Kerala

ശബരിമല: യുഡിഎഫിന് സര്‍വനാശം സംഭവിക്കും,  വോട്ട് ബിജെപിക്കു പോവും; എല്‍ഡിഎഫിന് ഒരു ചുക്കും പറ്റില്ലെന്ന് വെള്ളാപ്പള്ളി

ശബരിമല സമരത്തിനു പിന്നില്‍ സവര്‍ണ ലോബിയാണെന്ന് വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ശബരിമല സമരത്തിന്റെ ഫലമായി യുഡിഎഫിന് സര്‍വനാശം സംഭവിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവരുടെ കുറെ വോട്ടുകള്‍ ബിജെപിക്കു പോവും. എല്‍ഡിഎഫിന് ഇതുകൊണ്ടൊന്നും ഒരു ചുക്കും സംഭവിക്കില്ലെന്ന് വെള്ളാപ്പള്ളി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ശബരിമല സമരത്തിനു പിന്നില്‍ സവര്‍ണ ലോബിയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. കൂടിയാലോചനകളില്ലാതെയാണ് സമരത്തിനു തീരുമാനമെടുത്തത്. ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണ് ഇതിനു പിന്നില്‍. തിരുവനന്തപുരത്തു നടന്ന അയ്യപ്പ ഭക്ത സംഗമത്തിനു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മാതാ അമൃതാനന്ദമയി പങ്കെടുത്തതുകൊണ്ടാണ് സംഗമത്തില്‍ ആളുകള്‍ എത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഒന്നിപ്പിക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ മാറിനിന്നവര്‍ ഇപ്പോള്‍ ഹിന്ദു ഐക്യത്തിന്റെ മുന്നണിപ്പോരാളികളായി വന്നിരിക്കുകയാണ്. ഇവര്‍ പറയുന്ന ഹിന്ദു ഐക്യത്തില്‍ പേരിനു മാത്രമാണ് പിന്നാക്കക്കാരനു പ്രാതിനിധ്യമുള്ളത്. 
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 94 ശതമാനം സവര്‍ണരാണ്. ഇതു ചൂണ്ടിക്കാണിച്ചാല്‍ ചര്‍ച്ചയാവില്ല. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുന്നൂറു ജീവനക്കാരുണ്ട്. ഒരാളു പോലും പിന്നാക്കക്കാരനില്ല. മലബാര്‍ ദേവസ്വം ബോര്‍ഡിലും ഇതാണ് സ്ഥിതി. ഗുരുവായൂരില്‍ ആനപ്പിണ്ടം പെറുക്കാന്‍ പോലും പട്ടികജാതിക്കാരനില്ല. പതിനഞ്ചു ശതമാനമുള്ള സവര്‍ണരുടെ സര്‍വാധിപത്യമാണ് ഇവിടെയെല്ലാം- വെള്ളാപ്പള്ളി പറഞ്ഞു. 

ഹിന്ദു ഐക്യമാണ് ലക്ഷ്യമെങ്കില്‍ എസ്എന്‍ഡിപി യോഗത്തോട് ആലോചിക്കണം. ടിപി സെന്‍കുമാറിനെ എസ്എന്‍ഡിപി പ്രതിനിധിയായി കാണുന്നില്ല. ചിലരുടെ ഉള്ളില്‍ ഇപ്പോഴും ചാതുര്‍വര്‍ണ്യമുണ്ട്. പിന്നാക്കക്കാരനെ ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എന്‍എസ്എസിന്റെ സമദൂരം എന്തെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായിട്ടുണ്ടെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.

സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. ആ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറഞ്ഞത്. എന്നാല്‍ യുവതീ പ്രവേശനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനു പിഴവു പറ്റിയിട്ടുണ്ട്. വനിതാ മതിലിനു പിറ്റേന്നു തന്നെ ശബരിമലയില്‍ യുവതികളെ കയറ്റിയത് തെറ്റായ നടപടിയാണ്. മല കയറിയ നശൂലങ്ങള്‍ക്കു വീട്ടില്‍പോലും കയറാനാവുന്നില്ല. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അതു നടന്നതെന്നു കരുതുന്നില്ല. അത്രയ്ക്കു ബുദ്ധിയില്ലാത്തയാളല്ല പിണറായി വിജയന്‍. സുപ്രിം കോടതിയില്‍ 51 പേരുടെ പട്ടിക നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് കരുതുന്നതെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. കേരളത്തില്‍ ബിഡിജെഎസിന് സ്വതന്ത്ര രാഷ്ട്രീയ നിലപാടെടുക്കാന്‍ അധികാരമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT