Kerala

ശബരിമലയില്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്: കടത്തിവിടേണ്ടതില്ലെന്ന് പൊലീസ് യോഗത്തില്‍ തീരുമാനം

ചിത്തിര ആട്ട പൂജയ്ക്കായി ശബരിമല നാളെ തുറക്കാനിരിക്കെ,മാധ്യമങ്ങളെ ഇന്ന് പമ്പയിലേക്ക് കടത്തിവിടേണ്ടതില്ലെന്ന് പൊലീസ് തീരുമാനം

സമകാലിക മലയാളം ഡെസ്ക്

പമ്പ: ചിത്തിര ആട്ട പൂജയ്ക്കായി ശബരിമല നാളെ തുറക്കാനിരിക്കെ,
മാധ്യമങ്ങളെ ഇന്ന് പമ്പയിലേക്ക് കടത്തിവിടേണ്ടതില്ലെന്ന് പൊലീസ് തീരുമാനം. നാളെ രാവിലെ കടത്തിവിടാമെന്ന് പമ്പയില്‍ ചേര്‍ന്ന പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. മാധ്യമങ്ങള്‍ക്ക് ഇന്ന് നിലയ്ക്കലിന് അപ്പുറത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഐജി അശോക് യാദവ് വ്യക്തമാക്കി. യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. 

നട തുറക്കാത്ത സാചര്യത്തില്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ല എന്നാണ് പൊലീസിന്റെ തീരുമാനം. മറ്റുകാരണങ്ങള്‍ ഒന്നുംതന്നെയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പമ്പ നിലയ്ക്കല്‍ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അശോക് യാദവ്. 

മാധ്യമങ്ങളെ തടയില്ലെന്നും റിപ്പോര്‍ട്ടിങ് അനുവദിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പറഞ്ഞിരുന്നു. സുരക്ഷാ ക്രമീകരണം പൂര്‍ത്തിയായാല്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കും. ഭക്തരുടെയും മാധ്യമപ്രവര്‍ത്തകരുടെയും താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് പൊലീസ് നടപടി. മാധ്യമപ്രവര്‍ത്തകര്‍ പൊലീസിനോട് സഹകരിക്കണമെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചിരുന്നു. 

ശബരിമല നട തിങ്കളാഴ്ച തുറക്കുമ്പോള്‍ റിപ്പോര്‍ട്ടിങ്ങിനായി വനിതാ മാധ്യമ പ്രവര്‍ത്തകരെ അയക്കരുതെന്ന് മാധ്യമസ്ഥാപനങ്ങളിലേക്ക് ഹിന്ദു സംഘടനകള്‍ കത്തയച്ചിരുന്നു. ശബരിമല കര്‍മ സമിതിയാണ് ഈ നിര്‍ദേശം മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന വിശ്വ ഹിന്ദു പരിഷത് ഉള്‍പ്പടെയുള്ള സംഘടനകളുടെ കൂട്ടായ്മയാണ് ശബരിമല കര്‍മ സമിതി.

റിപ്പോര്‍ട്ടിങ്ങിനായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തുന്നത് സ്ഥിതിഗതികള്‍ വഷളാവാന്‍ ഇടയാക്കുമെന്ന് മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്ക് എഴുതിയ കത്തില്‍ ശബരിമല കര്‍മ സമിതി അവകാശപ്പെടുന്നു. വിശ്വാസികളുടെ നിലപാടിനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് ഉണ്ടെന്നും എന്നാല്‍ പ്രകോപനപരമായ നിലപാടുകള്‍ കൈകൊള്ളില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

യുവതികള്‍ക്ക് പ്രവേശനം നല്‍കുന്ന കോടതി വിധി ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വിശ്വാസത്തിന് എതിരാണെന്നും ലോകത്തിന്റെ പലഭാഗത്ത് നിന്നുമുള്ള അയ്യപ്പഭക്തര്‍ സമരത്തിന്റെ പാതയിലാണെന്നും കര്‍മ സമിതി അവകാശപ്പെടുന്നു. കോടതി വിധിക്ക് എതിരായുള്ള പുനഃപരിശോധന ഹര്‍ജികള്‍ ഈ മാസം 13ന് പരിഗണിക്കാരിനിരിക്കെ ജനവികാരത്തെ മാനിക്കാതെ പൊലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.

പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം, കഴിഞ്ഞ തവണ മാസപൂജയ്ക്കായി അഞ്ച് ദിവസം നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളിലെ അടക്കം വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT