Kerala

സഭാ തര്‍ക്കം; ഒരാഴ്ചയായിട്ടും 84 കാരിയുടെ മൃതദേഹം സംസ്‌കരിച്ചില്ല

ഓര്‍ത്തഡോക്‌സ് പക്ഷത്തെ സമീപിക്കാതെ യാക്കോബായ പക്ഷം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സഭാതര്‍ക്കത്തെ തുടര്‍ന്ന് ഒരാഴ്ചയായിട്ടും പരേതയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ കുടുംബാംഗങ്ങള്‍. കായംകുളം കാദിശാ പള്ളി ഇടവകാംഗവും യാക്കോബായ വിശ്വാസിയുമായ കോട്ടയില്‍ മറിയാമ്മ ഫിലിപ്പിന്റെ (84) മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുമതി തേടി മകന്‍ മാത്യു ഫിലിപ്പ് സമര്‍പ്പിച്ച ഉപഹര്‍ജി ഹൈക്കോടതി തള്ളുമെന്നായപ്പോള്‍ പിന്‍വലിച്ചു.

ഈ മാസം മൂന്നിന് നിര്യാതയായ മറിയാമ്മയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഓര്‍ത്തഡോക്‌സ് പക്ഷം എതിര്‍പ്പുയര്‍ത്തിയതോടെയാണ് സംസ്‌ക്കാരം മുടങ്ങിയിട്ടുള്ളത്.

മറിയാമ്മയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുമതി തേടി ഇടവകാംഗങ്ങള്‍ തിങ്കളാഴ്ച സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് സുനില്‍ തോമസ് തീര്‍പ്പാക്കിയിരുന്നു. കാദീശ പള്ളി 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ട പള്ളിയാണെന്നും ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിക്കുന്നവര്‍ക്ക് മാത്രമേ സെമിത്തേരിയില്‍ സംസ്‌ക്കാരത്തിന് അവകാശമുള്ളുവെന്നും തങ്ങളുടെ വികാരിയെ സമീപിച്ചാല്‍ മാന്യമായ സംസ്‌ക്കാരം ഉറപ്പാക്കുമെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു. ഇത് രേഖപ്പെടുത്തിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

ഓര്‍ത്തഡോക്‌സ് പക്ഷത്തെ സമീപിക്കാതെ യാക്കോബായ പക്ഷം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഭരണഘടനയുടെ അനുഛേദം 25 പ്രകാരം പൗരന് ഇഷ്ടമുള്ള വിശ്വാസം പിന്തുടരാന്‍ അവകാശം ഉണ്ടെന്നും ഇടവകാംഗത്തിന് സെമിത്തേരിയില്‍ അടക്കത്തിന് അവകാശം ഉണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

സെമിത്തേരിയില്‍ രണ്ടു വിഭാഗം വൈദികരുടെ സാന്നിധ്യം വേണ്ടെന്നും മറ്റെവിടെയെങ്കിലും ശുശ്രൂഷയ്ക്ക് ശേഷം അടക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു മകന്റെ ആവശ്യം. സമാന്തര സംവിധാനം പാടില്ലെന്ന് സുപ്രീം കോടതി ഈ മാസം രണ്ടിന് പുറപ്പെടുവിച്ച ഉത്തരവില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും മേല്‍ക്കോടതി വിധി ലംഘിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തര്‍ക്കത്തിന്റെ മുഴുവന്‍ നിയമ വശങ്ങളും പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി വിധിയെന്നും കോടതി ചൂണ്ടിക്കാട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT