കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉടൻ ആരാധനാലയങ്ങൾ തുറക്കില്ലെന്ന നിലപാടുമായി കൂടുതൽ പള്ളികൾ. കോഴിക്കോട് നടക്കാവ് പുതിയ പള്ളിയും കണ്ണൂരിലെ അബ്റാർ മസ്‍ജിദും തുറക്കില്ല. എറണാകുളം ജില്ലയിലെ പള്ളികൾ തുടർന്നും അടിച്ചിടുമെന്ന് വിവിധ മുസ്ലീം ജമാഅത്തുകളുടെ യോഗത്തിൽ തീരുമാനം. കോഴിക്കോട് മൊയ്‍തീൻ പള്ളിയും തിരുവനന്തപുരം പാളയം ജുമാ മസ്‍ജിദും കോവിഡ് പശ്ചാത്തലത്തിൽ തുറക്കില്ല.
മാർഗ നിർദേശം പാലിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടക്കാവ് പുതിയ പള്ളി ഉടൻ തുറക്കാത്തതെന്നാണ് വിശദീകരണം. തീർത്ഥാടകരെ നിരീക്ഷിക്കുന്നത് പ്രയാസകരമായതിനാൽ കണ്ണൂരിലെ അബ്റാർ മസ്‍ജിദ് തുറക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. നഗരത്തിലേക്ക് പലയിടങ്ങളിൽ നിന്നും ആളുകളെത്തുന്നതിനാൽ ഇവരെ നിരീക്ഷിക്കാൻ പ്രയാസമാകും എന്നാണ് വിലയിരുത്തൽ.
നിയന്ത്രണങ്ങൾ പാലിച്ച് പളളികൾ തുറക്കുന്നതിന് അസൗകര്യം ഉള്ളതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികൾ തുറക്കേണ്ടതില്ലെന്ന് മൊയ്തീൻ പള്ളി പരിപാലന സമിതി അറിയിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് എറണാകളം ജില്ലയിൽ പള്ളി തുറക്കേണ്ടെന്ന് തീരുമാനിച്ചത്. നാടിന്റെ പൊതു നന്മയ്ക്കായി സമൂഹ പ്രാർഥന ത്യജിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്ന് നേതാക്കൾ പറഞ്ഞു.
തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തത്കാലം തുറക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ജുമാ മസ്ജിദ് തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാഅത് പരിപാലന സമിതി വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates