കണ്ണൂര്‍: കൂടത്തായി കൊലപാതകപരമ്പര നാടിനെ നടുക്കുമ്പോള്‍ സയനൈഡ് ഉപയോഗിച്ച് 20 യുവതികളുടെ ജീവനെടുത്ത സയനൈഡ് മോഹന്‍ എന്ന പരമ്പരക്കൊലയാളിയുട ഓര്‍മ്മയിലാണ് ഉത്തരമലബാറുകാര്‍.
2004 മുതല്‍ 2009വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ കാസര്‍കോട്ടുകാരിയുള്‍പ്പടെ 20 യുവതികളെയാണ് കര്‍ണാടക പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായിരുന്ന മോഹന്‍ വകവരുത്തിയത്. ഇയാള്‍ നടത്തിയ 20 കൊലകളില്‍ 18 എണ്ണം തെളിഞ്ഞു. 15 കേസുകൡലായി വധശിക്ഷയും ജീവപര്യന്തവുമായി ജയിലാലാണ് ഇയാളിപ്പോള്‍. കേസ് വാദിക്കുന്നതും ഇയാള്‍ സ്വന്തമാണ്.
പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നഗരത്തിലെത്തി പീഡിപ്പിച്ച് സയനൈഡ് കഴിപ്പിച്ച് കൊലപ്പെടുത്തി ആഭരണങ്ങളുമായി മുങ്ങുന്നതാണ് ഇയാളുടെ രീതി. 2003 നും 2009 നുമിടയില്‍ ദക്ഷിണ കര്‍ണാടകയിലെ പല പട്ടണങ്ങളില്‍ നിന്നായി ഇരുപതോളം സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എല്ലാം തന്നെ ഇരുപതിനും മുപ്പതിനും ഇടയില്‍ വയസ്സ് പ്രായമുള്ളവരായിരുന്നു. എല്ലാ മൃതദേഹങ്ങളും കണ്ടടുത്തത് പട്ടണത്തിലെ ബസ് സ്റ്റാന്‍ഡിലെ ശുചിമുറികള്‍ക്ക് ഉള്ളില്‍ നിന്നായിരുന്നു. എല്ലാം തന്നെ ഉള്ളില്‍ നിന്ന് കുറ്റിയിട്ട അവസ്ഥയില്‍ ആയിരുന്നതിനാല്‍ വാതില്‍ തല്ലിപ്പൊളിച്ചായിരുന്നു ജഡം കണ്ടെടുത്തിരുന്നത്. എല്ലാവരും ധരിച്ചിരുന്നത് പട്ടുസാരിയായിരുന്നു. ഒരു ജഡത്തിലും ആഭരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എല്ലാ കേസിലെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ ഫലം പോലും ഒന്നായിരുന്നു. എല്ലാവരും മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നായിരുന്നു.
ഇത്രയും കാര്യങ്ങള്‍ ഈ കൊലപാതകങ്ങള്‍ക്കിടയില്‍ പൊതുവായി ഉണ്ടായിരുന്നിട്ടും ആറു വര്‍ഷത്തോളം പൊലീസുകാര്‍ അതേപ്പറ്റി അന്വേഷിച്ചില്ല. സയനൈഡ് എന്നത് ആത്മഹത്യക്ക് അങ്ങനെ പതിവായി ഉപയോഗിക്കാത്ത, അത്ര എളുപ്പം സ്ത്രീകള്‍ക്ക് കിട്ടാത്ത ഒരു വിഷമായിരുന്നിട്ടുകൂടി അന്വേഷണങ്ങളുണ്ടായില്ല. പത്തൊമ്പതാമത്തെ ഇര, അനിത ബാരിമാര്‍ കൊല്ലപ്പെട്ടതോടെയാണ് അന്വേഷണം ചൂടുപിടിക്കുന്നത്. അതിനു കാരണമാകുന്നത് ഒരു വര്‍ഗീയ കലാപത്തിന്റെ പടപ്പുറപ്പാടും. ബാംഗെറാ സമുദായാംഗമായിരുന്നു അനിത. ഒരു സുപ്രഭാതത്തില്‍ കാണാതായ അനിത ഒളിച്ചോടിയത് പ്രദേശത്തെ ഒരു മുസ്‌ലിം യുവാവുമായാണ് എന്നാരോപിച്ച് സംഗതി ഒരു ലഹളയുടെ വക്കുവരെ എത്തി. ബാംഗെറകള്‍ സംഘടിച്ച് പൊലീസ് സ്‌റ്റേഷന്‍ വളയുകയും, സ്‌റ്റേഷന് തീയിടും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തല്ക്കാലം ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് പൊലീസുകാര്‍ അവരെ മടക്കിയയച്ചു. എന്തായാലും, അന്വേഷണം അതോടെ ചൂടുപിടിച്ചു.
പോലീസ് അനിതയുടെ കാള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. കാണാതാവുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അനിത രാത്രി ഏറെ വൈകിയും ഒരു അജ്ഞാത നമ്പറിലേക്ക് വിളിച്ച് മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ഈ നമ്പര്‍ ട്രേസ് ചെയ്തു വന്നതോടെ പൊലീസ് വീണ്ടും കുഴങ്ങി. അത് കാവേരി മങ്കു എന്ന മടിക്കേരി സ്വദേശിയായ ഒരു യുവതിയുടേതായിരുന്നു. ആ യുവതിയെയും മാസങ്ങളായി കാണ്മാനില്ല എന്നതായിരുന്നു പൊലീസിനെ കൂടുതല്‍ സംശയത്തിലാക്കിയത്. പൊലീസ് അടുത്തതായി പരിശോധിച്ചത് ആ നമ്പറിന്റെ കോള്‍ റെക്കോര്‍ഡുകളാണ്. അതില്‍, കാവേരിയുടെ കുടുംബക്കാര്‍ക്ക് അറിയാത്ത ഒരു നമ്പറില്‍ നിന്ന് നിരവധി കോളുകള്‍ വന്നതായി കണ്ടു. ഈ നമ്പറാകട്ടെ കാസര്‍കോട് സ്വദേശി പുഷ്പ വാസുകോടയുടേതായിരുന്നു. അതും മാസങ്ങളായി കാണ്മാനില്ലാത്ത ഒരു യുവതി. അതിലെ കോള്‍ റെക്കോര്‍ഡുകള്‍ പൊലീസിനെ കാണാതായ മറ്റൊരു യുവതി, വിനുത പിജിന എന്ന പുത്തൂര്‍ സ്വദേശിയിലേക്കെത്തിച്ചു. അങ്ങനെ ആ ലീഡുകള്‍ ഒന്നിന് പിറകെ ഒന്നായി കാണ്മാനില്ലാത്ത പല യുവതികളിലേക്കും നീണ്ടു.
അതോടെ പൊലീസിന് ഒരു കാര്യം ബോധ്യമായി. ഇത് ഒരു 'സീരിയല്‍ കില്ലിങ്ങ്' ആണ്. അതോടെ സൈബര്‍ അനലിറ്റിക്‌സ് വിങ്ങിന്റെ സഹായം പൊലീസ് തേടി. അതുവരെ ലഭ്യമായ സകല കോള്‍ റെക്കോര്‍ഡുകളും ഒന്നിച്ചു ചേര്‍ത്ത് ശാസ്ത്രീയമായ വിശകലനങ്ങള്‍ നടത്താന്‍ പൊലീസ് തയ്യാറായി. അതില്‍ നിന്നാണ് നിര്‍ണായകമായ മറ്റൊരു വിവരം പൊലീസിന് കിട്ടുന്നത്. ഈ സിമ്മുകള്‍ എല്ലാം തന്നെ എന്നെങ്കിലും ഒരിക്കല്‍ മംഗളൂരുവിന് അടുത്തുള്ള ദേരളകട്ട എന്ന പട്ടണത്തില്‍ വെച്ച് ആക്റ്റീവ് ആയിരുന്നു. അതോടെ പൊലീസ് പല സംഘങ്ങളായി പിരിഞ്ഞ് ദേരളകട്ടയിലെ സകല ലോഡ്ജുകളും കേറിയിറങ്ങി പരിശോധിച്ചു.
ആ ഘട്ടത്തില്‍ പോലീസ് കരുതിയത് അത് ഏതോ ഒരു 'പ്രോസ്റ്റിട്യൂഷന്‍ റാക്കറ്റ്' ആണെന്നായിരുന്നു. അതായിരുന്നു അവരുടെ ഹോട്ടല്‍ റെയ്ഡുകള്‍ക്ക് പിന്നിലെ പ്രേരണ. ആ റെയ്ഡുകള്‍ പുരോഗമിക്കെ പൊലീസിന് സൈബര്‍ സെല്ലില്‍ നിന്ന് ഏറെ നിര്‍ണായകമായ ഒരു വിവരം കിട്ടുന്നു. മേല്‍പ്പറഞ്ഞ സിമ്മുകളില്‍ ഒന്ന്, കാവേരിയുടെ ഫോണ്‍, ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ്, ദേരളകട്ടയില്‍ വെച്ച് ആക്റ്റീവ് ആയിട്ടുണ്ട്. ആ വിവരത്തെ പിന്തുടര്‍ന്ന് ചെന്ന പൊലീസ് പിടികൂടിയത്, ധനുഷ് എന്ന ഒരു ചെറുപ്പക്കാരനെയാണ്.
പൊലീസിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ വിരണ്ടുപോയ ആ പയ്യന്‍, തനിക്ക് കാണാതായ യുവതികളെപ്പറ്റി യാതൊന്നുമറിയില്ല എന്ന് വ്യക്തമാക്കി. ആ ഫോണും സിമ്മും തനിക്ക് തന്റെ അമ്മാവനായ മോഹന്‍ കുമാര്‍ എന്ന മോഹന്‍ മാസ്റ്റര്‍ തന്നതാണ് എന്നും അവന്‍ പൊലീസിനോട് പറഞ്ഞു. അതോടെ, ഒന്നുകില്‍ ഒരു മാംസക്കച്ചവടറാക്കറ്റ്, അല്ലെങ്കില്‍ ഒരു സീരിയല്‍ കില്ലര്‍. രണ്ടിലൊന്നിന്റെ തൊട്ടടുത്ത് തങ്ങളെത്തി എന്ന് പൊലീസിന് ഉറപ്പായി. അത് രണ്ടാമത്തേതായിരുന്നു. ഒരു സീരിയല്‍ കില്ലര്‍. മോഹന്‍ മാസ്റ്റര്‍ എന്ന സീരിയല്‍ കില്ലര്‍. ആ സമയത്ത് പുതുതായി പരിചയപ്പെട്ട യുവതിയുമായുള്ള പ്രണയഭാഷണങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്ന മോഹന്‍ കുമാറിനെ പൊലീസ് സ്‌റ്റേഷനിലേക്ക് മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എന്ന ഭാവേന വിളിച്ചു വരുത്തി, അറസ്റ്റുചെയ്തു
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates