ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ശബരിമല വിഷയത്തില്‍ നഷ്ടമായ വിശ്വാസികളുടെ പിന്തുണ തിരികെ കൊണ്ടുവരാന്‍ സിപിഎം കേന്ദ്ര കമ്മറ്റിയുടെ നിര്‍ദ്ദേശം. അതിനാവശ്യമായ നടപടികള്‍ സംസ്ഥാന കമ്മറ്റിക്ക് തീരുമാനിക്കാമെന്നും സിസി നിര്‍ദ്ദേശിച്ചു. കേരളത്തില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ട് നഷ്ടമായെന്നും യോഗം വിലയിരുത്തി. മൂന്ന് ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റിയോഗം തെരഞ്ഞടുപ്പ് പരാജയം വിശദമായി ചര്‍ച്ച ചെയ്തു.
തോല്‍വിയുടെ പശ്ചാത്തലത്തില്‍ 11 ഇന കര്‍മ പരിപാടിക്ക് സിപിഎം കേന്ദ്രകമ്മറ്റി അംഗീകാരം നല്‍കി. പാര്‍ട്ടിയില്‍നിന്ന് വഴിമാറിയ വോട്ടര്‍മാരെ തിരിച്ചുകൊണ്ടുവരിക, കേരളത്തിലെ വിശ്വാസികളെ സാഹചര്യം ബോധ്യപ്പെടുത്തി കൂടെ നിര്‍ത്തുക, പാര്‍ട്ടി അടിത്തറ ശക്തമാക്കുക, സംഘടനാ ദൗര്‍ബല്യം മറികടക്കുക, വര്‍ഗ ബഹുജനങ്ങളെ ശക്തിപ്പെടുത്തി ബഹുജനമുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുക, ദേശീയ തലത്തില്‍ ഇടത് ഐക്യം ശക്തിപ്പെടുത്തുക, ബിജെപിക്കെതിരെ മതേതരകൂട്ടായ്മകള്‍ വിപുലപ്പെടുത്തുക തുടങ്ങിയ പതിനൊന്നിന കര്‍മ്മ പരിപാടികള്‍ക്കാണ് സിസി അംഗീകാരം നല്‍കിയത്.
2015ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംഘടനാ പ്ലീനം കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് വീഴ്ചയുണ്ടായാതായും സിസി വിലയിരുത്തി. സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ജനകീയ അടിത്തറ വിപുലമാക്കുന്നതിനുമായിരുന്നു പ്ലീനം വിളിച്ചുചേര്‍ത്തത്. എന്നാല്‍ പ്ലീനതീരുമാനങ്ങള്‍ സംസ്ഥാനഘടകങ്ങള്‍ ശരിയായി നടപ്പാക്കിയില്ലെന്നും അക്കാര്യം പുനപരിശോധിക്കണമെന്നും സംസ്ഥാനഘടകങ്ങളോട് ആവശ്യപ്പെട്ടു. നടപ്പാക്കിയ തീരുമാനങ്ങള്‍ ഏതൊക്കെയെന്ന് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും സിസി സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിന് ശേഷം ആവശ്യമെങ്കില്‍ പ്ലീനം വീണ്ടും വിളിച്ചുചേര്‍ക്കും അല്ലെങ്കില്‍ വിപുലീകൃത കേന്ദ്രകമ്മറ്റിയോഗം വിളിച്ചുചേര്‍ക്കാനുമാണ് തീരുമാനം
കോണ്‍ഗ്രസുമായി ധാരണയില്ലെങ്കിലും പാര്‍ലമെന്റില്‍ ഒന്നിച്ചു നില്‍ക്കും. കോയമ്പത്തൂരില്‍ നിന്നുള്ള എംപി പിആര്‍ നടരാജനെ ലോക്‌സഭയിലെ സിപിഎം കക്ഷി നേതാവായി കേന്ദ്രകമ്മറ്റി യോഗം തെരഞ്ഞടുത്തു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates