കോഴിക്കോട്: ശബരിമല പ്രശ്‌നം സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിച്ചേക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രളയപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. അതുകൊണ്ട് വിവേകപൂര്‍വം പെരുമാറാനുളള ചിന്ത പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തോമസ് ഐസക്ക് പറഞ്ഞു.
ശബരിമല ഉള്‍പ്പെടെയുളള അമ്പലങ്ങളില്‍ കാണിക്ക ഇടരുതെന്ന വലിയ പ്രചാരണം നടക്കുകയാണ്. ഇത് അമ്പലങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കിയേക്കാം. നിശ്ചയമായും അമ്പലങ്ങളുടെ ആവശ്യങ്ങള്‍ക്ക് കുറവ് വരരുത്. അപ്പോള്‍ സര്‍ക്കാരിന്റെ ബാധ്യത വര്‍ധിക്കും. നിലവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അല്ലാതെ ഭരണനിര്‍വഹണത്തിന് മാത്രമായി അമ്പലങ്ങള്‍ക്ക് 50 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഒരു പക്ഷേ കൂടുതല്‍ നല്‍കേണ്ടി വരാമെന്ന് മന്ത്രി പറഞ്ഞു.
ശബരിമലദര്‍ശനത്തിനായി ഇത്രയും ആളുകള്‍ കേരളത്തിലേക്ക് വരുമ്പോള്‍ അവര്‍ ദര്‍ശനം കഴിഞ്ഞ് ഒരു ദിവസം കേരളത്തില്‍ തങ്ങിയിട്ട് പോകുന്നതാണ് പതിവ്. എന്നാല്‍ ഇന്നത്തെ അന്തരീക്ഷം ഇതിനെയെല്ലാം പ്രതികൂലമായി ബാധിച്ചേക്കാം. അല്ലെങ്കില്‍ തന്നെ സന്ദര്‍ശകരുടെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് വ്യാപാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രളയമാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവുണ്ടായി. ഇത് സര്‍ക്കാരിനെ ബാധിക്കാമെന്ന് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു.
തൊഴില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണ്. പ്രളയപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ഈ പ്രതികൂല സാഹചര്യം ബാധിക്കാം. ഇതൊക്കെ മനസ്സിലാക്കി വിവേകപൂര്‍വം പെരുമാറാനുളള ചിന്ത പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഉണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates