കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെ വാര്‍ത്താ സമ്മേളനത്തില്‍ അതിരൂക്ഷമായി വിമര്‍ശിച്ച നടന്‍ സിദ്ദിഖിനെതിരെ താര സംഘടനയായ അമ്മയില്‍ എതിര്‍പ്പു ശക്തമാവുന്നു. അമ്മ എക്‌സിക്യൂട്ടിവിന്റെ അനുമതിയില്ലാതെയാണ് സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തിയതെന്നും സംഘടനയെ പൊതുസമൂഹത്തില്‍ മോശമാക്കുന്നതാണ് നടപടിയെന്നും സംഘടനാ ഭാരവാഹികളില്‍ ഒരു വിഭാഗം പറയുന്നു. എതിര്‍പ്പു ശക്തമായ പശ്ചാത്തലത്തില്‍ 19ന് അമ്മ എക്‌സിക്യുട്ടിവിന്റെ അടിയന്തര യോഗം ചേരും.
സംഘടനയുടെ ഔദ്യോഗിക വക്താവ് ജഗദീഷ് ആണെന്നിരിക്കെ, ജഗദീഷ് വാര്‍ത്താക്കുറിപ്പിറക്കിയതിനു പിന്നാലെ സെക്രട്ടറിയായ സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തേണ്ടതില്ലായിരുന്നുവെന്നാണ് ഭൂരിപക്ഷം എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളും കരുതുന്നത്. എക്‌സിക്യുട്ടിവിന്റെ അനുമതിയില്ലാതെയാണ് സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തിയത്. അമ്മയുടെ ഔദ്യോഗിക നിലപാട് ഇതാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് സിദ്ദിഖ് വാര്‍ത്താ സമേളനം നടത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ ജഗദീഷ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തു. സംഘടനയില്‍ ഭിന്നിപ്പുണ്ടെന്ന തോന്നലാണ് ഇതുണ്ടാക്കിയതെന്ന് എക്‌സിക്യുട്ടിവ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കെപിഎസി ലളിതയെ ഒപ്പമിരുത്തിയാണ് സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തിയത്. സംഘടനയെ കരുവാക്കി സ്വന്തം താത്പര്യങ്ങളാണ് സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഡബ്ല്യുസിസിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സിദ്ദിഖ് നടത്തിയത്. അമ്മ ഇത്തരമൊരു നിലപാടല്ല അവരോടു സ്വീകരിച്ചിട്ടുള്ളതെന്ന് എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പൊതുസമൂഹത്തില്‍ അമ്മയെ മോശമാക്കുന്ന പ്രതികരണമാണ് സിദ്ദിഖില്‍ നിന്നുണ്ടായത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എക്‌സിക്യുട്ടിവ് കമ്മിറ്റി യോഗം ചേരും. പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്തേക്കുപോവുന്നതിനു മുമ്പായി 19ന് തന്നെ യോഗം ചേരാനാണ് തീരുമാനം.
അതിനിടെ, കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക്, കേസിലെ പ്രതിയായ നടന്‍ ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നു അമ്മ സെക്രട്ടറിയായ നടന്‍ സിദ്ദിഖ് പൊലീസിനു നല്‍കിയ മൊഴി പുറത്തായി. ദിലീപ് കാരണം നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നു തനിക്ക് അറിയാമെന്നാണ്, കേസുമായി ബന്ധപ്പെട്ട് സിദ്ദിഖ് പൊലീസിനു മൊഴി നല്‍കിയത്. ദിലീപ് കാരണം നടിക്ക് എവിടെയാണ് അവസരം നഷ്ടമായത് എന്നായിരുന്നു, ഡബ്ല്യുസിസിക്കു മറുപടി പറയാനായി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി്ദ്ദിഖ് ചോദിച്ചത്.
നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെങ്കില്‍ അതിനു കാരണക്കാരനാരെന്ന് തുറന്നു പറയണമെന്നായിരുന്നു വാര്‍ത്താ സമ്മളനത്തില്‍ സിദ്ദിഖ് പറഞ്ഞത്. ദിലീപ് പറഞ്ഞതനുസരിച്ച് ഏതു സംവിധായകനാണ് അവസരം നഷ്ടപ്പെടുത്തിയതെന്നു നടി തുറന്നു പറയട്ടെയെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ സിദ്ദിഖ് വെല്ലുവിളിച്ചിരുന്നു. നടിയും ദിലീപും തമ്മിലുള്ള തര്‍ക്കത്തില്‍ താന്‍ ഇപെട്ടിരുന്നുവെന്ന് സിദ്ദിഖ് മൊഴില്‍ പറഞ്ഞിട്ടുണ്ട്. നടിയും ദിലീപും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. സിനിമ അവസരങ്ങള്‍ ഇല്ലാതാക്കുന്ന നടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദിലീപിനോട് ചോദിച്ചിരുന്നു. എന്നാല്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതായും പൊലീസിനു നല്‍കിയ മൊഴിയില്‍ അന്ന് സിദ്ദിഖ് വ്യക്തമാക്കി.
ഹോട്ടല്‍ അബാദ് പ്ലാസയിലുള്ള സ്‌റ്റേജ് ഷോക്കിടെ നടന്ന തര്‍ക്കത്തിലും താന്‍ ഇടപെട്ടിരുന്നുവെന്ന് പൊലീസിനോട് സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തിനിടെ ഇതു സംബന്ധിച്ച് മാധ്യപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തില്‍ നിന്ന് സിദ്ദിഖ് ഒഴിഞ്ഞു മാറുകയായിരുന്നു. കോടതിയുടെ പരിധിയിലിരിക്കുന്ന കേസിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates