ രീതിയില്‍ ഛര്‍ദി പിടിപെട്ട് അമ്മയും മരിച്ചപ്പോള്‍ നാട്ടുകാര്‍ സംശയം ഉന്നയിച്ചു. ഇത് മാറ്റാന്‍ കിണറ്റിലെ വെള്ളത്തില്‍ അമോണിയ ഉണ്ടെന്നു പറഞ്ഞു പ്രചരിപ്പിക്കുകയായിരുന്നു. 

അമ്മ മരിച്ച് ഒരു മാസം കഴിഞ്ഞാണ് അച്ഛനു വിഷം നല്‍കിയത്. ചോറിനൊപ്പം വിഷം കലര്‍ത്തിയ രസം കുടിക്കാന്‍ കൊടുക്കുകയായിരുന്നു. 

തുടര്‍ച്ചയായ മരണങ്ങളില്‍ വിവിധ കോണുകളില്‍നിന്ന് കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കിണറ്റിലെ വെള്ളം കുടിച്ച് തനിക്കും അജ്ഞാത രോഗം വന്നെന്നു സൗമ്യ പ്രചരിപ്പിച്ചു. പ്രദേശവാസികളായ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെയാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനൊടുവില്‍ ഒരാഴ്ച മുമ്പ് സൗമ്യ തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ സൗമ്യയ്ക്കു പ്രശ്‌നങ്ങളില്ലെന്നു കണ്ടെത്തിയത് പൊലീസിന്റെ അന്വേഷണം സൗമ്യയില്‍ കേന്ദ്രീകരിക്കാന്‍ കാരണമായി. 

തലശ്ശേരി ചോനാടത്തെ കശുവണ്ടി ഫാക്ടറിയില്‍ തൊഴിലാളിയായിരുന്നു സൗമ്യ. ഇവിടെ വച്ച് കൊല്ലം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായി. തുടര്‍ന്ന് ഒരുമിച്ചു ജീവിക്കുകയായിരുന്നു. ഇവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോയെന്നു സ്ഥിരീകരിച്ചിട്ടില്ല. രണ്ടാമത്തെ മകളുടെ ജനനത്തിനു ശേഷം ഇയാള്‍ സൗമ്യയെയും മക്കളെയും ഉപേക്ഷിച്ചുപോയതായാണ് വിവരം.

ഛര്‍ദ്ദിയെ തുടര്‍ന്നാണ് സൗമ്യയുടെ കുടുംബത്തിലെ നാലു പേരും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരം െ്രെകംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ അലുമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നാലുപേരുടെയും മരണത്തില്‍ ദുരൂഹത ബലപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT