തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതെന്ന് സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പ് നല്‍കുന്നു.ലഭ്യമായ വെള്ളം കരുതലോടെ വിനിയോഗിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും മു്ന്നറിയിപ്പില്‍ പറയുന്നു.
ഇവിടങ്ങളില്‍ ഭൂഗര്‍ഭ ജലത്തില്‍ ഗണ്യമായ കുറവ് ഉണ്ടായതായി സിഡബ്ല്യുആര്‍ഡിഎം പരിശോധനയില്‍ കണ്ടെത്തി. നദികളില്‍ നീരൊഴുക്ക് നിലയ്ക്കുകയും വറ്റാനും ആരംഭിച്ചു. കിണറുകളിലെ ജലനിരപ്പും ആശങ്കാജനകമാംവിധം താഴുകയാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ലഭ്യമാകേണ്ട മഴയുടെ അളവിലുണ്ടായ സാരമായ കുറവാണ് ജലക്ഷാമത്തിലെത്തിച്ചത്. 38 ശതമാനം വരെയാണ് കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴയുടെ കുറവ് രേഖപ്പെടുത്തിയത്.
മാര്‍ച്ച് ആദ്യവാരം വരെയുള്ള നിരീക്ഷണം അനുസരിച്ച് ഭൂഗര്‍ഭജലവിതാനം ഗണ്യമായി താഴുകയാണ്. തുലാവര്‍ഷത്തില്‍ 15 ശതമാനം കുറവുണ്ടായ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം ഒരുമീറ്റര്‍ വരെ താഴ്ന്നു. കോഴിക്കോട്ടെ സ്ഥിതി ഇതാണെങ്കില്‍ 38 ശതമാനം മഴകുറവുണ്ടായ ഇടങ്ങളില്‍ ഭൂഗര്‍ഭജല വിതാനത്തിലെ ഇടിവ് ഇതിനേക്കാള്‍ കൂടുതലായിരിക്കും. ഉയര്‍ന്ന താപനില ബാഷ്പീകരണ തോത് ക്രമാതീതമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതും വെള്ളത്തിന്റെ അളവ് കുറയാനിടയാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിലും മാര്‍ച്ച് ആദ്യവാരവും സംസ്ഥാനത്ത് കാര്യമായി മഴയുണ്ടായില്ല. ആഗസ്തിലെ പ്രളയശേഷവും സംസ്ഥാനത്ത് കാര്യമായി മഴ ലഭിച്ചിട്ടില്ല.
മഴ ലഭ്യതയിലെ കുറവിനുപുറമേ നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍, വനവിസ്തൃതിയിലുണ്ടായ കുറവും ഭൂഗര്‍ഭജല പരിപോഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ഭൂര്‍ഗര്‍ഭ ജലം താഴ്ന്നതും ജലസ്രോതസ്സുകള്‍ വറ്റുന്നതും ഗൗരവത്തില്‍ എടുക്കണമെന്ന് സിഡബ്ല്യുആര്‍ഡിഎം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വി പി ദിനേശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates